'പ്രതിരോധ ജാഥയ്ക്ക് 15,000 രൂപ തരണം'; മണല്‍ കടത്തുകാരനോട് CPM ബ്രാഞ്ച് സെക്രട്ടറി, ശബ്ദരേഖ പുറത്ത്

പത്തനംതിട്ട: സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് പണം ആവശ്യപ്പെട്ട് മണല്‍കടത്തുകാരന് സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയുടെ ഭീഷണി. പത്തനംതിട്ട പുളിമുക്ക് ബ്രാഞ്ച് സെക്രട്ടറി അരുണ്‍ മാത്യുവിന്റെ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. 3,000 രൂപ നല്‍കാമെന്ന് മണല്‍കടത്തുകാരന്‍ പറയുമ്പോള്‍ തന്റെ ദാനം വേണ്ടെന്നും 15,000 രൂപ വേണമെന്നും അരുണ്‍ ആവശ്യപ്പെടുന്നു.
മണല്‍ക്കടത്തുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും തനിക്ക് നേരിട്ട് അറിയാമെന്ന് അരുണ്‍ മാത്യു പറയുന്നു. പോലീസിന് പണം നല്‍കിയാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നത്. രാത്രി കാലങ്ങളില്‍ നദിയിലിറങ്ങി മണല്‍ വാരാന്‍ നിങ്ങളുടെ സംഘാംഗങ്ങള്‍ എത്തുമ്പോള്‍ തന്നെ തനിക്ക് വിവരം ലഭിക്കുന്നുണ്ടെന്നും മണല്‍കടത്തുകാരനുമായുള്ള സംഭാഷണത്തിനിടെ അരുണ്‍ പറയുന്നു.
മൂന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ശബ്ദ ശകലമാണ് പുറത്തുവന്നത്. ഫോണ്‍ സംഭാഷണത്തിന്റെ അവസാനംവരെ ഇരുവരും തമ്മിലുള്ള തര്‍ക്കമാണുള്ളത്. സഭ്യേതരമായ പദപ്രയോഗങ്ങളോടെയാണ് സംഭാഷണം അവസാനിക്കുന്നത്. മണല്‍കടത്തുകാരന് മിസ്ഡ് കോള്‍ വന്നതനുസരിച്ച് തിരിച്ചുവിളിച്ചാണ് സംഭാഷണം റെക്കോര്‍ഡ് ചെയ്തത്. പുറത്തുവന്ന സംഭാഷണം തന്റേതാണെന്നും മേഖലയിലെ ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ ശബ്ദരേഖ എഡിറ്റ് ചെയ്തു പ്രചരിപ്പിച്ചതാണെന്നുമാണ് അരുണിന്റെ വിശദീകരണം.
പുറത്തുവന്ന സംഭാഷണത്തില്‍ നിന്ന്:
അരുണ്‍ മാത്യു: ഇവിടുത്തെ പാര്‍ട്ടിയെ വെറുപ്പിച്ച് ഒരു പരിപാടിയും സമ്മതിക്കില്ല.
മണല്‍ കടത്തുകാരന്‍: ഒരു മൂന്ന് രൂപ തരാടാ.
അരുണ്‍ മാത്യു: നിങ്ങടെ ദാനം വേണ്ട പാര്‍ട്ടിക്കിവിടെ. നിങ്ങള്‍ വാരുന്നു, അപ്പോള്‍ ഒരുലോഡ് മണലിന്റെ കാശ് പാര്‍ട്ടിക്ക് തരണം. അത് തരാന്‍ കഴിയാതെ ഇവിടെ വാരാന്‍ പറ്റത്തില്ല. നിങ്ങള്‍ക്ക് ഒരു പതിനയ്യായിരം രൂപ പാര്‍ട്ടിക്ക് തരാന്‍ കഴിയില്ലെങ്കില്‍ ഞാന്‍ നിങ്ങളുമായി എങ്ങനെ കോംപ്രമൈസ് ചെയ്യും. വരുന്ന സംഭവം എന്താണെന്ന് അറിയാമോ, നിങ്ങളെല്ലാം പിടിക്കപ്പെടും. നിങ്ങടെ പേരുവെച്ച് പരാതിപ്പെടാന്‍ പോകുകയാണ്. അതിന്റെ ബാക്കി എന്താണെങ്കിലും ഞങ്ങള്‍ കൈകാര്യം ചെയ്തുകൊള്ളാം.
മണല്‍ കടത്തുകാരന്‍: എന്നാ ശരി, ഞാന്‍ പറയാനുള്ളത് പറഞ്ഞു നിന്നോട്.
അരുണ്‍ മാത്യു: പറയാനുള്ളതൊന്നുമല്ല, പാര്‍ട്ടിയെ ഭീഷണിപ്പെടുത്തി ഇവിടെ വാരുകയൊന്നും വേണ്ട.
മണല്‍ കടത്തുകാരന്‍: പാര്‍ട്ടിയെ നമ്മള്‍ ഭീഷണിപ്പെടുത്തിയിട്ടില്ല.
അരുണ്‍ മാത്യു: ഭീഷണിപ്പെട്ടിരിക്കുന്ന ആള്‍ക്കാരൊക്കെ നേരത്തെ ഉണ്ടായിരുന്നു. അങ്ങനെത്തെ ആള്‍ക്കാരൊന്നുമല്ല ഇപ്പോള്‍ ഇരിക്കുന്നത്. അത് പറയേണ്ടിടത്തൊക്കെ കൃത്യമായി പറഞ്ഞിട്ടുണ്ട്. ഒരു ലോഡ് മണലിന്റെ കാശ് നിങ്ങള്‍ക്ക് തരാന്‍ പറ്റുമെന്നുണ്ടെങ്കില്‍ നിങ്ങള്‍ വാരിക്കോ. നിങ്ങള്‍ പത്തോ നൂറോ വാരി വിറ്റാലും എനിക്ക് വിഷയമൊന്നുമില്ല. എന്റെ വീട്ടിലെ സാധനമല്ല ഈ വാരി വിടുന്നത്. ആറ്റില്‍ കിടക്കുന്ന സാധനമാണ് വാരുന്നത്.
Content Highlights: pathanamthitta pulimukk branch secretary arun mathew threatens illegal sand smuggler