ആനയും തെയ്യവും കാവും ഉത്സവങ്ങളും കണ്ട് കൊതിതീർന്നില്ല, പെപിത ഇനി കേരളത്തിന്റെ സ്വന്തം മകൾ

തൃശ്ശൂർ: കേരളത്തിന്റെ വളർത്തുമകളായ പെപിത സേത്ത് ഇനിമുതൽ സ്വന്തം മകൾ. ആനയും തെയ്യവും കാവും ഉത്സവങ്ങളും കണ്ട് കൊതിതീരാത്ത ഈ എൺപത്തിനാലുകാരി ഇനി സ്വന്തം നാടായ ബ്രിട്ടനിലേക്ക് മടങ്ങില്ല. ഇന്ത്യൻ പൗരത്വം സ്വീകരിക്കാനുള്ള പെപിതയുടെ തീരുമാനത്തിന് വെള്ളിയാഴ്ച ഔദ്യോഗിക അംഗീകാരമാകും. തൃശ്ശൂർ കളക്ടറേറ്റിൽ നടക്കുന്ന ചടങ്ങിൽ കളക്ടർ അർജുൻ പാണ്ഡ്യനിൽനിന്ന് അവർ പൗരത്വസർട്ടിഫിക്കറ്റ് ഏറ്റുവാങ്ങും.
കേരളത്തിന്റെ കലയും സംസ്‌കാരവും ലോകത്തിന്റെ കാഴ്‌ചയിലെത്തിച്ച പെപിതയെ 2012-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. ബ്രിട്ടീഷ് പൗര ആയിരുന്നിട്ടുകൂടി കേരളത്തിൽനിന്നുള്ള പട്ടികയിലായിരുന്നു ആ പേര് ഇടംപിടിച്ചത്. ഔദ്യോഗികമായി ഇന്ത്യക്കാരിയാകുന്നതിൽ അഭിമാനമുണ്ടെന്ന് തൃശ്ശൂരിലെ വീട്ടിലിരുന്ന് പെപിത പറഞ്ഞു.
ഫോട്ടോഗ്രാഫറും എഴുത്തുകാരിയുമായ പെപിതയും കേരളവുമായുള്ള പ്രണയത്തിന് അരനൂറ്റാണ്ടിലേറെക്കാലത്തെ ആഴമുണ്ട്.
ബ്രിട്ടീഷ് പട്ടാളക്കാരനായിരുന്ന അമ്മയുടെ മുത്തച്ഛന്റെ ഡയറിത്താളുകൾ വായിച്ചുഭ്രമിച്ച് 27-ാം വയസ്സിലാണ് പെപിത ഇന്ത്യയിലേക്ക് തിരിച്ചത്. 1972-ലെ രണ്ടാംവരവിൽ കേരളത്തിലെത്തിയതോടെ ആ യുവതിക്കു പക്ഷേ, സ്വന്തം നാട്ടിലേക്ക് മടങ്ങേണ്ടെന്നായി. നിക്കോൺ ക്യാമറയിൽ അവർ പകർത്തിയ, മദപ്പാടിൽ പനമ്പട്ടയും മണ്ണും വീശിയെറിയുന്ന ഒരു ആനയുടെ അപൂർവചിത്രം ലോകശ്രദ്ധ നേടി. ആദ്യവരവിൽത്തന്നെ ഗുരുവായൂർ കേശവനെ കാണാനിടയായത് എല്ലാം മാറ്റിമറിച്ചുവെന്നാണ് പെപിത പറയുന്നത്.
1981-ൽ ഗുരുവായൂർ അടക്കമുള്ള ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ ഹിന്ദു ആചാരപ്രകാരമുള്ള അനുമതിയും പെപിത നേടിയെടുത്തു. ഗുരുവായൂരിൽ താമസിച്ചുനടത്തിയ നീണ്ടകാലത്തെ ഗവേഷണത്തിനുശേഷമാണ് ‘ഹെവൻ ഓൺ എർത്ത്: ദ യൂണിവേഴ്സ് ഓഫ് കേരളാസ് ഗുരുവായൂർ ടെമ്പിൾ’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്. ഇതിനിടെ പെപിതയുടെ ക്യാമറക്കണ്ണ് തെയ്യക്കോലങ്ങളുടെ മാസ്മരികസൗന്ദര്യത്തിലേക്കും തിരിഞ്ഞു. വടക്കൻ മലബാറിലെ ഗ്രാമങ്ങളിൽ തെയ്യം കലാകാരന്മാർക്കൊപ്പം 12 വർഷം സഞ്ചരിച്ച് നടത്തിയ ഗവേഷണത്തിനൊടുവിലാണ് ‘ഇൻ ഗോഡ്സ് മിറർ, ദ തെയ്യംസ് ഓഫ് മലബാർ’ എന്ന പുസ്തകമെഴുതിയത്.
ഗാന്ധി എന്ന വിശ്വപ്രസിദ്ധമായ ചിത്രത്തിൽ ജവാഹർലാൽ നെഹ്റുവിന്റെ വേഷമിട്ട റോഷൻ സേത്തായിരുന്നു ജീവിതപങ്കാളി. പിന്നീട് സേത്തുമായി വേർപിരിഞ്ഞെങ്കിലും പേരിന്റെ രണ്ടാംഭാഗം അവർ ഉപേക്ഷിച്ചില്ല. ദി എഡ്‌ജ് ഓഫ് അനദർ വേൾഡ് (നോവൽ), ദ ഡിവൈൻ ഫ്രെൻസി-ഹിന്ദു മിത്ത്സ് ആൻഡ് റിച്വൽസ് ഓഫ് കേരള എന്നീ പുസ്തകങ്ങളും പെപിതയുടേതായുണ്ട്. ലണ്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഏഷ്യാറ്റിക് സൊസൈറ്റിയുടെ വിഖ്യാതമായ റിച്ചാർഡ് ബർട്ടൺ പുരസ്‌കാരം ഇവരെ തേടിയെത്തി.
Content Highlights: British-born Pepita Seth, honored with Padma Shri for showcasing Kerala`s culture, officially becomes an Indian citizen in Thrissur. Learn her inspiring journey.