എസ്.എഫ്.ഐക്കെതിരേ പ്രമേയമില്ല, പോലീസ് അസോസിയേഷൻ യോഗത്തിൽ ചേരിതിരിഞ്ഞ് വാഗ്വാദം

പ്രതീകാത്മക ചിത്രം | ഫോട്ടോ: യുഎന്‍ഐ
പ്രതീകാത്മക ചിത്രം | ഫോട്ടോ: യുഎന്‍ഐ

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥനെ മർദിച്ച എസ്.എഫ്.ഐ.ക്കെതിരേ പ്രമേയം വേണമെന്ന ആവശ്യം നിരാകരിക്കപ്പെട്ടതിനെത്തുടർന്ന് പോലീസ് അസോസിയേഷൻ യോഗത്തിൽ ബഹളം. നെടുമങ്ങാട്ടുനടന്ന തിരുവനന്തപുരം റൂറൽ ജില്ലാസമ്മേളനത്തിലാണ് ബഹളം നടന്നത്. പ്രമേയം അവതരിപ്പിക്കാൻ ഔദ്യോഗികവിഭാഗം അനുമതി നിഷേധിക്കുകയായിരുന്നു. തിരുവനന്തപുരം സിറ്റി ജില്ലാ സമ്മേളനത്തിലും ഇതേ ആവശ്യത്തിന്റെ പേരിൽ ബഹളമുണ്ടായിരുന്നു.

നെടുമങ്ങാട് സമ്മേളനത്തിൽ എസ്.എഫ്.ഐ.ക്കെതിരേ പ്രമേയം വേണമെന്ന ആവശ്യമുയരുകയും ‘എസ്.എഫ്.ഐ. ഗുണ്ടകൾ’ എന്ന പരാമർശം വരുകയുംചെയ്തതോടെയാണ് ബഹളമുണ്ടായത്. പ്രമേയം വേണമെന്ന്‌ ആവശ്യപ്പെട്ടും അതിനെതിരേയും ചേരിതിരിഞ്ഞ് വാഗ്വാദം നടന്നു. അസോസിയേഷന്റെ പിന്തുണ പോലീസിനാണോ അതോ എസ്.എഫ്.ഐ.ക്കാണോയെന്ന് ഒരു വിഭാഗം ചോദിച്ചു.

തലസ്ഥാനത്തെ ഒരു ഷോപ്പിങ് മാളിൽവെച്ച് എ.ആർ. ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥന് എസ്.എഫ്.ഐ. പ്രവർത്തകരുടെ മർദനമേറ്റിരുന്നു. സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥനെതിരേ ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടുത്തി കേസ് രജിസ്റ്റർചെയ്ത പോലീസ് എസ്.എഫ്.ഐ. പ്രവർത്തകർക്കെതിരേ നിസ്സാരവകുപ്പുകൾ ചേർത്താണ് കേസെടുത്തത്. ഇത് വിവാദങ്ങൾക്കിടയാക്കിയതിന് പിന്നാലെയാണ് പോലീസ് അസോസിയേഷൻ യോഗങ്ങളിൽ പ്രമേയത്തിന്റെപേരിൽ തർക്കങ്ങൾ ഉണ്ടായത്.

Content Highlights: Police Association Meeting Sees Heated Debate Over SFI Resolution