‘അച്ഛൻ KSEB ചെയർമാനായ ശേഷമാണ് പവർ കട്ടെന്നാണ് എന്റെ മക്കൾ പോലും പറഞ്ഞത്’ -എം.ജി. രാജമാണിക്യം

തിരുവനന്തപുരം: സംസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന വൈദ്യുതി നിയന്ത്രണത്തിൽ പ്രതികരണവുമായി കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യം ഐഎഎസ്. എൽ-നിനോ പ്രതിഭാസത്തിന്റെ ഭാഗമായി ചൂട് കൂടിയതും വൈദ്യുതി ഉപഭോഗം കൂടിയതും എന്നാൽ അതനുസരിച്ച് ഉത്പാദനം വർധിപ്പിക്കാൻ കഴിയാത്തതുമാണ് വൈദ്യുതി നിയന്ത്രണത്തിന്റെ കാരണമെന്ന് അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. എല്ലാവരും വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കണമെന്നും കെഎസ്ഇബി ചെയർമാൻ അഭ്യർഥിച്ചു.
'ജനങ്ങളുടെ പരിഭവം പൂർണമായി മനസിലാക്കുന്നു. ഞാനും ജനങ്ങളിൽ ഒരാളാണ്. ഇത് എൽ നിനോ വർഷമാണ്. സ്വാഭാവികമായി ചൂട് കൂടുകയും മഴ കുറയുകയും ചെയ്യുന്ന അവസ്ഥ ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി ശരാശരി ഉപഭോഗം 5000 മെഗാവാട്ടാണ്. അതേസമയം ഉത്പാദനത്തിൽ ഒരു മാറ്റവുമില്ല. ഉത്പാദനം വർധിപ്പിക്കാൻ കഴിയില്ല. ഡാമുകളിൽ നിന്ന് പരമാവധി ഉത്പാദിപ്പിക്കാൻ കഴിയുക 1750 മെഗാവാട്ടോളമാണ്. അത് ഉത്പാദിപ്പിക്കുന്നുണ്ട്.' -എം.ജി. രാജമാണിക്യം പറഞ്ഞു.
'കഴിഞ്ഞദിവസം എസ്എൽഡിസിക്ക് (സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്റർ) കേന്ദ്രത്തിൽ നിന്നുള്ള കത്തുണ്ടായിരുന്നു. ഇന്ത്യയിലാകെ 12,000 മെഗാവാട്ടിന്റെ കുറവുണ്ട്, അതുകൊണ്ട് ലോഡ് നിയന്ത്രിക്കണം എന്നാണ് കത്തിൽ പറഞ്ഞത്. വൈകുന്നേരം ആറുമണി മുതൽ രാത്രി 12 മണി വരെയുള്ള പീക്ക് സമയത്ത് 10 രൂപ കൊടുത്ത് വാങ്ങാമെന്ന് വിചാരിച്ചാലും നമുക്ക് വൈദ്യുതി കിട്ടില്ല.' -അദ്ദേഹം തുടർന്നു.
'അച്ഛൻ കെഎസ്ഇബി ചെയർമാൻ ആയതിന് ശേഷമാണ് ഇങ്ങനെ വൈദ്യുതി നിയന്ത്രണം ഉണ്ടായത് എന്നാണ് എന്റെ മക്കൾ എന്നോട് പറഞ്ഞത്. നേരത്തേ പറഞ്ഞ അതേ മറുപടിയാണ് അവരോടും പറഞ്ഞത്. ഞാൻ ചെയർമാനായ സമയത്താണ് എൽ നിനോ പ്രതിഭാസവും ഉപഭോഗം വർധിച്ചതും വൈദ്യുതി കിട്ടാത്ത സാഹചര്യവുമെല്ലാമുണ്ടായത്. പരമാവധി വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്നാണ് എല്ലാവരോടും പറയാനുള്ളത്. ഇതൊരു കൂട്ടായ പരിശ്രമമാണ്.' -കെഎസ്ഇബി ചെയർമാൻ പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് ഇന്നും (ചൊവ്വാഴ്ച) ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി അറിയിച്ചു. 800 മുതൽ 900 മെഗാവാട്ട് വരെ ഉപഭോഗം വർധിക്കാൻ സാധ്യതയുണ്ട്. വൈകുന്നേരം 6.30-നും 12.30-നും ഇടയിലാണ് ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകുക.
Content Highlights: KSEB Chairman MG Rajamanickam explains that the recent power cut across Kerala is caused by intense El Nino heat, soaring consumption, and a 12,000 MW central grid shortage during peak evening hours.