സുഗതന്റെ വ്യാജ ഒപ്പിട്ടെന്ന ആരോപണം പോലീസ് അന്വേഷിക്കും; അന്വേഷണത്തിൽ സഹകരിക്കുമെന്ന് ബിജെപി

തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷൻ ബി.ജെ.പി. കൗൺസിലർ ആർ. സുഗതൻ കൗൺസിൽ യോഗത്തിൽ പങ്കെടുത്തതായി വ്യാജ ഒപ്പിട്ടെന്ന പരാതി പോലീസ് അന്വേഷിക്കും. തിരുവനന്തപുരം കോർപ്പറേഷനിലെ സിസിടിവി ദൃശ്യങ്ങളും രജിസ്റ്ററും പോലീസ് പരിശോധിക്കും. സി.പി.എം. പാർലമെന്ററി പാർട്ടി നേതാവ് എസ്.പി. ദീപക്കിന്റെ പരാതിയിലാണ് അന്വേഷണം.
കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാത്ത സുഗതന്റെ ഒപ്പ് വ്യാജമായി ഇട്ടെന്നാണ് എസ്.പി. ദീപക്കിന്റെ പരാതി. സംഭവം വളരെയേറെ ഗൗരവമുള്ളതാണെന്ന് കൗൺസിലർ കെ.എസ്. ശബരീനാഥൻ പറഞ്ഞു. വിഷയത്തിൽ അന്വേഷണം വേണമെന്ന് യു.ഡി.എഫ്. നേരത്തെ ആഭ്യന്തരവകുപ്പിനെ അറിയിച്ചിരുന്നു.
കാപ്പ കേസുകളിൽ സുഗതൻ ഒളിവിൽ കഴിഞ്ഞിരുന്ന 2026 ഫെബ്രുവരി 26, മാർച്ച് 3, ഏപ്രിൽ 27 എന്നീ ദിവസങ്ങളിൽ നടന്ന കൗൺസിലുകളിലാണ് വ്യാജ ഒപ്പ് ഉപയോഗിച്ചിരിക്കുന്നതെന്ന് ശബരീനാഥൻ പറഞ്ഞു. സുഗതന്റെ കള്ള ഒപ്പ് സംരക്ഷിക്കാനുള്ള ചില ഇടപാടുകൾ ബി.ജെ.പി. കൗൺസിലർമാർ നടത്തിയെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ അടിയന്തര അന്വേഷണം നടത്തുമെന്ന ഉറപ്പ് ആഭ്യന്തര വകുപ്പിൽനിന്ന് ലഭിച്ചിട്ടുണ്ടെന്നും ശബരീനാഥൻ കൂട്ടിച്ചേർത്തു.
സുഗതന്റെ വ്യാജ ഒപ്പിട്ടു എന്ന ആരോപണത്തിൽ പ്രതികരിച്ച് ബി.ജെ.പി. രംഗത്തെത്തി. പരാതി വ്യാജമാണെന്ന് ഡെപ്യൂട്ടി മേയർ ആശാനാഥ് പ്രതികരിച്ചു. കൗൺസിൽ തുടങ്ങുന്നതിനു മുൻപാണ് അറ്റൻഡൻസ് രജിസ്റ്റർ കൊണ്ടുവരുന്നതെന്നും കഴിയുന്നതിനു മുൻപ് ഇത് കൊണ്ടുപോകുമെന്നും ഡെപ്യൂട്ടി മേയർ പറഞ്ഞു.
‘ഭരണസമിതിയുടെ ഭാഗത്തുനിന്ന് ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായിട്ടില്ല. സുഗതൻ പങ്കെടുത്ത കൗൺസിലിൽ അദ്ദേഹം ഒപ്പിട്ടിട്ടുണ്ട്. സിസിടിവി വർക്കിങ് ആണോ എന്ന് അറിയില്ല. പോലീസുമായി എല്ലാതരത്തിലും സഹകരിക്കും. മേയറും സെക്രട്ടറിയുമാണ് സിസിടിവിയുടെ കസ്റ്റോഡിയൻ. ഈ ആരോപണങ്ങൾ വ്യാജമാണ്’, ആശാനാഥ് പറഞ്ഞു.
Content Highlights: Kerala police are investigating a complaint regarding alleged fake signatures of jailed Kaapa accused and BJP councillor R. Sugathan in Thiruvananthapuram Corporation council meetings, while the BJP denies the charges.