സമരം പോരാ, തിരഞ്ഞെടുപ്പ് ജയിക്കാൻ കമ്മിറ്റികളുണ്ടാക്കണം; തരൂർ അവസരവാദി- പറഞ്ഞതിലുറച്ച് പി.ജെ. കുര്യൻ
പത്തനംതിട്ട: പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച സമരസംഗമത്തില്‍ യൂത്ത് കോണ്‍ഗ്രസിനെതിരേ വിമര്‍ശനമുന്നയിച്ച സംഭവത്തില്‍ വിശദീകരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ മുന്‍ ഉപാധ്യക്ഷനുമായ പി.ജെ. കുര്യന്‍. സദുദ്ദേശ്യപരമായ ഒരു നിര്‍ദേശമാണ് യോഗത്തില്‍ മുന്നോട്ടുവെച്ചതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിലെ ബഹുഭൂരിപക്ഷം ഇടങ്ങളിലും യൂത്ത് കോണ്‍ഗ്രസിന്റെ മണ്ഡലം കമ്മിറ്റികളോ പഞ്ചായത്ത് കമ്മിറ്റികളോ ഇല്ല. തിരഞ്ഞെടുപ്പ് ജയിക്കാന്‍ അത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ ഗുണ്ടായിസത്തെ എതിരിടാന്‍ കോണ്‍ഗ്രസിലും ചെറുപ്പക്കാര്‍ വേണം. അതുകൊണ്ട് സമരത്തില്‍ മാത്രം കേന്ദ്രീകരിക്കാതെ ജില്ലാ നേതൃത്വം പഞ്ചായത്തുകളിലേക്കും മണ്ഡലങ്ങളിലേക്കും പോയി കമ്മിറ്റി രൂപവത്കരിക്കണമെന്നാണ് പറഞ്ഞതിന്റെ ഉദ്ദേശ്യം. അതിനിടയില്‍ എസ്എഫ്‌ഐയുടെ ഒരു സമരം ഉയര്‍ത്തിക്കാട്ടുക മാത്രമാണ് ചെയ്തത്. അത് ശരിയായ തരത്തില്‍ യൂത്ത് കോണ്‍ഗ്രസ് ഉള്‍ക്കൊണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്തുകളില്‍ 25 അംഗങ്ങളെയെങ്കിലും കണ്ടെത്തി കമ്മിറ്റി രൂപവത്കരിക്കണം. യുഡിഎഫ് ജയിക്കേണ്ട ബാങ്കുകളില്‍പ്പോലും വോട്ടിങ് ദിവസം എസ്എഫ്‌ഐക്കാര്‍ ബലമായി ബൂത്തില്‍ പ്രവേശിക്കുന്ന സ്ഥിതിയുണ്ട്. അതിനെ നേരിടാന്‍ പത്ത് യൂത്ത് കോണ്‍ഗ്രസുകാരെപ്പോലും കാണാനില്ല. പഞ്ചായത്തുകളിലെല്ലാം ഇതാണ് സ്ഥിതി. അതിനാല്‍ ശക്തമായ കമ്മിറ്റിയുണ്ടാകേണ്ടത് അനിവാര്യമാണ്. ടിവിക്കും സാമൂഹിക മാധ്യമങ്ങള്‍ക്കും പുറത്ത് 40 ശതമാനം ആളുകളുണ്ട് ഈ സംസ്ഥാനത്ത്. അവരെയും അഡ്രസ് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസുകാരെ പട്ടിയെ വിട്ട് കടിപ്പിക്കാന്‍ ശ്രമിക്കരുതെന്ന് കെസി ജോസഫിന്‍റെ വിമര്‍ശനത്തിനും അദ്ദേഹം മറുപടിനല്‍കി. തന്റെ വീട്ടില്‍ പട്ടിയുമില്ല, ഗേറ്റുമില്ല. ഏതൊരാള്‍ക്കും എപ്പോഴും വരാം. പട്ടിയും ഗേറ്റുമുള്ളവരാണ് ഇത് പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലങ്ങളിലും പഞ്ചായത്തുകളിലും കമ്മിറ്റി രൂപവത്കരിക്കാന്‍ യൂത്ത് കോണ്‍ഗ്രസാണ് മുന്‍കൈയെടുക്കേണ്ടത്. തങ്ങളാലാവുന്ന പരമാവധി സഹായങ്ങള്‍ അതിനുണ്ടാവും. തനിക്ക് വേണമെങ്കില്‍ മറ്റു നേതാക്കളെപ്പോലെ ഡല്‍ഹിയിലോ തിരുവനന്തപുരത്തോ ഒക്കെ താമസിക്കാമായിരുന്നു. ഇവിടെവന്ന് താമസിക്കുന്നത് ഇവിടത്തെ കോണ്‍ഗ്രസിനെ സഹായിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
ശശി തരൂരിനെതിരായ ഫെയ്‌സ്ബുക് കുറിപ്പിലും അദ്ദേഹം ഉറച്ചുനിന്നു. ഇന്ദിരാഗാന്ധിയോടും അടിയന്തരാവസ്ഥയോടും ഇത്ര രൂക്ഷമായ വിമര്‍ശനമുണ്ടായിരുന്നെങ്കില്‍ തരൂര്‍ കോണ്‍ഗ്രസില്‍ ചേരരുതായിരുന്നു. മോദി പ്രധാനമന്ത്രിയായപ്പോള്‍ മോദിയെ പുകഴ്ത്തുകയും കോണ്‍ഗ്രസിനെ ഇകഴ്ത്തുകയും ചെയ്യുന്നത് അവസരവാദമാണ്. അധികാരത്തിന്റെ കൂടെയാണ് എപ്പോഴും അദ്ദേഹമുള്ളത്. തനിക്ക് പല ഓഫറുകളും മുന്നോട്ടുവെച്ചിരുന്നു. പക്ഷേ, പോയില്ല. കാരണം തനിക്കൊരു ആദര്‍ശമുണ്ട്. തരൂര്‍ ബിജെപിയിലേക്ക് പോകരുതെന്നാണ് അഭിപ്രായം. തരൂരിന് വിയോജിപ്പുണ്ടെങ്കില്‍ തരൂരിനോട് സംസാരിക്കേണ്ടത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കടമയാണെന്നും കുര്യന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: P.J. Kurein Addresses Youth Congress Criticism