ഗാലറി തകര്‍ന്ന് അപകടം: സംഘാടകര്‍ക്കെതിരേ പോലീസ് കേസെടുത്തു; ചികിത്സ ഏറ്റെടുക്കുമെന്ന് ക്ലബ്

പോത്താനിക്കാട് അടിവാട് ഗാലറി തകർന്ന സ്ഥലം ആൻറണി ജോൺ എംഎൽഎ സന്ദർശിക്കുന്നു
പോത്താനിക്കാട് അടിവാട് ഗാലറി തകർന്ന സ്ഥലം ആൻറണി ജോൺ എംഎൽഎ സന്ദർശിക്കുന്നു

പോത്താനിക്കാട്(എറണാകുളം):  പോത്താനിക്കാടിനു സമീപം അടിവാട് ഞായറാഴ്ച രാത്രി ഫുട്‌ബോള്‍ മത്സരത്തിനായി ഒരുക്കിയ ഗാലറി തകര്‍ന്ന് 52 പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ സംഘാടകരുടെ പേരില്‍ പോലീസ് കേസെടുത്തു. അടിവാട് ഹീറോ യങ്സ് ക്ലബ് നടത്തിയ ഫുട്‌ബോള്‍ മത്സരത്തിന്റെ ഫൈനലിനിടെയാണ് ഗാലറി തകര്‍ന്നത്. സ്ത്രീകളും കുട്ടികളും അടക്കം നിരവധിപ്പേര്‍ കാണികളായി ഉണ്ടായിരുന്നു. അപകടത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കുണ്ട്. ഇതില്‍ തലയ്ക്ക് പരിക്കേറ്റ പേഴുങ്കാട്ടില്‍ അസ്ബിന്‍ ഷൗക്കത്തി (13) നെ ആലുവ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അസ്ബിനെ തിങ്കളാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്. ആനിച്ചോട്ടില്‍ എ.കെ. ഷെമീര്‍ കാലൊടിഞ്ഞ് കോതമംഗലത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

കൊടുത്താപിള്ളില്‍ ബിയാ ഫാത്തിമ (12), സന ജമീല (9), കാലാമ്പൂര് വള്ളോര്‍പറമ്പില്‍ തോമസ് ജോണ്‍ (51), കുഞ്ചിരിക്കാട്ട് ഷിഹാബുദീന്‍ വരിക്കത്ത് വി.എം. ഉമ്മര്‍ (65), മൈലൂര്‍ ചെമ്മായത്ത് പി.എം. നാസര്‍ (55) എന്നിവര്‍ തൊടുപുഴ, മുതലക്കോടം, കോതമംഗലം എന്നിവിടങ്ങളിലെ ആശുപത്രികളില്‍ ചികിത്സയിലാണ്. ആരുടെയും പരിക്കുകള്‍ ഗുരുതരമല്ല. ചെറിയ പരിക്കുകള്‍ പറ്റിയവരെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചിരുന്നു.

തകരാന്‍ കാരണം കൂടുതല്‍ ആളുകള്‍ കയറിയത്

താത്കാലിക ഗാലറി തകരാനിടയാക്കിയത് കൂടുതല്‍ കാണികള്‍ കയറിയതാണെന്നാണ് പ്രാഥമിക നിഗമനം. നാലായിരത്തിലധികം പേര്‍ കളി കാണാന്‍ എത്തിയിരുന്നു. അടിവാട് മാലിക് ദിനാര്‍ കോളേജിന്റെ മൈതാനത്താണ് ഗാലറി ഒരുക്കിയത്.

മൈതാനത്തിന്റെ മൂന്നു വശങ്ങളിലായി പണിത താത്കാലിക ഗാലറിയില്‍ പ്രവേശന കവാടത്തിനോടു ചേര്‍ന്ന ഭാഗത്താണ് കാണികള്‍ കൂട്ടമായി ഇരുന്നത്. ഭാരം കൂടിയതോടെ ഇരുമ്പ് പൈപ്പും അടയ്ക്കാമരവും ഉപയോഗിച്ച് പണിത ഗാലറി ഒരു വശത്തേക്ക് ചെരിഞ്ഞ് നിലംപൊത്തുകയായിരുന്നു. മത്സരം തുടങ്ങും മുന്നേ ഗാലറി തകര്‍ന്നുവീണു. ഗാലറിയുടെ കാലുകള്‍ വേണ്ടത്ര ആഴത്തിലല്ല ഉറപ്പിച്ചിരുന്നത്.

തുടര്‍ച്ചായി പെയ്ത മഴയില്‍ കാലുകള്‍ക്ക് ഇളക്കം തട്ടി. പരിക്കേറ്റവരെ സംഘാടകരും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രികളില്‍ എത്തിച്ചത്. പിന്നീട് പോലീസും ഫയര്‍ഫോഴ്‌സും എത്തി. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ഡീന്‍ കുര്യാക്കോസ് എംപി രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയും പരിക്കേറ്റവരെ ആശുപത്രികളില്‍ സന്ദര്‍ശിക്കുകയും ചെയ്തു. ആന്റണി ജോണ്‍ എംഎല്‍എ തിങ്കളാഴ്ച അപകടസ്ഥലം സന്ദര്‍ശിച്ചു. ചികിത്സയില്‍ കഴിയുന്നവരെയും കണ്ടു.

പരിക്കേറ്റവരുടെ ചികിത്സ ക്ലബ് ഏറ്റെടുക്കും

ഗാലറി തകര്‍ന്ന് പരിക്കുപറ്റിയവര്‍ക്ക് ആവശ്യമായ സഹായം നല്‍കുമെന്ന് ഹീറോ യങ്സ് ക്ലബ് പ്രസിഡന്റ് കെ.എം. ഷമീര്‍ പറഞ്ഞു. ആശുപത്രികളില്‍ കഴിയുന്നവര്‍ക്ക് ചികിത്സയ്ക്കു വേണ്ട എല്ലാ കാര്യങ്ങളും ക്ലബ്ബിന്റെ മേല്‍നോട്ടത്തില്‍ നടത്തുന്നുണ്ടെന്നും ഷമീര്‍ പറഞ്ഞു.

Content Highlights: A football gallery collapsed in Pothanikkad, Kerala, injuring 52. Police filed a case against club