പാലക്കാട്ട് സ്‌കൂൾബസും സ്വകാര്യബസും കൂട്ടിയിടിച്ചു, വിദ്യാർഥികൾക്കും ഡ്രൈവർക്കും പരിക്ക്

പാലക്കാട്ടുണ്ടായ അപകടത്തിന്റെ ദൃശ്യം | സ്ക്രീൻ​ഗ്രാബ്
പാലക്കാട്ടുണ്ടായ അപകടത്തിന്റെ ദൃശ്യം | സ്ക്രീൻ​ഗ്രാബ്

പാലക്കാട്: പൊമ്പ്ര മണ്ണോത്തുംപടിയിൽ സ്‌കൂൾബസ്സും സ്വകാര്യബസ്സും കൂട്ടിയിടിച്ച് അഞ്ച് വിദ്യാർഥികൾക്കും ഡ്രൈവർക്കും പരിക്കേറ്റു. മണ്ണാർക്കാട്-ചങ്ങിലീരി-പൊമ്പ്ര-കൂട്ടിലക്കടവ് റൂട്ടിലോടുന്ന സ്വകാര്യ ബസും പൊമ്പ്ര പി.പി.ടി.എം.എച്ച്. സ്കൂളിന്റെ ബസുമാണ് കൂട്ടിയിടിച്ചത്. ബുധനാഴ്ച രാവിലെ ഒമ്പതുമണിക്കായിരുന്നു അപകടം.

പൊമ്പ്ര എ.യു.പി.സ്‌കൂളിലെ വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. മുഹമ്മദ് ഷമാസ്, ആസിഫലി, സൈഫുദ്ദീൻ, അർഷാദ്, ലബീദ് എന്നിവർക്കാണ് നിസ്സാര പരിക്കേറ്റത്. പരിക്കേറ്റ അഞ്ചു വിദ്യാർഥികളെ കാരാകുറിശിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്‌കൂൾ ബസ്സിലെ ഡ്രൈവർ കരിമ്പുഴ സ്വദേശി ബാബുവിനും പരിക്കുണ്ട്.

രാവിലെ കൂട്ടിലക്കടവിൽനിന്ന് പൊമ്പ്രയിലേക്ക് വരികയായിരുന്നു സ്‌കൂൾ ബസ്. കുട്ടികളെ എടുക്കാൻ തുടങ്ങിയ സമയത്തായതിനാൽ കുറച്ച് കുട്ടികളും അധ്യാപികയും മാത്രമാണ് ബസ്സിലുണ്ടായിരുന്നത്. സ്വകാര്യബസ് മണ്ണാർക്കാട്ടുനിന്ന് കൂട്ടിലക്കടവിലേക്ക് വരികയായിരുന്നു.

Content Highlights: A school bus and private bus collision in Palakkad`s Pompra injured students and driver