പമ്പയിലെ തുണിമാലിന്യം; നദി ദേവസ്വത്തിന്റേത് മാത്രമല്ല, പെരുനാട് പഞ്ചായത്തും ഇടപെടണമെന്ന് ഹൈക്കോടതി

പത്തനംതിട്ട: പമ്പാനദിയെ മലിനമാക്കുന്ന തുണി ഉപേക്ഷിക്കൽ അവസാനിപ്പിക്കാൻ ശബരിമല സ്ഥിതിചെയ്യുന്ന പഞ്ചായത്തായ പെരുനാടിനും ഇടപെടേണ്ടിവരും. ഹൈക്കോടതി ഉത്തരവാണ് ഇതിന് അടിസ്ഥാനം. മറ്റിടങ്ങളിൽ നദികളുടെ പരിപാലനക്കാര്യത്തിൽ അതത് തദ്ദേശ സ്ഥാപനങ്ങൾ ഇടപെടുന്ന തരത്തിലുള്ള പ്രവർത്തനം പമ്പയിലും ഉണ്ടാകേണ്ടിവരും.
പെരുനാട് ഗ്രാമാപ്പഞ്ചായത്ത് ആരോഗ്യവിഭാഗം, മലിനീകരണ നിയന്ത്രണബോർഡ്, ശുചിത്വമിഷൻ എന്നിവടങ്ങളിലെ ഉദ്യോഗസ്ഥർ അടങ്ങിയ ടീം, ദേവസ്വംബോർഡ് ഉദ്യോഗസ്ഥരുമായി ചേർന്നുള്ള പ്രവർത്തനമാണ് ഹൈക്കോടതി നിർദേശിക്കുന്നത്. നിശ്ചിത ഇടവേളകളിൽ ഈ ടീം പമ്പാതീരം സന്ദർശിക്കണമെന്നും അടിഞ്ഞുകിടക്കുന്ന തുണികൾ നീക്കാനുള്ള നടപടി എടുക്കണമെന്നും ഉത്തരവിലുണ്ട്.
തുണികൾ നീക്കാൻ ദേവസ്വംബോർഡാണ് കരാർ നൽകുന്നത്. അതുകൊണ്ട് തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്ന നിലപാടാണ് പെരുനാട് പഞ്ചായത്ത് സ്വീകരിച്ചുപോരുന്നത്. നാറാണംതോട്ടിൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ പമ്പയിലെ തുണികൾ നീക്കണമെന്നും മലീനീകരണ പ്ലാന്റിലെ വെള്ളം പമ്പയിൽ കലരുന്നത് തടയണമെന്നും ആവശ്യപ്പെട്ട് പെരുനാട് പഞ്ചായത്ത് ദേവസ്വംബോർഡിന് കഴിഞ്ഞദിവസം കത്തുനൽകിയിരുന്നു.
പമ്പയിൽ തുണികൾ ഉപേക്ഷിക്കുന്നതിലൂടെ നദി മലിനമാകുന്നത് ഹൈക്കോടതി ഗൗരവത്തിലാണെടുത്തിരിക്കുന്നത്. തുണികൾ നീക്കുകയും പമ്പ പുണ്യനദിയായി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുകയും ചെയ്ത വിധിയിൽ, വരുംനാളുകളിൽ കോടതിയുടെ ശക്തമായ ഇടപെടൽ ഉണ്ടാകുമെന്നതിന്റെ സൂചനയാണ് തെളിയുന്നത്.
ഇക്കഴിഞ്ഞ ശബരിമല സീസണിൽ 25 ടൺ വസ്ത്രമാണ് പമ്പയിൽനിന്ന് വാരിയെടുത്തത്. തുണികൾ ലേലത്തിൽ പിടിച്ചയാൾ കൃത്യമായി വാരാത്തതാണ് പ്രശ്നമായി ദേവസ്വവും പെരുനാട് പഞ്ചായത്തും പറയുന്നത്. 2.8 ലക്ഷം രൂപയ്ക്കാണ് ലേലം കൊടുത്തിരിക്കുന്നത്. ഹൈക്കോടതി നിർദേശിച്ച പ്രകാരം ഗ്രാമപ്പഞ്ചായത്ത് പ്രതിനിധി അടക്കമുള്ള ടീമിന്റെ ഇടപെടൽ ഉണ്ടാവുന്നുണ്ടോ എന്ന വിവരം ശബരിമല സ്പെഷ്യൽ കമ്മിഷണർ ഹൈക്കോടതിക്ക് റിപ്പോർട്ട് ചെയ്യും.
ഉത്തരവാദിത്വം പഞ്ചായത്തിനല്ല - ഗിരിജാ മധു, പ്രസിഡന്റ്, പെരുനാട് ഗ്രാമപ്പഞ്ചായത്ത്
'പമ്പാനദിയിൽ ഉപേക്ഷിക്കുന്ന വസ്ത്രങ്ങൾ നീക്കേണ്ട ഉത്തരവാദിത്വം പഞ്ചായത്തിനല്ല. ദേവസ്വംബോർഡാണ് അത് ചെയ്യേണ്ടത്.' മാലിന്യം നീക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വത്തിന് കത്ത് നൽകിയിട്ടുണ്ടെന്നും പെരുനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ മധു.
Content Highlights: High Court mandates Perunad Panchayat to join efforts in clearing textile waste from Pamba River, along with Travancore Devaswom Board. Learn more about this crucial environmental directive.