യുപിയിലെ ബുൾഡോസർരാജ് പോലെയല്ല കർണാടകയിലേത്- പി.കെ. കുഞ്ഞാലിക്കുട്ടി

കാസർകോട്: ഉത്തർപ്രദേശിൽ നടന്നതുപോലുള്ള ബുൾഡോസർരാജല്ല ബെംഗളൂരു യെലഹങ്കയിലുണ്ടായതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. യെലഹങ്കയിൽ വീട് നഷ്ടപ്പെട്ടവരിൽ എല്ലാ വിഭാഗമാളുകളുമുണ്ട്. വീട് നഷ്ടമായവർക്ക് പുനരധിവാസമൊരുക്കുമെന്ന് കർണാടക സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്.
കാസർകോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. വിഷയമറിഞ്ഞപ്പോൾത്തന്നെ മുഖ്യമന്ത്രി സിദ്ദരാമയ്യ, ന്യൂനപക്ഷക്ഷേമമന്ത്രി സമീർ അഹ്‌മദ് എന്നിവരുമായി ബന്ധപ്പെട്ടു. കെഎംസിസിയുടെ പ്രവർത്തകർ അവിടെയുണ്ട്. സ്ഥലം ഒഴിയുന്നതിന് പലപ്രാവശ്യം നോട്ടീസ് കൊടുത്തുവെന്നും ഒഴിഞ്ഞുകിട്ടേണ്ട സ്ഥലമാണെന്നുമാണ് സർക്കാർ വാദം. അർഹിക്കുന്ന ആളുകൾക്ക് ആകർഷകമായ പുനരധിവാസ പാക്കേജ് കൊടുക്കുന്നുണ്ട്.
കോൺഗ്രസ് സർക്കാർ എന്ന് കേൾക്കുമ്പോൾ കയറെടുത്ത് ചാടിപ്പുറപ്പെട്ടവർ തരംതാണ പരിപാടിയാണ് ചെയ്യുന്നത്. സ്ഥലം ഏറ്റെടുക്കൽ എല്ലായ്പ്പോഴും പ്രയാസമുണ്ടാക്കും. അവിടെ മനുഷ്യത്വം പരിഗണിച്ച് ഒരുപക്ഷേ, കേരളം ചെയ്തതിനെക്കാൾ മെച്ചമായ പുനരധിവാസം ഉറപ്പുവരുത്താമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. കേരളത്തിലെ മുഖ്യമന്ത്രിയും അധികൃതരും ചെയ്യേണ്ടിയിരുന്നത് പുനരധിവാസം നടത്തുന്നതിന് ആവശ്യപ്പെടുകയും പ്രശ്നങ്ങൾക്ക് പരിഹാരം കാണലുമായിരുന്നു. പുനരധിവാസത്തിൽ ന്യൂനത വന്നാൽ പരിഹരിക്കുമെന്ന് അവർ പറയുന്നു. ആ സമീപനത്തെയാണ് കാണേണ്ടത്. കേരള സർക്കാർ ഇതിലെന്താണ് രാഷ്ട്രീയമെന്ന് നോക്കുകയാണ്. അത് ആളുകൾക്ക് മനസ്സിലാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Content Highlights: Muslim League leader P.K. Kunhalikutty states Bengaluru`s actions differ from UP`s `bulldozer raj`. Karnataka govt promises rehabilitation for affected families.