പാലക്കാട് ഗവ. മെഡിക്കൽ കോളേജ് നിലവിൽ വന്നിട്ട് 10 വർഷം; കിടത്തിച്ചികിത്സപോലും ഇപ്പോഴുമില്ല

പാലക്കാട് ഗവ. മെഡിക്കൽ കോളേജ്
പാലക്കാട് ഗവ. മെഡിക്കൽ കോളേജ്

പാലക്കാട്: പാലക്കാട് ഗവ. മെഡിക്കൽ കോളേജ് നിലവിൽ വന്നിട്ട് വ്യാഴാഴ്ച 10 വർഷം പൂർത്തിയായി. മികച്ച ചികിത്സാസൗകര്യങ്ങൾ ഉറപ്പാക്കുമെന്ന പ്രഖ്യാപനത്തോടെ തുടങ്ങിയ സ്ഥാപനത്തിൽ കിടത്തിച്ചികിത്സപോലും ഇപ്പോൾ ഇല്ല. ഇടക്കാലത്ത് തുടങ്ങിയെങ്കിലും പിന്നീടത് നിർത്തി. ഗവ. മെഡിക്കൽ കോളേജിലെ പഠനസൗകര്യങ്ങളുടെ അപര്യാപ്തതയും അധ്യാപകരുടെ കുറവും ഇപ്പോഴും തുടരുന്നു.

കെട്ടിടങ്ങളുയർന്നു എന്നല്ലാതെ ഒരു മെഡിക്കൽ കോളേജിന്റെ എല്ലാ സേവനങ്ങളും ഇവിടെ എന്ന് ആരംഭിക്കാനാവുമെന്നതിൽ അധികൃതർക്കുപോലും കൃത്യമായ ധാരണയില്ല. പട്ടികജാതി വികസന വകുപ്പിനു കീഴിൽ മുഖ്യമന്ത്രി ചെയർമാനും പട്ടികവിഭാഗ വികസന വകുപ്പ് മന്ത്രി വൈസ് ചെയർമാനുമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കൽ സയൻസസിനാണു കോളേജിന്റെ ചുമതല.

പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ 2014-ൽ സെപ്റ്റംബർ 19-നാണ് പാലക്കാട് ഗവ. മെഡിക്കൽ കോളേജ് സ്ഥാപിതമായത്. രാജ്യത്ത് ആദ്യമായിട്ടായിരുന്നു പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ ഒരു മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നത്.

ആവശ്യത്തിന് ജീവനക്കാരില്ല

2024 മാർച്ചിൽ കിടത്തിച്ചികിത്സയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തെങ്കിലും ഇനിയും പൂർണരീതിയിൽ സജ്ജമായിട്ടില്ല. മുൻ മാസങ്ങളിൽ 20-ഓളം പേരെ കിടത്തിച്ചികിത്സിച്ചെങ്കിലും ജീവനക്കാരുടെ കുറവ് ഇത് തുടരുന്നതിന് തടസ്സമായി.

കരാർ കാലാവധി കഴിഞ്ഞിട്ടുതന്നെ ആറുവർഷം

2016 െഫബ്രുവരി 28-നാണ് െമഡിക്കൽ കോളേജ് െകട്ടിടത്തിന്റെ നിർമാേണാദ്ഘാടനം നടന്നത്. 2018 ഫെബ്രുവരി 28-നകം കെട്ടിടങ്ങൾ പൂർത്തിയാക്കണമെന്നായിരുന്നു കരാർ. പിന്നീട് പൂർത്തിയാക്കൽ കാലാവധി പലതവണ മാറ്റി. അഴുക്കുചാൽ, റോഡ് എന്നിവയുടെ പണികളിനിയും ബാക്കിയാണ്. മെഡിക്കൽ കോളേജ് മെയിൻ ബ്ലോക്ക് പൂർത്തിയായിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റലുമുണ്ട്.

