അന്വേഷണം പിഴച്ചില്ല; മൂന്നുമാസം മുമ്പ് കളവുപോയ സൈക്കിള്‍ സുദേവ് സ്വയം കണ്ടെത്തി

മോഷണം പോയ സൈക്കിള്‍ അന്വേഷണത്തിനൊടുവില്‍ വീണ്ടെടുത്ത സുദേവ്, സഹോദരന്‍ സൂര്യദേവ്, അനിയത്തി ശ്രദ്ധദേവ്
മോഷണം പോയ സൈക്കിള്‍ അന്വേഷണത്തിനൊടുവില്‍ വീണ്ടെടുത്ത സുദേവ്, സഹോദരന്‍ സൂര്യദേവ്, അനിയത്തി ശ്രദ്ധദേവ്

അന്നമനട: മൂന്നുമാസം മുമ്പ് കളവുപോയ സൈക്കിള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി സ്വയം അന്വേഷിച്ച് കണ്ടെത്തി. പാലിശ്ശേരി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി സുദേവ് ആണ് രൂപമാറ്റം വരുത്തിയിട്ടും തന്റെ പ്രിയപ്പെട്ട വാഹനം തിരിച്ചറിഞ്ഞത്. മോഷ്ടാവിനെ കണ്ടെത്തിയില്ലെങ്കിലും സൈക്കിള്‍ തിരിച്ചുകിട്ടിയതില്‍ ആഹ്ലാദിക്കുകയാണ് സുദേവ്.

സഹോദരങ്ങളായ സൂര്യദേവും ശ്രദ്ധദേവും സുദേവിനൊപ്പം അന്വേഷണത്തില്‍ കൂടെനിന്നു. വഴിയിലൂടെ കടന്നുപോകുന്ന സൈക്കിളുകള്‍ ശ്രദ്ധിക്കുകയായിരുന്നു ആദ്യം ചെയ്തത്. ഇതിനിടയിലാണ് തന്റെ സൈക്കിളിനോട് സാമ്യമുള്ള ഒരെണ്ണവുമായി അന്നമനടയിലൂടെ ഒരു കൗമാരക്കാരന്‍ വരുന്നത് ശ്രദ്ധിച്ചത്. തന്റെ സൈക്കിളിലില്ലാത്ത പലതും കണ്ടതോടെ ആദ്യമൊന്ന് ശങ്കിച്ചു. ഒടുവില്‍ രണ്ടും കല്പിച്ച് അവന്റെ കൈയില്‍നിന്ന് സൈക്കിള്‍ വാങ്ങി ചവിട്ടിനോക്കി. അതോടെ സംശയം ബലപ്പെട്ടു.

കൗമാരക്കാരന് സൈക്കിള്‍ ലഭിച്ചതെങ്ങനെയെന്ന് മനസ്സിലാക്കി വെണ്ണൂരിലുള്ള വ്യക്തിയുടെ അടുത്തെത്തി. രണ്ടുമാസം മുമ്പ് പഴയ സാധനങ്ങള്‍ വാങ്ങി വില്‍ക്കുന്ന കടയില്‍നിന്ന് ലഭിച്ചതാണെന്ന് മനസ്സിലായി. ഇതോടെ സുദേവും കൂട്ടരും ആ കടയിലെത്തി അന്വേഷിച്ചു. പേരോ മേല്‍വിലാസമോ അറിയാത്ത ഒരാളാണ് സൈക്കിള്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്നതെന്ന് കടയുടമ പറഞ്ഞു. തുടര്‍ന്ന് അയല്‍വാസിയും സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ എ.എസ്.ഐ.യുമായ മുരുകേഷ് കടവത്തിനെ സമീപിച്ച് ഉപദേശം തേടി. അദ്ദേഹം ഇടപെട്ടതോടെ കാര്യങ്ങള്‍ എളുപ്പമായി. പരാതി നല്‍കാന്‍ നില്‍ക്കാതെ കുട്ടികള്‍ സൈക്കിളുമായി മടങ്ങി. സന്തോഷ് താനിക്കലിന്റെയും സരിതയുടെയും മകനാണ് സുദേവ്.
 

Content Highlights: plus one student sudev himself found the stolen bicycle