കോടിയേരിക്ക് ബദലാവില്ല ഗോവിന്ദൻ; വിവാദങ്ങൾക്ക് മറുപടിയുമായി പി.കെ. ശശി | Exclusive Interview

പാലക്കാട്: സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന അന്തരിച്ച കോടിയേരി ബാലകൃഷ്ണനു ബദലാവില്ല ഇപ്പോഴത്തെ സെക്രട്ടറി എം.വി. ഗോവിന്ദനെന്ന് പാർട്ടിയിൽനിന്നു പുറത്താക്കപ്പെട്ട മുൻ എംഎൽഎയും കെടിഡിസി ചെയർമാനുമായിരുന്ന പി.കെ. ശശി. 'അദ്ദേഹത്തിന്റെ ശരീരഭാഷ അറിയാവുന്നതല്ലേ? കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറി എന്നൊക്കെ പറയുന്നതിന് നല്ല പക്വതയുള്ള ഒരാളായിരിക്കണം.' മാതൃഭൂമി ഡോട്ട് കോമിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ ശശി പറഞ്ഞു.
എം.വി ഗോവിന്ദൻ പരാജയമാണ് എന്നൊക്കെ വിലയിരുത്തേണ്ടത് പാർട്ടിയുടെ ഉന്നതനേതൃത്വമാണ്. ഒരിക്കലും കോടിയേരിക്ക് ബദലല്ല, ബദലാവില്ല ഗോവിന്ദനെന്നും ശശി തുറന്നടിച്ചു. 'ഒരുപാടാളുകൾ പാർട്ടി സെക്രട്ടറിമാരായിട്ടുണ്ട്. അവരൊക്കെ സ്വീകരിച്ചിട്ടുള്ള സമീപനമാണോ ഇപ്പോഴത്തെ പാർട്ടി സെക്രട്ടറി സ്വീകരിക്കുന്നത് എന്ന് അദ്ദേഹം തന്നെ സ്വയം വിമർശന പരിശോധന നടത്തണം. പറയുന്ന കാര്യങ്ങളിൽ വിശ്വാസ്യത ഉണ്ടാകണം. അതുണ്ടാകുന്നില്ല എന്നുള്ളത് പ്രധാനപ്പെട്ട പ്രശ്‌നമാണ്.' പി.കെ. ശശി പറഞ്ഞു.
തനിക്കെതിരെ വന്ന പരാതി അടിസ്ഥാനരഹിതമാണെന്നും അതിനു പിന്നിലെ ഗൂഢാലോചനയെപ്പറ്റി പാർട്ടി അന്വേഷണം നടത്തിയില്ലെന്നും ശശി കുറ്റപ്പെടുത്തി. 'ഞാൻ ഒരു കുട്ടിയോട് കുറച്ച് അധികം താല്പര്യം കാണിച്ചുകൊണ്ട് പെരുമാറി. ആ പെരുമാറിയതിൽ അശ്ലീലച്ചുവയുള്ള ഒരക്ഷരം പോലുമില്ല. പക്ഷേ, ഇത് ആ രൂപത്തിലേക്ക് മാറ്റിയെടുത്തു. പാർട്ടി അന്വേഷണ കമ്മീഷൻ വെച്ചു. പാർട്ടി അന്വേഷണ കമ്മീഷൻ കണ്ടെത്തിയതെന്താ? ഒരു കമ്യൂണിസ്റ്റ് നേതാവെന്ന നിലയിൽ സംസാരത്തിൽ വേണ്ടത്ര ജാഗ്രത പുലർത്തിയില്ല. പാർട്ടി ചെറിയൊരു നടപടി എടുത്ത് തന്നെ തിരിച്ച് അതേ സെക്രട്ടറിയേറ്റിലേക്ക് കൊണ്ടുവരികയാ ചെയ്തത്. അതിന്റെ അർത്ഥം എന്താണെന്ന് വെച്ചാൽ, പാർട്ടി നേതൃത്വത്തിനു തന്നെ ഇതിൽ കഴമ്പില്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ്. അതൊരു ജാഗ്രതക്കുറവാണ് എന്നാണ് റിപ്പോർട്ടിൽ പറഞ്ഞത്.'
'മണ്ണാർക്കാട് ഏരിയ കമ്മിറ്റി സെക്രട്ടറിയുടെ ഭാര്യ നിരന്തരം എന്നെ വന്ന് കാണുന്ന ആളാണ്. ആ സ്ത്രീയോട് ചോദിക്കണം അങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോന്ന്. അവരോട് ചോദിക്കുകയാണ് നല്ലത്. ഈ വീട്ടിൽ വന്നിട്ടുണ്ട്. ഓഫീസിൽ വന്നിട്ടുണ്ട്. അത്തരത്തിലുള്ള വല്ല അനുഭവങ്ങളും അവർക്കുണ്ടായോ?' ശശി പോയതോടെ കുടംബത്തിൽ പിറന്ന സ്ത്രീകൾക്ക് ഏരിയ കമ്മിറ്റി ഓഫിസിലേക്ക് വരാമെന്ന എൻ.കെ. നാരായണൻ കുട്ടിയുടെ പ്രസ്താവനയ്ക്ക് മറുപടിയായി ശശി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനോട് തനിക്ക് വല്ലാത്തൊരു ബന്ധമുണ്ടെന്നും എത്ര തള്ളിപ്പറഞ്ഞാലും തന്റെ ഉള്ളിന്റെയുള്ളിൽ എവിടെയോ സ്‌നേഹവുംഅടുപ്പവും അദ്ദേഹത്തോട് ഉണ്ടെന്നും ശശി പറഞ്ഞു. അതേസമയം, പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് ബാബു തനിക്കെതിരെ നിയമനടപടിക്കു പോയാൽ തെളിവുകളുടെ പരമ്പര തന്നെ സമൂഹത്തിനു മുന്നിലേക്കു തുറുന്നവിടുമെന്നും ശശി പറഞ്ഞു.
