മദ്യ വിൽപ്പന കേന്ദ്രത്തിന് മുന്നിൽ പരസ്യ മദ്യപാനം, സൗകര്യമൊരുക്കി അനധികൃത വ്യാപാര സ്ഥാപനങ്ങൾ

തിരുവനന്തപുരം: സർക്കാർ മദ്യ വിൽപ്പന കേന്ദ്രത്തിന് മുന്നിൽ പരസ്യ മദ്യപാനത്തിന് അനധികൃത വ്യാപാര സ്ഥാപനങ്ങൾ അവസരമൊരുക്കുന്നതായി പരാതി. സ്ത്രീകളും കുട്ടികളുമടക്കമുളളവർ കടന്ന് പോകുന്ന പൊതു നിരത്തിലാണ് പരസ്യ മദ്യപാനം പൊടിപൊടിക്കുന്നതെന്നാണ് ആരോപണം.
പാറശ്ശാല ബ്ലോക്ക് ഓഫീസ് റോഡിൽ സ്ഥിതി ചെയ്യുന്ന ബിവറേജസ് കോർപ്പറേഷന്റെ മദ്യ വിൽപ്പന കേന്ദ്രത്തിന് മുന്നിലാണ് അനധികൃത മദ്യപാനം നടക്കുന്നതായി പരാതി ഉയർന്നിരിക്കുന്നത്. മദ്യ വിൽപ്പന കേന്ദ്രത്തിന് മുന്നിലായി പ്രവർത്തിക്കുന്ന താൽക്കാലിക വിൽപ്പന കേന്ദ്രങ്ങളാണ് മദ്യപാനത്തിനുളള സൗകര്യം ഒരുക്കി നൽകുന്നത്. മദ്യം വാങ്ങി പുറത്തേക്ക് വരുന്നവർക്കായി ഇവിടെ പ്രത്യേക മേശ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ആവശ്യമുളള ഗ്ലാസ്സ്, വെളളം എന്നിവയും നൽകുന്നുണ്ട്.
പാറശ്ശാല പോലീസ് സ്‌റ്റേഷനിൽ നിന്ന് കുറച്ച് അകലെയാണ് ഇത്തരത്തിൽ പരസ്യ മദ്യപാനം നടക്കുന്നത്. പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, സിവിൽ സ്റ്റേഷൻ, ഗ്രാമീണ കോടതി എന്നിവ പ്രവർത്തിക്കുന്നതിന് സമീപത്ത് നടക്കുന്ന മദ്യപാനം സംബന്ധിച്ച് പ്രദേശവാസികൾ പലതവണ പോലീസിന് ഫോൺ മുഖേന വിവരങ്ങൾ കൈമാറിയെങ്കിലും പോലീസ് അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുവാൻ തയ്യാറായില്ലായെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
Content Highlights: Public Drinking Near Liquor Shops in Parassala