ആരോടു പറയാന്‍? കരാര്‍ലംഘനം പതിവായിട്ടും പാലിയേക്കരയില്‍ മുടക്കമില്ലാതെ ടോള്‍പിരിവ്

പാലിയേക്കര: ദേശീയപാതയില്‍ കമ്പനിയുടെ കരാര്‍ലംഘനം പതിവായിട്ടും പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍പിരിവിനു മുടക്കമില്ല. ടോള്‍ നല്‍കുന്നവര്‍ക്ക് മികച്ച സേവനത്തിന് അവകാശമില്ലേയെന്ന ചോദ്യം കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ഉയര്‍ത്തിയത്. ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി തുടരുമ്പോഴും ടോള്‍പിരിവ് നടത്തുന്നതിനെതിരേ കോണ്‍ഗ്രസ് നേതാവ് ഷാജി കോടങ്കണ്ടത്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ ചോദ്യം.
2011 മുതല്‍ ടോള്‍പിരിവ് നടത്തുന്ന കമ്പനി അന്നുമുതല്‍ക്കേ കരാര്‍വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ ജാഗ്രത കാണിക്കുന്നില്ല. യാത്രക്കാര്‍ക്ക് കരാറില്‍ പറയുന്ന അനുബന്ധസൗകര്യങ്ങള്‍ പൂര്‍ത്തിയായശേഷമേ ടോള്‍ പിരിക്കാവൂയെന്ന നിബന്ധന കടലാസില്‍ മാത്രമാണ്.
ടോള്‍ ബൂത്തിനു മുന്നിലെ വരിയില്‍ അഞ്ച് വാഹനങ്ങളില്‍ കൂടുതല്‍ വന്നാല്‍ ബാരിക്കേഡ് തുറന്ന് വാഹനങ്ങള്‍ കടത്തിവിടണമെന്ന വ്യവസ്ഥ ഒരുവര്‍ഷംമുന്‍പാണ് പിന്‍വലിച്ചത്. ഇങ്ങനെയൊരു വ്യവസ്ഥയെക്കുറിച്ച് അത് പിന്‍വലിച്ചപ്പോള്‍ മാത്രമാണ് പുറംലോകം അറിഞ്ഞത്. 13 വര്‍ഷമാണ് നിര്‍മാണക്കമ്പനി ഇത് അവഗണിച്ച് ടോള്‍ പിരിച്ചത്.
ദേശീയപാതയ്ക്ക് അനുബന്ധമായി ഒരുക്കേണ്ട സര്‍വീസ് റോഡുകള്‍ ഇപ്പോഴും അപൂര്‍ണമാണ്. അഴുക്കുചാല്‍, നടപ്പാത, സിഗ്‌നല്‍, വഴിവിളക്കുകള്‍, വിശ്രമകേന്ദ്രങ്ങള്‍, ബസ് ബേകള്‍, അപകടങ്ങള്‍ ഉണ്ടായാല്‍ അറിയിക്കുന്നതിനുള്ള ഫോണ്‍സൗകര്യം എന്നിവയെല്ലാം ആവശ്യത്തിന് ഉപകരിക്കുംവിധം ഇപ്പോഴുമില്ല.
യാഥാര്‍ഥ്യം ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും നാട്ടുകാര്‍ക്കും അറിയാം. ഉത്തരവുകളും ഉറപ്പുകളും വാഗ്ദാനങ്ങളും വെറുംവാക്കുകള്‍ മാത്രമാണ്. ഗതാഗതക്കുരുക്ക് പരിഹരിക്കാതെ നടത്തിവന്ന ടോള്‍പിരിവ് നിര്‍ത്തിവെപ്പിച്ച കളക്ടറുടെ ഉത്തരവ് 24 മണിക്കൂര്‍ തികയുംമുന്‍പേ പിന്‍വലിച്ചതും ഒരുമാസംമുമ്പാണ്.
Content Highlights: Despite repeated contract violations, toll collection continues uninterrupted at paliyekkara