നന്ദകുമാറിനെ അറിയില്ലെന്ന ജാവഡേക്കറിന്റെ വാദം പൊളിഞ്ഞു; ഒരേ വാഹനത്തിൽ കയറുന്ന ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: വിവാദ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെ അറിയില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി. ദേശീയ നേതാവ് പ്രകാശ് ജാവഡേക്കര്‍. എന്നാല്‍ ജാവഡേക്കറുടെ വാദം പൊളിക്കുന്ന ദൃശ്യങ്ങള്‍ മാതൃഭൂമിയ്ക്ക് ലഭിച്ചു. ദല്ലാള്‍ നന്ദകുമാറും പ്രകാശ് ജാവഡേക്കറും ഒരുമിച്ച് കാറില്‍ കയറി പോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
സംസ്ഥാന ബി.ജെ.പിയുടെ സംഘടനാ ചുമതലയുള്ള പ്രഭാരിയായ ശേഷം കേരളത്തിലെത്തിയപ്പോഴാണ് ജാവഡേക്കര്‍ നന്ദകുമാറിനൊപ്പം കാറില്‍ യാത്ര ചെയ്തത്. ഡല്‍ഹിയില്‍ നിന്ന് ഒരേ വിമാനത്തിലാണ് ഇരുവരും തിരുവനന്തപുരത്ത് എത്തിയത്. വിമാനമിറങ്ങിയ ശേഷം ബി.ജെ.പി. ഓഫീസില്‍ നിന്നുള്ള വാഹനം ഒഴിവാക്കിയാണ് ജാവഡേക്കര്‍ നന്ദകുമാറിന്റെ കൂടെ കാറില്‍ പോയത്. ഒരു വര്‍ഷം മുമ്പുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്.
തന്നെ അറിയില്ല എന്ന പ്രകാശ് ജാവഡേക്കറിന്റെ വാദത്തോട് രൂക്ഷമായ ഭാഷയിലാണ് ദല്ലാള്‍ നന്ദകുമാര്‍ പ്രതികരിച്ചത്. തന്നെ അറിയാത്ത ആള്‍ എങ്ങനെ തന്റെ വണ്ടിയില്‍ കയറുമെന്ന് അദ്ദേഹം ചോദിച്ചു. താന്‍ വാടകയ്‌ക്കെടുത്ത ടാക്‌സിയില്‍ തന്നെയാണ് അദ്ദേഹവും യാത്ര ചെയ്തത്. തന്റെ ബന്ധങ്ങളെ താന്‍ തേടിപ്പിടിച്ച് ചെല്ലുന്നതല്ല, ബന്ധങ്ങള്‍ തന്നെത്തേടിയാണ് വരുന്നതെന്നും ദല്ലാള്‍ നന്ദകുമാര്‍ പറഞ്ഞു.
ബി.ജെ.പിയുടെ പത്തനംതിട്ട സ്ഥാനാര്‍ഥി അനില്‍ ആന്റണിയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചതിലൂടെയാണ് ദല്ലാള്‍ നന്ദകുമാര്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. സി.ബി.ഐ. സ്റ്റാന്റിങ് കോണ്‍സല്‍ നിയമനത്തിന് തന്റെ കയ്യില്‍ നിന്ന് അനില്‍ ആന്റണി 25 ലക്ഷം രൂപ വാങ്ങിയെന്നാണ് നന്ദകുമാര്‍ വെളിപ്പെടുത്തിയത്. നന്ദകുമാറിന്റെ ആരോപണം സ്ഥിരീകരിക്കുന്ന വെളിപ്പെടുത്തല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യന്റെ ഭാഗത്തുനിന്നും ഉണ്ടായി. അനില്‍ ആന്റണിയില്‍നിന്നും പണം തിരികെ വാങ്ങിത്തരാന്‍ ദല്ലാള്‍ നന്ദകുമാര്‍ സമീപിച്ചെന്നും തുടര്‍ന്ന് താന്‍ പ്രശ്നത്തില്‍ ഇടപെട്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. അതേസമയം ആരോപണം അനില്‍ ആന്റണി നിഷേധിച്ചതോടെ തെളിവുകള്‍ പുറത്തുവിടാന്‍ തയ്യാറാണെന്ന് ദല്ലാള്‍ വെല്ലുവിളിച്ചിട്ടുണ്ട്.