അഞ്ചര ഏക്കറിൽ പാളയം ന്യൂമാർക്കറ്റ്; മുന്നൂറോളം കടമുറികൾ,100 കോടി ചെലവ്; വിവാദങ്ങൾക്കിടെ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി

Photo: Screengrab/ Mathrubhumi News
Photo: Screengrab/ Mathrubhumi News

കോഴിക്കോട്: വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ അത്യാധുനിക രീതിയിൽ നിർമിച്ച സംസ്ഥാനത്തെ ഏറ്റവും വലിയ പച്ചക്കറി മാർക്കറ്റുകളിലൊന്നായ കല്ലുത്താൻകടവിലെ ന്യൂപാളയം മാർക്കറ്റ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പദ്ധതികൾ നടപ്പാക്കുന്നത് സ്വാഭാവികമാണ്. അത് നാടിന് ഗുണകരമാണെങ്കിൽ അനുകൂലിക്കുകയാണ് എല്ലാവരും ചെയ്യേണ്ടതെന്ന് പ്രതിപക്ഷത്തെ വിമർശിച്ചുകൊണ്ട് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

തിരഞ്ഞെടുപ്പ് വരുമ്പോൾ കക്ഷിരാഷ്ട്രീയ മത്സരം ഉണ്ടാകും. എന്നാൽ, അത് കഴിയുന്നതോടെ ആരാണ് ഭരിക്കേണ്ടതെന്ന് വ്യക്തമാകും. മത്സരം തിരഞ്ഞെടുപ്പ് രംഗത്തല്ലേ? മത്സരത്തിൽ ജയവും പരാജയവും ഉണ്ടാകും. മത്സരം കഴിഞ്ഞാൽ നാടിന്റെ വികസന പദ്ധതി നടപ്പാക്കുന്നതിൽ ജയിച്ചവരും പരാജയപ്പെട്ടവരും ഒരുപോലെ താത്പ്പര്യം കാണിക്കണം. ജയിച്ചവർ ഏതെങ്കിലും തരത്തിലുള്ള അലംഭാവം കാണിച്ചാൽ അതിനെ വിമർശിക്കണം. പ്രതിപക്ഷം ആ കാര്യങ്ങൾ കൃത്യമായി ചെയ്യണം. അത് പാർലമെന്ററി നടപടിക്രമത്തിന്റെ രീതിയാണ്, മുഖ്യമന്ത്രി പറഞ്ഞു. എല്ലാത്തിനേയും എതിർക്കാനാണോ പ്രതിപക്ഷം, അത്തരത്തിൽ ഒരു തെറ്റിദ്ധാരണ ഉണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

നല്ല കാര്യങ്ങൾ അംഗീകരിക്കുകയും അതിനെ പിന്തുണയ്ക്കുകയുമാണ് വേണ്ടത്. ദൗർഭാഗ്യവശാൽ കേരളത്തിൽ സമീപകാലത്ത് അങ്ങനെ അല്ല. പല പ്രയാസങ്ങളാണ് പ്രതിപക്ഷത്തെ ഭരിക്കുന്നത്. നേട്ടങ്ങളും പുരോഗതിയും കണ്ടില്ലെന്ന് അവർ നടിക്കുകയാണ്. നേട്ടങ്ങൾ നാടിനാണ്, തങ്ങൾക്ക് നേട്ടമുണ്ടായില്ല എന്ന് പറയുകയാണെങ്കിൽ ശരിയായിരിക്കാം. ഏതെങ്കിലും പ്രത്യേക മോഹക്കാർക്ക് നേട്ടങ്ങൾ ഉണ്ടാക്കാനല്ല, നാടിനു വേണ്ടിയാണ് ഏത് ഭരണസംവിധാനവും. പൊതുജനങ്ങൾ ശരിയായ രീതിയിൽ കാര്യങ്ങൾ തിരിച്ചറിയുന്നുണ്ട്, മുഖ്യമന്ത്രി ഉദ്ഘടന പ്രസംഗത്തിൽ പറഞ്ഞു.

'പുതിയ മാർക്കറ്റിലേക്ക് മാറില്ല'; പ്രതിഷേധവുമായി ഒരു വിഭാഗം കച്ചവടക്കാർ

കോഴിക്കോട് പാളയത്തെ പഴം പച്ചക്കറി മാർക്കറ്റ് കടവിലേക്ക് മാറ്റുന്നതിൽ വ്യാപക പ്രതിഷേധവുമായി വ്യാപാരികളും തൊഴിലാളികളും. കല്ലുത്താൻകടവിലെ ബിഒടി അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന പുതിയ കെട്ടിടത്തിൽ വലിയ വാടക കൊടുക്കേണ്ടി വരുമെന്നാണ് വ്യാപാരികൾ പറയുന്നത്. ചെറുകിട കച്ചവടക്കാർക്ക് തൊഴിൽ ചെയ്യാൻ ആവശ്യമായ സൗകര്യങ്ങൾ ഇല്ലെന്നും കച്ചവടക്കാർ പറയുന്നു. പാളയം ബസ് സ്റ്റാൻഡിനടുത്ത് സ്ഥിതി ചെയ്യുന്ന മാർക്കറ്റ് ആയതിനാൽ ആളുകൾ ധാരാളമെത്തും. കല്ലുത്താൻ കടവിലേക്ക് മാറ്റിയാൽ കച്ചവടം കുറയുമെന്നും കച്ചവടക്കാർ പറയുന്നു. പാളയത്ത് നടത്തിയ പ്രതിഷേധം പോലീസ് തടഞ്ഞതോടെ സമരക്കാരും പോലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.

അത്യധുനിക സൗകര്യങ്ങളോടെ പുതിയ മാർക്കറ്റ്

പാളയത്തെ പഴയ മാർക്കറ്റിനെ അപേക്ഷിച്ച് ഏറെ സൗകര്യങ്ങളോട് കൂടിയാണ് കല്ലുത്താൻ കടവിലെ ന്യൂ പാളയം മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചത്. അഞ്ചരയേക്കറോളം വരുന്ന സ്ഥലത്ത് കല്ലുത്താൻ കടവ് ഡെവലപ്‌മെന്റ് സൊസൈറ്റിയാണ് (കാഡ്കോ) 100 കോടിയോളം രൂപ ചെലവഴിച്ച് ആറ് ബ്ലോക്കുകളുള്ള കെട്ടിടം നിർമ്മിച്ചത്.

മൂന്നര ലക്ഷം സ്‌ക്വയർ ഫീറ്റിൽ നിർമ്മിച്ചിരിക്കുന്ന കെട്ടിടത്തിൽ 300 ഓളം ഫ്രൂട്‌സ് ആന്റ് വെജിറ്റബിൾ ഷോപ്പുകളാണുള്ളത്. മുന്നൂറിലധികം കടമുറികളിൽ താഴത്തെ നിലയിലെ 153 കടമുറികളാണ് പാളയത്തെ മാർക്കറ്റിലുള്ളവർക്ക് നൽകിയത്. പാളയത്തെ അനുബന്ധ കച്ചവടക്കാർക്കും സൗകര്യമുണ്ട്. ഒരേസമയം, 500 ഓളം വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. സാധനങ്ങൾ വാങ്ങാനെത്തുന്നവർക്ക് വിനോദത്തിനുള്ള സൗകര്യങ്ങൾ, ശീതീകരിച്ച വിശ്രമകേന്ദ്രം, ശുചിമുറികൾ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.

Content Highlights: palayam new market inauguration protest pinarayi vijayan