'എന്റെ വളർച്ച പലരെയും ഭയപ്പെടുത്തി. ആ വളർച്ചയെ തടയാൻ എളുപ്പത്തിൽ കണ്ടുപിടിച്ച ഒരു മാർഗ്ഗമാണ്. പാർട്ടിയുടെ സംസ്ഥാന നേതൃത്വം നീതികേട് കാണിച്ചിട്ടില്ല. ഒരു വിഷയം ഉയർന്നുവന്നു, ആ വിഷയം ഉയർന്നുവന്നതിനൊരു നടപടി എടുത്തു. ഹ്രസ്വമായ നടപടി. ആ നടപടി എടുത്തു കഴിഞ്ഞ് ഒരു കാലാവധി കൃത്യമായി കഴിഞ്ഞ ഉടൻ എന്നെ തിരിച്ചെടുത്തു. അതൊരു വിശ്വാസം കൊണ്ടാണ്.'
'ഈ സർക്കാർ വന്നതിനുശേഷമാണ് പാർട്ടിക്ക് ഇത്ര വലിയ അപചയം വന്നിട്ടുള്ളത്. പാർട്ടി കമ്മിറ്റികളിൽ കൃത്രിമമായ ഭൂരിപക്ഷം ഉണ്ടാക്കുക, ഭീഷണിപ്പെടുത്തുക, ഓഫർ കൊടുക്കുക, ജോലി കളയും എന്ന് പറയുക, അവരെ സഹായിക്കാൻ പുതിയ പദ്ധതികൾ ഉണ്ടെന്ന് പറഞ്ഞ് പ്രലോഭിപ്പിക്കുക. ഈ വക വഴികളിലൂടെ പാർട്ടി കമ്മിറ്റികളിലെ അംഗങ്ങളെ സ്വാധീനിക്കുന്ന ഒരവസ്ഥയിലേക്ക് പാർട്ടി എത്തി.'
'ഇപ്പോഴത്തെ ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള ആളുകളുടെ നേതൃത്വം വന്നതോടുകൂടി പാർട്ടി അതുവരെ ഉണ്ടായിരുന്ന അവസ്ഥയിൽ നിന്ന് ആകെ മാറി. അത് മറ്റൊരു ട്രാക്കിലേക്ക് പോയി.് പാലക്കാട് ജില്ലയിലെ മുഴുവൻ ഏരിയാ കമ്മിറ്റികളും ഭൂരിപക്ഷം ലോക്കൽ കമ്മിറ്റികളും ഇപ്പൊൾ ഫ്രെയിം ചെയ്തിട്ടുള്ളത് ഇങ്ങനെയാണ്. അതിന്റെ ഘടന ആ രൂപത്തിലേക്ക് മാറ്റിക്കഴിഞ്ഞു.'
കടുത്ത മാനസിക സമ്മർദ്ദത്തിലാണ് കെടിഡിസി ചെയർമാൻ സ്ഥാനത്തുനിന്ന് രാജിവെച്ചതെന്ന് ശശി പറഞ്ഞു. 'എനിക്ക് കടുത്ത മാനസിക സമ്മർദ്ദമായിരുന്നു. സർക്കാറിന് ഞാൻ സ്വീകാര്യനാണ്. പക്ഷേ, പാർട്ടിക്ക് സ്വീകാര്യനല്ല. ഇത് രണ്ടും തമ്മിൽ ഒരിക്കലും പൊരുത്തപ്പെടില്ല. അത്തരമൊരു സാഹചര്യത്തിൽ ഇത് വേണ്ട എന്നൊക്കെ തീരുമാനിച്ച് ഇങ്ങനെ നിൽക്കുമ്പോഴാണ് നടപടിക്ക് വിധേയനായ എന്നെ പറ്റി ജില്ലാ സെക്രട്ടറിയുടെ കമന്റ് വരുന്നത്. പാർട്ടിയുടെ നാൽപ്പത്തൊന്നായിരം മെമ്പർമാരിൽ ഒരാളാണ് ശശിയെന്ന്.
ഇടതുപക്ഷ വിരുദ്ധമായ വിധിയെഴുത്തായിരിക്കും ഈ തിരഞ്ഞെടുപ്പിൽ ഉണ്ടാവുക. ഇടതുപക്ഷത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദൗർബല്യം ഒരാളുടെ വ്യക്തിപ്രഭാവത്തിലാണ് മുന്നോട്ടു പോകുന്നതെന്നതാണ്. അത് മാത്രമാണ് പ്ലസ്. അതിനപ്പുറത്തേക്ക് ഒന്നുമില്ല. എന്നാൽ നെഗറ്റീവ് ആയ ഒരുപാട് ഘടകങ്ങളുണ്ട്. ഒരുപാട് വിഷയങ്ങളുണ്ട്. പുറത്തു വന്നുകൊണ്ടിരിക്കുന്ന ഓരോ സംഭവങ്ങളും എൽഡിഎഫിന് എതിരായി വന്നുകൊണ്ടിരിക്കുകയാണ്. ശശി പറഞ്ഞു.
Content Highlights: PK Sasi asserts that MV Govindan lacks the maturity and stature of late leader Kodiyeri Balakrishnan., Claims his suspension was a result of internal party conspiracy and false allegations., Criticizes the current state of the CPM in Palakkad, alleging manipulation of party committees., Expresses deep loyalty to Pinarayi Vijayan despite internal party issues., Predicts a negative trend for LDF in the upcoming elections due to internal decay.