വെങ്ങാനൂരുകാര്‍ പരാതിയുമായി ഇനി കോടതിയിലും പോലീസിലും പോകേണ്ട

#സ്വന്തം ലേഖകന്‍
വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തില്‍ തുടങ്ങിയ സ്ഥിരം അദാലത്ത് ഹൈക്കോടതി സീനിയര്‍ ജഡ്ജും കേരളാ ലീഗല്‍ സര്‍വ്വീസ്  അതോറിറ്റി എക്സിക്യൂട്ടീവ് ചെയര്‍മാനുമായ ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി.വി ശിവന്‍കുട്ടി സമീപം. ഫോട്ടോ - മാതൃഭൂമി
വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തില്‍ തുടങ്ങിയ സ്ഥിരം അദാലത്ത് ഹൈക്കോടതി സീനിയര്‍ ജഡ്ജും കേരളാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി എക്സിക്യൂട്ടീവ് ചെയര്‍മാനുമായ ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി.വി ശിവന്‍കുട്ടി സമീപം. ഫോട്ടോ - മാതൃഭൂമി

തിരുവനന്തപുരം( കോവളം): കോടതിയിലും പോലീസ് സ്റ്റേഷനിലും പോകാതെ തന്നെ ക്രിമിനലും സിവിലും ഗാര്‍ഹിക പ്രശ്നങ്ങളുമടക്കമുളള തര്‍ക്കങ്ങള്‍ പരിഹരിക്കാം. സംസ്ഥാനത്ത് ഇതാദ്യമായി ഗ്രാമ കോടതിയ്ക്ക് സമാനമായ പഞ്ചായത്ത് സ്ഥിരം അദാലത്തിന് വെങ്ങാനുര്‍ ഗ്രാമപഞ്ചായത്തില്‍ ശനിയാഴ്ച തുടക്കമായി.

ഒരു പ്രദേശത്ത് ഉണ്ടാകുന്ന തര്‍ക്കങ്ങളെ മധ്യസ്ഥരുടെ ഇടപെടലിലൂടെ ഒത്തുതീര്‍ക്കുന്നതിന് ഗാന്ധിജി വിഭാവനം ചെയ്ത ഗ്രാമസ്വരാജ് പ്രകാരമുളളതുമാണ് പഞ്ചായത്ത് അദാലത്ത്. ചില്ലിക്കാശിന്റെ ചിലവില്ലാതെ  പരാതിക്കാരന് പരിഹാരം ലഭിക്കുക എന്നതാണ് ഇതിന്റെ പ്രത്യേകത.

ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയും പഞ്ചായത്തും സംയുക്തമായാണ് ഇത് നടപ്പിലാക്കിയത്. എല്ലാ മാസത്തിലെയും ആദ്യ ശനിയാഴ്ചയാണ് അദാലത്ത് നടത്തുക. പരാതികള്‍ സ്വീകരിക്കുന്നതിന് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പരാതിപെട്ടിയും സ്ഥാപിച്ചിട്ടുണ്ട്. 

വെങ്ങാനൂരില്‍ നടന്ന പരിപാടി ഹൈക്കോടതി സീനിയര്‍ ജഡ്ജും കേരളാ ലീഗല്‍ സര്‍വ്വീസ്  അതോറിറ്റി എക്സിക്യൂട്ടീവ് ചെയര്‍മാനുമായ ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് ഉദ്ഘാടനം ചെയ്തു. നീതിയെ ജനങ്ങളിലേക്ക് കൂടുതല്‍ അടുപ്പിക്കുകയും സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ മാത്രമല്ല, അയല്‍ക്കാര്‍ക്കിടയില്‍ സമാധാനവും ധാരണയും വളര്‍ത്തിയെടുക്കാന്‍ സ്ഥിരം അദാലത്തിനു കഴിയുമെന്ന് ഗ്രാമ കോടതി ഗാന്ധിയന്‍ പ്രശ്ന പരിഹാര ഫോറം ഉദ്ഘാടനം ചെയ്ത മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.

പഞ്ചായത്തിൽ സംഘടിപ്പിച്ച അദാലത്ത്

പഞ്ചായത്ത് പരിധിയിലുളള 20- വാര്‍ഡിലുളളവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. കോടതി തീരുമാനത്തിന്റെ അതേ നിയമ സാധുതയുളള പരിഹാരമാണ് ഇരുകക്ഷികള്‍ക്കും ലഭിക്കുക എന്ന് പദ്ധതിയ്ക്കുവേണ്ടി മുന്‍കൈയെടുത്ത  ഗാന്ധി സ്മാരക നിധി ഉപദേശക സമിതി അധ്യക്ഷനും മുന്‍ ഹൈക്കോടതി ജഡ്ജിയുമായ എം.ആര്‍. ഹരിഹരന്‍ നായര്‍ പറഞ്ഞു.തുടര്‍ന്ന് ഉച്ചയ്ക്കുശേഷം സംഘടിപ്പിച്ച അദാലത്തില്‍ നിരവധി പരാതികള്‍ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞുവെന്ന് എന്ന് പ്രസിഡന്റ് ആര്‍.എസ്. ശ്രീകുമാര്‍ പറഞ്ഞു. 

ഗാന്ധി സ്മാരക നിധി ചെയര്‍മാന്‍ ഡോ.എന്‍.രാധാകൃഷ്ണന്‍ അധ്യക്ഷനായി. പ്രിന്‍സിപ്പില്‍ ജില്ലാ സെഷന്‍സ് ജഡ്ജും തിരുവനന്തപുരം ജില്ലാ ലീഗല്‍ സര്‍വ്വീസ് സൊസൈറ്റി ചെയര്‍മാനുമായ പി.വി.ബാലകൃഷ്ണന്‍, അഡീഷണല്‍ ജില്ലാ ജഡ്ജിയും ടി.എല്‍.എസ്.എ ചെയര്‍മാനുമായ  എം.എ ബഷീര്‍ സീനീയര്‍ സിവില്‍ ജഡ്ജും ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറിയുമായ എസ്. ഷംനാഥ്, സിറ്റിപോലീസ് കമ്മീഷണര്‍ ജി.സ്പര്‍ജന്‍കുമാര്‍, വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.എസ്. ശ്രീകുമാര്‍,വൈസ് പ്രസിഡന്റ് എസ്. ചിത്രലേഖ, സെക്രട്ടറി ആര്‍.റ്റി. ബിജുകുമാര്‍,അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി, ബോക്കംഗം കെ.എസ്.സാജന്‍, ജില്ലാ പഞ്ചായത്തംഗം ഭഗത് റൂഫസ്, പഞ്ചായത്തംഗങ്ങള്‍,കുടുംബശ്രീ പ്രവര്‍ത്തര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Content Highlights: Panchayat Adalat Launched in Venganoor offering a platform to resolve dispute without visiting court