പി.എഫ്.ഐ ഓഫീസ് പൂട്ടുന്നതിനിടെ ലിഫ്റ്റ് കേടായി; റവന്യൂസംഘത്തിന് കടക്കാന്‍ പൂട്ടുപൊളിച്ചു

ലിഫ്റ്റ് കേടായതിനെത്തുടർന്ന് അഗ്നിരക്ഷാസേന ഗ്യാസ്‌കട്ടർഉപയോഗിച്ച് മീഞ്ചന്തയിലെ പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ പൂട്ടുപൊളിക്കുന്നു
ലിഫ്റ്റ് കേടായതിനെത്തുടർന്ന് അഗ്നിരക്ഷാസേന ഗ്യാസ്‌കട്ടർഉപയോഗിച്ച് മീഞ്ചന്തയിലെ പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ പൂട്ടുപൊളിക്കുന്നു

കോഴിക്കോട്: കൊച്ചിയില്‍നിന്നുള്ള എന്‍.ഐ.എ.സംഘവും ഫറോക്ക് അസി.കമ്മിഷണറും മുകള്‍നിലയില്‍. പുറത്തിറങ്ങാനാവാതെ മാധ്യമപ്രവര്‍ത്തകര്‍ ലിഫ്റ്റിനുള്ളില്‍. എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ക്ക് പിന്നാലെ മുകളിലേക്ക് കയറാനെത്തിയ സംസ്ഥാന രഹസ്യാന്വേഷണവിഭാഗം ഡിവൈ.എസ്.പി.യും സഹപ്രവര്‍ത്തകരും ഏറ്റവും താഴത്തെനിലയിലും.

പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസായ കോഴിക്കോട് മീഞ്ചന്തയിലെ യൂണിറ്റി ഹൗസില്‍ എന്‍.ഐ.എ. നോട്ടീസ് പതിക്കുന്നതിനിടയില്‍ ലിഫ്റ്റുണ്ടാക്കിയ പൊല്ലാപ്പ് ചില്ലറയല്ല. എന്‍.ഐ.എ. സംഘം കെട്ടിടത്തിന്റെ രണ്ടാംനിലയിലെത്തിയതിനു പിന്നാലെ മാധ്യമപ്രവര്‍ത്തകര്‍ കയറിയപ്പോഴാണ് ലിഫ്റ്റ് നിലച്ചത്. ഉള്ളില്‍ക്കുടുങ്ങിയ മാധ്യമപ്രവര്‍ത്തകര്‍ പരമാവധി ശ്രമിച്ചിട്ടും ലിഫ്റ്റ് തുറക്കാനായില്ല. തുടര്‍ന്ന് തൊട്ടടുത്ത മീഞ്ചന്ത ഫയര്‍‌സ്റ്റേഷനില്‍നിന്ന് അഗ്‌നിരക്ഷാസേനയെത്തി മാധ്യമപ്രവര്‍ത്തകരെ പുറത്തെത്തിക്കുകയായിരുന്നു.

മൂന്നുനിലയുള്ള കെട്ടിടത്തിന്റെ ഓരോനിലയുടെ കോണിപ്പടിയും ഗ്രില്‍വെച്ച് പൂട്ടിയിരുന്നു. അതുകൊണ്ട് ലിഫ്റ്റ് മാത്രമാണ് ആശ്രയം. ലിഫ്റ്റ് പൂര്‍ണമായും പ്രവര്‍ത്തനരഹിതമായതോടെ മുകള്‍നിലയിലുള്ള എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ക്ക് ഇറങ്ങാനാകാതെ കുടുങ്ങി. ഇറങ്ങണമെങ്കില്‍ ഒന്നുകില്‍ അടുത്തനിലയുടെ പൂട്ടുപൊളിക്കണം അല്ലെങ്കില്‍ താഴത്തുനിന്ന് അഗ്‌നിരക്ഷാസേനയുടെ കോണിവെച്ച് താഴെയിറങ്ങണം.

ഫയര്‍‌സ്റ്റേഷനില്‍നിന്ന് കോണി കൊണ്ടുവരാന്‍ തീരുമാനിച്ചെങ്കിലും റിസ്‌കാണെന്ന് പറഞ്ഞ് അതൊഴിവാക്കി. അഗ്‌നിരക്ഷാസേനയോട് പൂട്ടുപൊളിക്കാന്‍ പറഞ്ഞെങ്കിലും പോലീസ് ഉദ്യോഗസ്ഥര്‍ പറയാതെ പൊളിക്കാന്‍ കഴിയില്ലെന്നായി അവര്‍. റവന്യൂഉദ്യോഗസ്ഥരില്ലാതെ പൂട്ടുപൊളിച്ച് പൊല്ലാപ്പാവാനില്ലെന്ന് പോലീസും നിലപാടെടുത്തു.

തുടര്‍ന്ന് മുക്കാല്‍മണിക്കൂര്‍ കഴിഞ്ഞ് കോഴിക്കോട് തഹസില്‍ദാര്‍ പ്രേംലാല്‍ എത്തിയതിനുശേഷം അഗ്‌നിരക്ഷാസേന ഗ്യാസ്‌കട്ടറുപയോഗിച്ച് ഒന്നാംനിലയിലെ പൂട്ടുപൊളിച്ചു. അതോടെ മറ്റുപോലീസുകാരും റവന്യൂഉദ്യോഗസ്ഥരും അകത്ത് കടന്നു. നോട്ടീസ് പതിക്കണമെങ്കില്‍ റവന്യൂഓഫീസറുടെ സാന്നിധ്യംവേണം. അതുകൊണ്ടാണ് മറ്റുമാര്‍ഗമില്ലാത്തതുകൊണ്ട് പൂട്ടുപൊളിച്ചത്.

ലിഫ്റ്റ് കേടായതിനെത്തുടര്‍ന്ന് അഗ്‌നിരക്ഷാസേന ഗ്യാസ്‌കട്ടര്‍ഉപയോഗിച്ച് മീഞ്ചന്തയിലെ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ പൂട്ടുപൊളിക്കുന്നു

Content Highlights: popular front ban