നവീൻ ബാബുവിന്റെ മരണം: പ്രശാന്തന്റെ പങ്ക് കേട്ടുകേൾവിയെന്ന പോലീസിന്റെ വാദം പൊളിഞ്ഞു

പത്തനംതിട്ട: മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണത്തിൽ പ്രശാന്തന്റെ പങ്ക് കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലാണെന്ന പോലീസിന്റെ വാദം പൊളിഞ്ഞു. ജോയിന്റ് ലാൻഡ് റവന്യൂ കമ്മിഷണറുടെ റിപ്പോർട്ട് പുറത്തുവന്നതോടെയാണിത്. പ്രശാന്തന്റെ പെട്രോൾ പമ്പിനുള്ള അപേക്ഷ നവീൻ ബാബു വൈകിപ്പിച്ചു എന്നതിന് തെളിവില്ലെന്ന റിപ്പോർട്ടിലെ പരാമർശമാണ് പോലീസ് വാദത്തിന്റെ മുനയൊടിച്ചത്.
നവീൻബാബു പമ്പിനുള്ള എതിർപ്പില്ലാരേഖ വൈകിപ്പിച്ചെന്നും കൈക്കൂലി ചോദിച്ചുവാങ്ങിയെന്നും പ്രശാന്തൻ, മരണവിവരം പുറത്തുവന്ന ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു, പി.പി.ദിവ്യയും പ്രശാന്തനും ചേർന്നുള്ള ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. എന്നാൽ, പരാതി സ്വീകരിച്ച് രസീത് നൽകിയതല്ലാതെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.
ദിവ്യയെ പ്രതിയാക്കിയതും അറസ്റ്റുചെയ്തതും ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ്. ഗൂഢാലോചന ഇപ്പോഴും പടിക്കുപുറത്തുനിൽക്കുമ്പോഴാണ് ജോയിന്റ് കമ്മിഷണറുടെ റിപ്പോർട്ട് വന്നത്. പ്രശാന്തനും ദിവ്യയും ഗൂഢാലോചനയിൽ പങ്കാളികളാണെന്ന പരാതിയിൽ കേസെടുത്തില്ലെന്ന ആരോപണം, കോടതിയിൽ കുടുംബം ഉന്നയിച്ചിരുന്നു. അതിനു മറുപടിയായി, ദിവ്യയുടെ പേരിൽ ആത്മഹത്യാപ്രേരണക്കുറ്റം എടുത്തിട്ടുണ്ടെന്ന മറുപടിയാണ് പോലീസ് നൽകിയത്. പ്രശാന്തന്റെ പേരിൽ കേസെടുക്കാത്തതെന്താണെന്ന ചോദ്യത്തിന്, കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ കേസ് എടുക്കാനാവില്ലെന്നായിരുന്നു മറുപടി.
പെട്രോൾ പമ്പ് അനുമതി വൈകിപ്പിച്ചിട്ടില്ലെന്ന് ജോയിന്റ് കമ്മിഷണർ പറയുമ്പോൾ വൈകിപ്പിച്ചതിനാൽ കൈക്കൂലി കൊടുക്കേണ്ടിവന്നെന്നാണ് പ്രശാന്തൻ പറയുന്നത്. സർക്കാർ നിയോഗിച്ച കമ്മിഷന്റെ കണ്ടെത്തലിന് കടകവിരുദ്ധമായ കാര്യം പറഞ്ഞ പ്രശാന്തൻ ഇപ്പോഴും പ്രതിസ്ഥാനത്തില്ലെന്ന് നവീൻബാബുവിന്റെ കുടുംബം പറയുന്നു. പി.പി.ദിവ്യ ക്ഷണിക്കാതെയും മുന്നറിയിപ്പില്ലാതെയുമാണ് നവീനിന്റെ യാത്രയയപ്പ് യോഗത്തിന് എത്തിയതെന്ന് പരാതിയിലുണ്ട്. ഇതുതന്നെയാണ് റിപ്പോർട്ടിലുമുള്ളത്.
നവീൻ ബാബുവിനെ മനഃപൂർവം അപമാനിക്കാനാണ് ദിവ്യ എത്തിയതെന്ന പരാതിയിലെ ആരോപണവും റിപ്പോർട്ടിൽ ശരിവെയ്ക്കുന്നുണ്ട്. ‘ഒരു നിമിഷം മതി ഒരു സർക്കാർ ജീവനക്കാരന് എന്തും സംഭവിക്കാൻ’ എന്ന ദിവ്യയുടെ പ്രസംഗത്തിലെ വരികൾ പ്രവീൺ ബാബു അന്നുകൊടുത്ത പരാതിയിൽ ചേർത്തിരുന്നു. ഇത്രയും തെളിവുകൾ ഉണ്ടായിട്ടും ഗൂഢാലോചനക്കുറ്റം ചുമത്താത്തത് പോലീസിനുമേലുള്ള സമ്മർദംമൂലമാണെന്നും കുടുംബം ആരോപിക്കുന്നു.
Content Highlights: prasanthan have a role in death of adm naveen babu