കേന്ദ്ര ഭവനപദ്ധതി; രണ്ടാംഘട്ട കരാറിൽ ഒപ്പുവെക്കാതെ കേരളം, അനുമതികാത്ത് 50000-ലധികം ഭവനരഹിതർ

പാലക്കാട്: പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമീൺ 2.0 ഭവനപദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പുവെക്കുമെന്ന പ്രതീക്ഷയിൽ നഗരപ്രദേശങ്ങളിലെ ഭവനരഹിതർ. 2015 മുതൽ സംസ്ഥാനത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതിയുടെ രണ്ടാംഘട്ടം അവതരിപ്പിച്ചത് 2024 സെപ്റ്റംബറിലാണ്. കേരളം ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളും രണ്ടാംഘട്ട കരാറിൽ ഒപ്പുവെച്ച് കേന്ദ്രഫണ്ട് വാങ്ങി. മുൻ സർക്കാർ വിട്ടുനിന്നതോടെ നഗരസഭകളിലും കോർപറേഷനുകളിലും പുതിയ വീടുകൾക്ക് കേന്ദ്രാനുമതിയില്ലാതായി. 50,000-ലധികം ഭവനരഹിതരെയാണ് ഇത് ബാധിച്ചത്.
പി.എം.എ.വൈ.(നഗരം) പദ്ധതിയിൽ നിർമിക്കുന്ന വീടുകളിൽ ലോഗോ പതിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ നിർദേശമാണ് കരാറിൽ മുൻ സർക്കാർ ഒപ്പുവെക്കാതിരിക്കാൻ കാരണമായി പറഞ്ഞിരുന്നത്. വീട് നിർമിക്കാൻ ഒന്നരലക്ഷം രൂപയാണ് കേന്ദ്രം നൽകുക. 50,000 രൂപ സംസ്ഥാനം നൽകണം. ഒരുവീട് നിർമിക്കാൻ നാലുലക്ഷംരൂപയാണ് സംസ്ഥാന സർക്കാർ നിശ്ചയിച്ചിട്ടുള്ളത്. രണ്ടുലക്ഷംരൂപ നഗരസഭകളാണ് വഹിക്കുന്നത്.
സംസ്ഥാന സർക്കാർ പദ്ധതിയിൽനിന്ന് പിന്മാറിയതോടെ കഴിഞ്ഞ രണ്ടു സാമ്പത്തിക വർഷങ്ങളിലും നഗരസഭ, കോർപറേഷൻ ബജറ്റുകളിൽ കേന്ദ്ര ഭവനപദ്ധതിക്കായി നീക്കിവെച്ച തുക ചെലവഴിക്കാൻ കഴിയാതായി. ഇത്തവണ വാർഷിക പദ്ധതിയിലും തുക മാറ്റിവെച്ചിട്ടുണ്ട്.
2015-ൽ കേന്ദ്രഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ കീഴിൽ തുടങ്ങിയ പി.എം.എ.വൈ. (നഗരം) പദ്ധതിയിൽ അന്നത്തെ യു.ഡി.എഫ്. സർക്കാർ ഒപ്പുവെച്ചിരുന്നു. 2015 ഡിസംബറിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സംസ്ഥാനതല ഉദ്ഘാടനവും നിർവഹിച്ചു. 1,27,048 വീടുകളാണ് അന്ന് കേന്ദ്രസർക്കാർ അനുവദിച്ചത്. 1,01,437 വീടുകൾ നിർമിച്ചുകഴിഞ്ഞു. 2026 സെപ്റ്റംബർ വരെയാണ് ഒന്നാംഘട്ട പദ്ധതിയുടെ കാലാവധി. രണ്ടാംഘട്ടം തുടങ്ങി ഒന്നരവർഷം കഴിഞ്ഞെങ്കിലും ഇപ്പോഴും പദ്ധതിയിൽ സംസ്ഥാനത്തിന് ഒപ്പുവെക്കാനാവും.
Content Highlights: Over 50,000 homeless individuals affected by the signing delay., Central government launched PMAY-G 2.0 in September 2024., Dispute over project branding logo caused initial withdrawal., Financial allocation for housing remains unspent in municipal budgets., Phase 1 of the project is valid until September 2026.