പി.എം.ശ്രീ: ഉപസമിതി റിപ്പോർട്ട് പണിപ്പുരയിൽ; രാഷ്ട്രീയമായി റിസ്ക് എടുക്കണോ? ആശങ്കയുമായി ലീഗ് സംഘടനകൾ

തിരുവനന്തപുരം: പി.എം. ശ്രീ സ്കൂൾ പദ്ധതി എന്തുചെയ്യണമെന്നു തീരുമാനിക്കാനുള്ള മന്ത്രിതല ഉപസമിതി വൈകാതെ മുഖ്യമന്ത്രി വി.ഡി. സതീശനു റിപ്പോർട്ട് നൽകും. കേന്ദ്രസർക്കാർ സമ്മർദം ഉൾപ്പെടെ പരിശോധിച്ചുള്ള റിപ്പോർട്ട് അടുത്ത യോഗത്തിൽ തയ്യാറാക്കാനാണ് നീക്കം.
അതിനിടെ, ചുരുങ്ങിയ മാസത്തിനുള്ളിൽ കലാവധിതീരുന്ന പദ്ധതിയിൽ വിവാദത്തിനു നിൽക്കാതെ, പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്താനുള്ള നടപടികളിൽ ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് അനുഭാവമുള്ള കെ.എസ്.ടി.യു. ഉൾപ്പെടെയുള്ള അധ്യാപകസംഘടനകൾ മന്ത്രി എൻ. ഷംസുദ്ദീനെ സമീപിച്ചു.
പി.എം.-ശ്രീയിൽ രാഷ്ട്രീയമായി റിസ്ക് എടുക്കണോയെന്ന ചോദ്യം ഒരു വിഭാഗം ലീഗ് നേതാക്കളും ഉന്നയിക്കുന്നു.
ലീഗ് സംഘടനകളുടെ വാദം
എൻ.ഇ.പി.യുടെ നേട്ടം ചിത്രീകരിക്കാനുള്ളതാണ് പി.എം.ശ്രീ സ്കൂൾ. കാവിവത്കരണത്തിനുള്ള ആശയമുള്ള പദ്ധതിയിൽ സർക്കാർ ജാഗ്രത കാണിച്ചില്ലെങ്കിൽ രാഷ്ട്രീയമായി കുരുക്കിലാവും. എൻ.ഇ.പിയിൽ 5+3+3+4 എന്നതാണ് സ്കൂൾ വിദ്യാഭ്യാസഘടന. ഇത് കേരളം അംഗീകരിച്ചിട്ടില്ല.
പി.എം.-ശ്രീ വന്നാൽ, നിലവിലെ ഘടന തുടരാമോയെന്ന് ഉറപ്പില്ല. കേന്ദ്രാവിഷ്കൃത പദ്ധതിയായ പി.എം.ശ്രീ യിൽ 40 ശതമാനം തുക സംസ്ഥാനവും ചെലവിടണം. നേട്ടം കേന്ദ്രസർക്കാരിന് ലഭിക്കുകയും ചെയ്യും.
കരാറിന് എട്ടുമാസം
2025 ഒക്ടോബറിൽ എൽ.ഡി.എഫ്. സർക്കാർ കേന്ദ്രവുമായി ഒപ്പിട്ട കരാറിന് ഇനി എട്ടുമാസത്തെ ആയുസ്സ് മാത്രം. 2027 മാർച്ച് 31 വരെ സാധുവായ കരാറെന്ന് ധാരണാപത്രം വ്യക്തമാക്കുന്നു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അംഗീകാരം നൽകുന്ന മുറയ്ക്ക് കാലാവധി നീട്ടും. കേരള സിലബസ് തുടരാനും സ്കൂൾ തിരഞ്ഞെടുക്കാനുമുള്ള സ്വാതന്ത്ര്യം കേന്ദ്രത്തോടു ആവശ്യപ്പെടാനുള്ള ഒരുക്കത്തിലാണ് സർക്കാർ.
Content Highlights: Ministerial subcommittee preparing report on PM SHRI scheme. Concerns raised by KSTU regarding NEP integration and political implications. Contract validity remains until March 2027 with eight months of current term left. State government evaluating autonomy in curriculum and school selection.