ചികിത്സയ്ക്ക് കൊണ്ടുപോയ വളർത്തുനായയുടെ ശരീരം തളർന്നു; ചികിത്സ പിഴവെന്ന് പരാതി

കോട്ടുവള്ളി: ചികിത്സ പിഴവുമൂലം വളർത്തുനായയുടെ ശരീരം തളർന്നുപോയതായി ഉടമയുടെ പരാതി. കോട്ടുവള്ളി കൈതാരം സ്‌കൂൾപ്പടിക്ക് സമീപം അഞ്ജലിയിൽ എ.പി. വിഷ്ണുപ്രസാദിന്റെ സൈബീരിയൻ ഹസ്‌കി ഇനത്തിൽപ്പെട്ട 'അകിര' എന്ന വളർത്തുനായാണ് ശരീരം തളർന്ന നിലയിലായത്. ഒന്നര ലക്ഷം രൂപയോളം വില വരുന്ന നായയാണിത്. മൃഗസംരക്ഷണ വകുപ്പിന്റെ ആലുവയിലുള്ള ജില്ലാ ഓഫീസിലും തിരുവനന്തപുരത്തെ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടേറ്റിലും നോർത്ത് പറവൂർ പോലീസ് സ്‌റ്റേഷനിലും ഇതുസംബന്ധിച്ചു പരാതി നൽകിയിട്ടുണ്ട്.
ഓഗസ്റ്റ് 29 മുതലാണ് നായ ഭക്ഷണം കഴിക്കാതെയായത്. വിരലുകളിലുൾപ്പടെ അസ്വസ്ഥതകൾ കണ്ടുതുടങ്ങി. രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് നോർത്ത് പറവൂരിലുള്ള മൃഗസംരക്ഷണ കേന്ദ്രത്തിലെത്തിച്ച് നായയുടെ രക്തവും പ്ലേറ്റ്ലെറ്റുകളുടെ പരിശോധനയും നടത്തിയത്. നായയ്ക്ക് ടിക് ഫീവർ(ചെള്ളുപനി) ആണെന്നു ഡോക്ടർ സ്ഥിരീകരിക്കുകയും കുത്തിവയ്പും മരുന്നുകളും നൽകുകയും ചെയ്തു. തൊട്ടടുത്ത ദിവസം തന്നെ നായയുടെ ആരോഗ്യനില കൂടുതൽ വഷളായതോടെ വീണ്ടും ആശുപത്രിയിൽ എത്തിച്ചു. അഞ്ചു ദിവസത്തെ കുത്തിവയ്പുകൾ കൂടി ഡോക്ടർ നിർദ്ദേശിക്കുകയും അതെടുക്കുകയും ചെയ്തു. അതിനുശേഷം നായയുടെ ശരീരം പൂർണ്ണമായും തളർന്നുപോയതായി ഉടമ വിഷ്ണുപ്രസാദ് പറയുന്നു.
തുടർന്നു തൃപ്പൂണിത്തുറയിലുള്ള സ്വകാര്യ ആശുപത്രിയിലെ പരിശോധനയിലാണ് നായയ്ക്ക് ചെള്ളുപനിയല്ലെന്ന സംശയമുണ്ടായത്. നാഡീ സംബന്ധമായ ഗുരുതര പ്രശ്‌നങ്ങൾ നായയിൽ കണ്ടെത്തുകയും ചെയ്തു. തുടർന്നാണ് മണ്ണൂത്തി വെറ്റിനറി കോളേജിലെത്തിച്ച് പി.സി.ആർ., സ്മിയർ പരിശോധനകൾ നടത്തിയെങ്കിലും നായയുടെ അവസ്ഥയിൽ മാറ്റമൊന്നുമുണ്ടായില്ല. ചെന്നൈയിൽ കൊണ്ടുപോയി സി.ടി. സ്‌കാൻ പരിശോധനയ്ക്ക് ശേഷം മാത്രമെ തുടർചികിത്സ സാധ്യമാകുവെന്നാണ് ഡോക്ടർമാർ പറഞ്ഞിട്ടുള്ളത്.
ഇതിനോടകം തന്നെ നായയുടെ ചികിത്സയ്ക്കായി മുപ്പതിനായിരം രൂപയോളം ചെലവാക്കിയെന്നും വിഷ്ണുപ്രസാദ് പറഞ്ഞു. നാലു ദിവസത്തിനകം നായയെ വിമാനത്തിൽ ചെന്നൈയിലെത്തിച്ച് സി.ടി. സ്‌കാൻ നടത്താനുള്ള തയ്യാറെടുപ്പിലാണ് വിഷ്ണുപ്രസാദ്. നായയ്ക്ക് വാക്‌സിനേഷൻ എടുക്കുന്നതിനായി ചെറിയപ്പിള്ളിയിലും ഏഴിക്കരയിലുമുള്ള മൃഗാശുപത്രിയിൽ ചെന്നെങ്കിലും ഡോക്ടർമാർ തയ്യാറായില്ലെന്നും സ്വകാര്യ ആശുപത്രിയെ ആശ്രയിക്കേണ്ടിവന്നെന്നും വിഷ്ണുപ്രസാദ് പറഞ്ഞു.