മൂന്നു ബ്ലോക്കുകളിലായാണ് ആശുപത്രി സമുച്ചയം ഒരുക്കുന്നത്. ശസ്ത്രക്രിയാ മുറികൾ, രോഗികളെ പരിശോധിക്കാനുള്ള ഒ.പി. ബ്ലോക്ക്, വാർഡ് ബ്ലോക്ക് എന്നിവയാണ് ആശുപത്രി ബ്ലോക്കിലുള്ളത്. ഇതിൽ ശസ്ത്രക്രിയാ മുറികളുള്ള ഒ.ടി. ബ്ലോക്കിന്റെ പ്രവൃത്തികളാണ് ഇനി ബാക്കിയുള്ളത്. മൊത്തം 50.427 ഏക്കറിൽ 559.68 കോടി രൂപയുടെ മാസ്റ്റർപ്ലാൻ പദ്ധതിയാണ് ഗവ. മെഡിക്കൽ കോളേജിനായി തയ്യാറാക്കിയത്.

സൗകര്യങ്ങൾഞായറാഴ്ചയൊഴികെയുള്ള ദിവസങ്ങളിൽ രാവിലെ എട്ടുമുതൽ ഒരുമണിവരെ ഒ.പി.യുണ്ട്. തŒക്ക്, ഇ.എൻ.ടി., കണ്ണ്, െമഡിസിൻ, െഡന്റൽ, സർജറി, ഓർേത്താപീഡിക്സ്, പൾമനോളജി, എ.ആർ.ടി., മാനസികാരോഗ്യവിഭാഗം ഒ.പി.കളാണുള്ളത്. ലാബ്, എക്സ്‌-റേ, എൻഡോസ്കോപ്പി, അൾട്രാസൗണ്ട് സ്കാനിങ്, നൂതന നേത്രചികിത്സാ ഉപകരണങ്ങൾ, എച്ച്.െഎ.വി. ടെസ്റ്റിങ് സെന്റർ എന്നീ സൗകര്യങ്ങളുമുണ്ട്.

പഠനം പൂർത്തിയാക്കിയത് അഞ്ചുബാച്ചുകൾ

പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽനിന്നു ഇതുവരെ അഞ്ചു ബാച്ചാണ് പഠനം പൂർത്തിയാക്കിയത്. ഒരു ബാച്ചിൽ 100 സീറ്റുകളാണുള്ളത്. 150 സീറ്റുകളാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. പി.ജി.യ്ക്കും അനുമതി ലഭിച്ചിട്ടുണ്ട്. 2014-ൽ എം.ബി.ബി.എസ്. ആദ്യ ബാച്ച് ക്ലാസുകൾ പ്രവർത്തനമാരംഭിച്ചപ്പോൾ ഒരു അക്കാദമിക് ബ്ലോക്ക് മാത്രമാണുണ്ടായിരുന്നത്.

അധ്യാപകരുടെ കുറവ്, പഠനസൗകര്യങ്ങൾ ഇല്ലായ്മ, മെഡിക്കൽ സാങ്കേതിക സംവിധാനങ്ങളുടെ അപര്യാപ്തത തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടി മെഡിക്കൽ കോളേജിന് മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു. പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിൽ അധിക സൗകര്യങ്ങളൊരുക്കിയാണ് അംഗീകാരം നേടിയെടുത്തത്.

അധ്യാപകരില്ല

പ്രൊഫസർ -നാല്, അസോസിയേറ്റ് പ്രൊഫസർ -ആറ്, അസിസ്റ്റന്റ് പ്രൊഫസർ - നാല്, സീനിയർ റെസിഡന്റ് -എട്ട്, ജൂനിയർ റെസിഡന്റ് -29 എന്നീ തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്.

ജൂലായ് മാസത്തിൽ കരാറടിസ്ഥാനത്തിലുള്ള നിയമനത്തിന് കൂടിക്കാഴ്ച നടത്തി 34 പേർക്ക് നിയമനോത്തരവുകൾ നൽകിയിരുന്നു, ഇതിൽ 14 പേർ ജോലിക്കെത്തി.

എന്നാൽ നിയമിതരായവർകൂടി ജോലിയുപേക്ഷിച്ചു പോയതോടെ വീണ്ടും അധ്യാപക നിയമനത്തിനായി അപേക്ഷ ക്ഷണിച്ച് കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ്

Content Highlights: palakkad govt medical college-There is no inpatient treatment yet