വിദ്യാർഥിനിക്ക് അവഹേളനം: പ്രിയദർശിനി ബസ് കണ്ടക്ടർക്ക് സസ്‌പെൻഷൻ; ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ

#ന്യൂസ് ഡെസ്‌ക്
പ്രിയദർശിനി ബസ് (പ്രതീകാത്മകചിത്രം), പരാതിക്കാരിയായ പെൺകുട്ടി | Photo: Mathrubhumi, mathrubhumi news screengrab
പ്രിയദർശിനി ബസ് (പ്രതീകാത്മകചിത്രം), പരാതിക്കാരിയായ പെൺകുട്ടി | Photo: Mathrubhumi, mathrubhumi news screengrab

തിരുവനന്തപുരം: പറവൂരിൽ കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസിലെ യാത്രയ്ക്കിടെ പ്ലസ് ടു വിദ്യാർഥിനിയെ അപമാനിച്ച കെഎസ്ആർടിസി കണ്ടക്ടറെ സർവീസിൽനിന്ന് സസ്‌പെൻഡ് ചെയ്തു. യാത്രാമധ്യേ സീറോ ടിക്കറ്റ് ആവശ്യപ്പെട്ട വിദ്യാർഥിനിയോട് മോശമായി പെരുമാറിയെന്ന പരാതിയിലാണ് കർശന അച്ചടക്ക നടപടി.

കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടക്ടറുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തിയതിനെ തുടർന്ന് സിഎംഡിയുടെ നിർദേശപ്രകാരമാണ് സസ്‌പെൻഷൻ.

ശനിയാഴ്ച ഗുരുവായൂർ -എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന എറണാകുളം ഡിപ്പോയിലെ ആർ.എസ്.എ 173 പ്രിയദർശിനി ബസിലാണ് സംഭവം നടന്നത്. ടിക്കറ്റ് ആവശ്യപ്പെട്ട വിദ്യാർഥിനിയോട് കണ്ടക്ടർ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ സംസാരിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി പറവൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഈ പരാതി ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെയാണ് കെഎസ്ആർടിസി അന്വേഷണം പ്രഖ്യാപിച്ചത്.

യാത്രക്കാരുടെ അവകാശങ്ങളും സുരക്ഷയും സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് കെഎസ്ആർടിസി സിഎംഡി ഡോ. പി.എസ്. പ്രമോജ് ശങ്കർ വ്യക്തമാക്കി. ബസിൽ യാത്രചെയ്യുന്നവരോട് മാന്യമായും സൗഹാർദപരമായും പെരുമാറേണ്ടത് എല്ലാ ജീവനക്കാരുടെയും ഉത്തരവാദിത്വമാണ്. യാത്രക്കാരിൽനിന്ന് ലഭിക്കുന്ന ഇത്തരം പരാതികൾ ഗൗരവമായി പരിശോധിച്ച് കുറ്റക്കാർക്കെതിരെ നിയമാനുസൃതമായ നടപടികൾ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തെക്കുറിച്ച് പെൺകുട്ടി പറഞ്ഞത്:

'ബസിൽ കയറി. ടിക്കറ്റ് നൽകാൻ കണ്ടക്ടർ എത്തിയപ്പോൾ തനിക്ക് ഒപ്പമുണ്ടായിരുന്ന നാലുപേർക്ക് ടിക്കറ്റ് കൊടുത്തു. എനിക്കുമാത്രം ടിക്കറ്റ് തന്നില്ല. പെൺകുട്ടിയാണെന്ന് പറഞ്ഞിട്ടും കണ്ടക്ടർ അത് കേൾക്കാൻ കൂട്ടാക്കിയില്ല. പെൺകുട്ടിയാണെന്ന് പലവട്ടം പറഞ്ഞപ്പോൾ- നീ പെൺകുട്ടിയാണെന്നുള്ളതിന് എനിക്ക് എന്താണ് ഉറപ്പ്. നിന്റെ ഡ്രസ്സ് ഊരിയൊന്നും നോക്കാൻ പറ്റില്ലല്ലോ. നെഞ്ചത്ത് എഴുതി ഒട്ടിച്ചുവെക്കണം എന്നൊക്കെ കണ്ടക്ടർ പറഞ്ഞതായും പെൺകുട്ടി കൂട്ടിച്ചേർത്തു. പെൺകുട്ടിയാണെന്ന് ഇവളെ എങ്ങനെയാണ് കണ്ടാൽ മനസ്സിലാകുക എന്ന് ചോദിച്ച് മറ്റുള്ളവരെ വിളിച്ച് തന്നെ കണ്ടക്ടർ ചൂണ്ടിക്കാണിച്ചെന്നും പെൺകുട്ടി പറഞ്ഞു. കുട്ടികളോട് സംസാരിക്കാൻ പാടില്ലാത്ത ഭാഷയിലാണ് കണ്ടക്ടർ സംസാരിച്ചത്. തുടർന്ന് ഇറങ്ങേണ്ട സ്റ്റോപ്പിന് മുൻപേയിറങ്ങി. അപ്പോൾ ഡ്രൈവർ ബസ് അരികത്തേക്ക് ചേർത്തിട്ടുകൊടുത്ത് കണ്ടക്ടർക്ക് ചീത്ത പറയാനുള്ള അവസരമൊരുക്കിക്കൊടുത്തു. തുടർന്ന് അവിടെ വലിയ ഗതാഗതക്കുരുക്കുണ്ടായി. അവിടെ കണ്ടുനിന്നവരും ബസിലുണ്ടായിരുന്നവരും ഒന്നും പ്രതികരിച്ചില്ലെന്നും പെൺകുട്ടി പറഞ്ഞു.

പറവൂർ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽനിന്ന് ശനിയാഴ്ച ഉച്ചയ്ക്ക് 2.30-ന് എറണാകുളത്തേക്ക് പോയ ബസിലാണ് സംഭവം നടന്നത്. അടുത്തിടെ തിരുപ്പതി ക്ഷേത്രദർശനം കഴിഞ്ഞ കുട്ടിയുടെ തലമുടി വെട്ടിയിരുന്നു. വള്ളുവള്ളിയിലേക്ക് പോകാനാണ് പെൺകുട്ടികൾ ബസിൽ കയറിയത്. യാത്രക്കാരിൽ ചിലരും കണ്ടക്ടറോടൊപ്പംകൂടി പെൺകുട്ടിയെ അവഹേളിച്ചതായി പരാതിയിലുണ്ടായിരുന്നു. പെൺകുട്ടിയുടെ കൂടെയുണ്ടായിരുന്ന മറ്റു കുട്ടികൾ ദൃശ്യം വീഡിയോയിൽ പകർത്തുകയും ചെയ്തിരുന്നു. 

Content Highlights: KSRTC conductor suspended for misconduct with a Plus Two student on Priyadarshini bus., Vigilance enquiry confirmed serious lapses on the conductor's part., CMD Dr. P. S. Pramoj Shankar stated strict action will be taken against passenger harassment., Incident occurred on the Guruvayur-Ernakulam route near Paravur.