ഫോട്ടോ ജേണലിസ്റ്റ് എൻ.പി. ജയൻ മരിച്ചനിലയിൽ

#ന്യൂസ് ഡെസ്‌ക്
എന്‍.പി. ജയന്‍
എന്‍.പി. ജയന്‍

സുൽത്താൻബത്തേരി(വയനാട്): ഫോട്ടോ ജേണലിസ്റ്റും ഏറെക്കാലം ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് ഫോട്ടോഗ്രാഫറുമായിരുന്ന എൻ.പി. ജയനെ (54) വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. വയനാട് നൂൽപ്പുഴ നെന്മേനിക്കുന്ന് സ്വദേശിയായ നിരവത്ത് വീട്ടിൽ ജയൻ കുറച്ചായി വീട്ടിൽ തനിച്ചായിരുന്നു താമസം. ശനിയാഴ്ച വൈകീട്ട് ഏഴിന് സമീപത്തുള്ള സഹോദരൻ വിജയന്റെ വീട്ടിൽനിന്ന് ഭക്ഷണവുമായെത്തിയപ്പോഴാണ് സംഭവമറിഞ്ഞത്.

ഇന്ത്യൻ എക്‌സ്പ്രസിൽനിന്ന് 2017-ൽ വിരമിച്ചു. പിന്നീട് മാധ്യമം പത്രത്തിലും മാതൃഭൂമി സീഡ് പ്രോജക്ടിലും പ്രവർത്തിച്ചു. ദേശീയ ദിനപത്രങ്ങളിലും മാസികകളിലും ജയന്റെ ചിത്രങ്ങൾ അച്ചടിച്ചുവന്നിരുന്നു. വയനാട്ടിൽ നൂൽപ്പുഴയ്ക്കടുത്ത ഞണ്ടൻകൊല്ലിയിലെ ആദിവാസികോളനിയിലെ പട്ടിണിമരണത്തെക്കുറിച്ചുള്ള ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടു. സുൽത്താൻബത്തേരി ചുങ്കത്ത് 'വിബ്ജിയോർ' എന്ന സ്റ്റുഡിയോയും 'എൻ.പി. ജയൻ സ്‌കൂൾ ഓഫ് ഫോട്ടോജേണലിസം' എന്ന സ്ഥാപനവും നടത്തിയിരുന്നു. ഡൽഹി, െബംഗളൂരു ഉൾപ്പെടെ ഒട്ടേറെ സ്ഥലങ്ങളിൽ ഫോട്ടോ എക്‌സിബിഷൻ നടത്തിയിട്ടുണ്ട്. പിന്നീട് 'പ്രകൃതി' എന്നപേരിൽ ഫാം ഹോംസ്റ്റേയും കൃഷിയുമൊക്കെയായി കഴിഞ്ഞുവരുകയായിരുന്നു. അച്ഛൻ: പരേതനായ പ്രഭാകരൻ. അമ്മ: പരേതയായ പങ്കജാക്ഷി. ഞായറാഴ്ച സംസ്‌കാരം നടത്തും.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Content Highlights: Renowned photojournalist N.P. Jayan, former The New Indian Express photographer, found deceased at his Sultan Bathery residence. A loss for journalism.