സോന പിൻസീറ്റിലിരുന്നത് വഴക്കുണ്ടായതിനെത്തുടർന്ന്; ഗർഭിണി മരിച്ച സംഭവം ആത്മഹത്യയാണോയെന്ന് അന്വേഷണം

പേരാമ്പ്ര: ചെറുവണ്ണൂർ കക്കറമുക്ക് റോഡിൽ കാർ കത്തി ഗർഭിണിയായ സോന (27) മരിച്ച സഭവത്തിൽ പോലീസിന് ലഭിച്ച പെട്രോൾപമ്പിലെ സി.സി.ടി.വി. ദൃശ്യം അന്വേഷണത്തിൽ പ്രധാന വഴിത്തിരിവായി. ഒരു യുവതി നടന്ന് പേരാമ്പ്രയിലെ പെട്രോൾ പമ്പിലേക്കെത്തുകയും വെളുത്ത കാനിൽ പെട്രോൾവാങ്ങി നടന്നു മടങ്ങിപ്പോവുകയും ചെയ്യുന്ന ദൃശ്യമാണു ലഭിച്ചത്.
സംഭവംനടന്ന 15-ന് വൈകീട്ട് 7.25-ഓടെ പെട്രോൾ വാങ്ങുന്നതായാണ് ദൃശ്യത്തിലുള്ളത്. ഈ യുവതി സോനയാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. കാറിൽ പെട്രോൾ കത്തിയാണ് തീപ്പിടിത്തമുണ്ടായതെന്നും അന്വേഷണസംഘം നിഗമനത്തിലെത്തിയിട്ടുണ്ട്. സോനയുടെ അമ്മാവൻ സത്യൻ ഉൾപ്പെടെയുള്ളവരെ മേപ്പയ്യൂർ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി സോന പെട്രോൾവാങ്ങുന്ന ദൃശ്യം കാണിക്കുകയുംചെയ്തു.
കാറിന് ഉൾവശം മാത്രമായിരുന്നു കത്തിനശിച്ചത്. എൻജിൻ ഭാഗത്തോ, ഡീസൽ ടാങ്ക് ഭാഗത്തോ തീപ്പിടിത്തമുണ്ടായിട്ടില്ല. സി.സി.ടി.വി. ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ സോന തന്നെ പെട്രോളൊഴിച്ച് കത്തിച്ചതാണോ എന്ന കാര്യമാണ് അന്വേഷണസംഘം ഒടുവിൽ പരിശോധിക്കുന്നത്. തീപ്പിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ കക്കറമുക്ക് പൂവത്തുംചാലിൽ രജിൻലാൽ (34) ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. രജിൻലാലിന്റെ മൊഴിയും പോലീസ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു.
പെട്രോളിന്റെ മണം അനുഭവപ്പെട്ടപ്പോൾ അതേക്കുറിച്ച് ചോദിച്ച സമയത്തുതന്നെ പിന്നിൽനിന്ന് തീപ്പിടിത്തമുണ്ടായെന്നാണ് മൊഴി. രജിൻലാലിന്റെ പിൻഭാഗത്താണ് കൂടുതൽ പൊള്ളലേറ്റത്. രജിൻലാലുമായി തർക്കമുണ്ടായതിനെത്തുടർന്നാണ് സോന കാറിന്റെ പിൻസീറ്റിൽ കയറിയതെന്നും പറയുന്നു. ഇതെല്ലാംകൂടി പരിഗണിച്ചാണ് അന്വേഷകസംഘം അവസാന നിഗമനത്തിലേക്ക് എത്തിയത്.
