പാലക്കാട്ട് ചികിത്സയിലായിരുന്ന പൂർണ ഗർഭിണി കുഴഞ്ഞുവീണു മരിച്ചു; ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ

പാലക്കാട്: പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരുന്ന ഗർഭിണി മരിച്ചു. തൃത്താല മേഴത്തൂർ കുളങ്ങര വീട്ടിൽ നിസാർ ബാഷയുടെ ഭാര്യ നൗഷിജയാണ് (29) വെള്ളിയാഴ്ച മരിച്ചത്. ഒമ്പത് മാസം ഗർഭിണിയായിരുന്നു. ഫെബ്രുവരി 16 മുതൽ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനായി അഡ്മിറ്റായിരുന്നു. 20-ന് രാവിലെ 10.30-ഓടെ നൗഷിജ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് വിദഗ്ധ ചികിത്സക്കായി വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ നിന്ന് നൗഷിജയ്ക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ നൗഷിജയുടെ സഹോദരൻ നൽകിയ പരാതിയിൽ തൃത്താല പോലീസ് കേസെടുത്തു.
സർക്കാർ ആശുപത്രികൾക്കെതിരേ ഒന്നിനു പിറകെ ഒന്നായി ചികിത്സാ പിഴവ് സംബന്ധിച്ച് ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് ഈ സംഭവവും പുറത്തുവരുന്നത്. ഒമ്പതു മാസം ഗർഭിണിയായിരുന്ന യുവതിക്ക് മതിയായ ചികിത്സ നൽകുന്നതിൽ ആശുപത്രി അധികൃതർ വീഴ്ച വരുത്തിയെന്നാണ് പ്രധാന ആരോപണം. പ്രസവത്തിനായി ഈ മാസം 16-ാം തീയതിയാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച അഡ്മിറ്റ് ചെയ്ത ശേഷം ചൊവ്വാഴ്ചയും ബുധനാഴ്ചയും പ്രസവം നടക്കാനുള്ള വിവിധ നടപടികൾ സ്വീകരിച്ചെങ്കിലും ഗർഭപാത്രം വികസിച്ചില്ല. വ്യാഴാഴ്ചയോടെ യുവതിക്ക് കഠിനമായ വേദനയും ബ്ലീഡിങ്ങും അനുഭവപ്പെട്ടെങ്കിലും 'നോക്കാം' എന്ന മറുപടിയാണ് ഡോക്ടർമാരിൽ നിന്നും ലഭിച്ചതെന്ന് ബന്ധുക്കൾ പറയുന്നു.
തുടർന്ന് 20-ാം തീയതി പുലർച്ചെ യുവതിക്ക് അമിത ക്ഷീണവും വേദനയും അനുഭവപ്പെട്ടു. എന്നാൽ രാവിലെ 10 മണിക്ക് ഡോക്ടർ വന്നാലേ തുടർനടപടികൾ തീരുമാനിക്കാനാകൂ എന്ന നിലപാടാണ് ആശുപത്രി അധികൃതർ സ്വീകരിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതിനിടെ യുവതി കുഴഞ്ഞുവീഴുകയും ഹൃദയാഘാതം സംഭവിച്ചുവെന്ന് ആശുപത്രി അധികൃതർ അറിയിക്കുകയും ചെയ്തു.
താലൂക്ക് ആശുപത്രിയിൽ നിന്നും മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോയെങ്കിലും അവിടെ എത്തുന്നതിന് ഏകദേശം 45 മിനിറ്റ് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നു എന്ന് സ്വകാര്യ ആശുപത്രി അധികൃതർ റിപ്പോർട്ട് നൽകി.
മരണശേഷം ചികിത്സാ രേഖകൾ പോലീസിന് കൈമാറുന്നതിൽ താലൂക്ക് ആശുപത്രി അധികൃതർ മനഃപൂർവം കാലതാമസം വരുത്തിയതായും ബന്ധുക്കൾ പരാതിപ്പെടുന്നു. മരണകാരണം കൃത്യമായി അറിയുന്നതിനായി തൃശ്ശൂർ മെഡിക്കൽ കോളേജിൽ യുവതിയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ കൃത്യമായ മരണകാരണവും ചികിത്സയിൽ വീഴ്ച പറ്റിയിട്ടുണ്ടോ എന്ന കാര്യത്തിലും വ്യക്തത വരികയുള്ളൂ എന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്.
Content Highlights: A nine-month pregnant woman died at Pattambi Taluk Hospital. Relatives allege insufficient treatment led to the tragedy. Police have registered a case.