ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രധാനമന്ത്രി മോദി; വിശേഷാല്‍ പൂജകളില്‍ പങ്കെടുത്തു

പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു|Photo:PTI
പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു|Photo:PTI

തൃശ്ശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി. കിഴക്കേനടവഴി പ്രവേശിച്ച അദ്ദേഹം വിശേഷാല്‍ പൂജകളില്‍ പങ്കെടുത്തു. നടന്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത അദ്ദേഹം തൃപ്രയാര്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തും. എറണാകുളം ഗസ്റ്റ് ഹൗസില്‍നിന്ന് രാവിലെ 6.31- നാണ് അദ്ദേഹം യാത്രതിരിച്ചത്. കൊച്ചിയില്‍നിന്ന് ഹെലികോപ്റ്ററില്‍ ശ്രീകൃഷ്ണ കോളേജ് ഹെലിപ്പാഡിലെത്തിയ അദ്ദേഹത്തെ ജില്ലാ ഭരണകൂടവും ബി.ജെ.പി. നേതാക്കളും സ്വീകരിച്ചു. തുടര്‍ന്ന് റോഡുമാര്‍ഗ്ഗം ഗുരുവായൂരിലേക്ക് പുറപ്പെട്ട അദ്ദേഹം രാവിലെ 7.40- ഓടെ ശ്രീവത്സം ഗസ്റ്റ്ഹൗസിലെത്തി. ഇവിടെ വിശ്രമിച്ച് വസ്ത്രംമാറിയശേഷമാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കെത്തിയത്. 

ആറുമുതല്‍ 10 വരെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിയന്ത്രണം

സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ബുധനാഴ്ച രാവിലെ ആറു മുതല്‍ 10 വരെ ക്ഷേത്രത്തിന്റെ 100 മീറ്റര്‍ പരിധിക്കുള്ളിലേക്ക് പ്രവേശനമില്ല. അനുവദിക്കപ്പെട്ട കല്യാണക്കാരെയും ക്ഷേത്രം ഡ്യൂട്ടിക്കാരെയും മാത്രമേ കടത്തിവിടുകയുള്ളൂ. ഇവരില്‍നിന്ന് കോവിഡ് ടെസ്റ്റ് നടത്തിയതിന്റെ സര്‍ട്ടിഫിക്കറ്റും വ്യക്തിവിവരരേഖകളും പോലീസ് ശേഖരിച്ചു. ചൂണ്ടല്‍ മുതല്‍ ഗുരുവായൂര്‍ വരെ പ്രധാന റോഡ് ബുധനാഴ്ച വെളുപ്പിന് അടയ്ക്കും.

പ്രധാനമന്ത്രി വന്നിറങ്ങുന്ന ശ്രീകൃഷ്ണ കോളേജ് ഹെലിപ്പാഡ് മുതല്‍ ഗുരുവായൂര്‍ വരെ പോലീസിന്റെ കടുത്ത നിയന്ത്രണമാണ്. ക്ഷേത്രനടയുടെ നാലു നടവഴികളിലും 100 മീറ്റര്‍ പരിധിയില്‍ ഡോര്‍ മെറ്റല്‍ ഡിറ്റക്ടര്‍ സ്ഥാപിച്ചു. ചൊവ്വാഴ്ച രാവിലെയും വൈകീട്ടും ട്രയല്‍റണ്‍ നടത്തി. സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി തൃപ്രയാറിലും രണ്ടുതവണ വാഹനവ്യൂഹം ട്രയല്‍റണ്‍ നടത്തി. ഹെലികോപ്റ്ററിന്റെ ട്രയല്‍റണ്ണും നടന്നു.

ക്ഷേത്രവും പരിസരവും എസ്.പി.ജി.യുടെയും പോലീസിന്റെയും കനത്ത നിയന്ത്രണത്തിലാണ്. പ്രധാനമന്ത്രി ഇറങ്ങുന്ന വലപ്പാട് ഹൈസ്‌കൂള്‍ ഗ്രൗണ്ട് മുതല്‍ പോളി ജങ്ഷന്‍ വരെ റോഡിന്റെ ഇരുവശങ്ങളിലും ബാരിക്കേഡ് സ്ഥാപിച്ചു. ക്ഷേത്രം റോഡില്‍ കൈവരിയില്ലാത്ത സ്ഥലങ്ങളിലും ബാരിക്കേഡുണ്ട്.

Content Highlights: pm modi in guruvayoor temple