സംഭവദിവസം ഉച്ചയോടെ സോനയെ രജിൻലാൽ വാല്യക്കോട്ടെ ഇളയമ്മയുടെ വീട്ടിൽ എത്തിച്ചു മടങ്ങിയിരുന്നു. രജിൻലാൽ വീട്ടിലേക്ക് കയറിയുമില്ല. രാത്രിയാണ് തിരികെയെത്തി സോനയെ കൂട്ടി മടങ്ങിയത്. വൈകീട്ട് സോന ഇളയമ്മയുടെ മകൾക്കൊപ്പം പേരാമ്പ്രയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയിരുന്നു. ഇളയമ്മയുടെ മകൾ ചെമ്പ്ര റോഡിന് സമീപത്തെ കടയിൽനിന്ന് സാധനങ്ങൾ വാങ്ങുന്ന സമയം സോന ഇവിടെനിന്ന് മറ്റൊരിടത്തേക്ക് പോയിരുന്നു. ഈ സമയത്താണ് പെട്രോൾ വാങ്ങിയതെന്നാണ് അന്വേഷണസംഘം അനുമാനിക്കുന്നത്. സാധനങ്ങൾ വാങ്ങാനായി വ്യത്യസ്ത സ്ഥലങ്ങളിലേക്കാണ് പോയതെന്നും സോന എന്താണ് വാങ്ങിയതെന്ന് അറിയില്ലെന്നുമാണ് ഇളയമ്മയുടെ മകൾ അശ്വതി പറയുന്നത്.
പെട്രോൾ ഒരു ബാഗിലാക്കിയാണ് പെട്രോൾ പമ്പിൽനിന്ന് സോന മടങ്ങിയത്. ഈ ബാഗിന്റെ അവശിഷ്ടം ഉൾപ്പെടെ കാറിൽനിന്ന് ഫൊറൻസിക് സംഘത്തിനു ലഭിച്ചിരുന്നു. പോസ്റ്റ് മോർട്ടത്തിൽ സോനയുടെ ശരീരത്തിൽ പെട്രോളിന്റെ അംശമുണ്ടെന്ന സൂചന ലഭിക്കുകയുംചെയ്തു. പേരാമ്പ്രയിൽനിന്ന് വാങ്ങിയ സാധനങ്ങളെപ്പറ്റി വിശദമായി പോലീസ് അന്വേഷണം നടത്തവെയാണ് കാര്യങ്ങളുടെ ചുരുളഴിഞ്ഞത്.
വിവാഹം കഴിച്ചത് കേസിനുശേഷം
ഏറെക്കാലം പ്രണയിച്ചാണ് രജിൻലാലും സോനയും വിവാഹിതരായത്. രജിൻലാൽ സോനയുമായി അകന്ന് മറ്റൊരു വിവാഹത്തിന് ഒരുങ്ങിയ സമയത്ത് സോന വടകര റെയിൽവേ സ്റ്റേഷനിൽ ചെന്ന് ആത്മഹത്യക്കു ശ്രമിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നുണ്ട്. ഇതിനു ശേഷം സോനയുടെ മൊഴിയിൽ രജിൻലാലിനെതിരേ കേസുമുണ്ടായി. പിന്നീട് ഇത് ഒത്തുതീർത്താണ് രജിൻലാൽ സോനയെ വിവാഹംകഴിച്ചത്. ഇതിനു ശേഷവും സോന മാനസികപീഡനം അനുഭവിക്കേണ്ടി വന്നിരുന്നുവെന്നാണ് അമ്മാവൻ സത്യൻ പറയുന്നത്. ഗർഭിണിയായശേഷം ഡി.എൻ.എ. പരിശോധനയടക്കം നടത്തണമെന്ന് പറഞ്ഞതായും പറയുന്നു.
ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ കൊലപാതകമാണെന്ന് സംശയമുണ്ടെന്നും സത്യൻ ആരോപിച്ചിരുന്നു. രജിൻലാലിന് വേറൊരു സ്ത്രീയുമായി പുതിയ സൗഹൃദമുണ്ടെന്നും തന്നെ ചതിക്കുകയാണെന്നും സംഭവദിവസം സോന പറഞ്ഞതായി ഇളയമ്മയുടെ മകൾ വെളിപ്പെടുത്തിയിരുന്നു.
Content Highlights: CCTV footage shows Sona purchasing petrol at a Perambra pump., Forensic evidence found remnants of a bag used to carry petrol inside the car., Victim Sona was pregnant at the time of the incident., Rojinlal, currently hospitalized, claims the fire started from the back seat., Investigation explores potential suicide or domestic dispute motives.