കാറിടിച്ച് വീണ ബൈക്ക് യാത്രികൻ ബസ് കയറി മരിച്ചു: കാറോടിച്ചയാൾ മദ്യപിച്ചിരുന്നതായി പോലീസ്, അറസ്റ്റ്

#ന്യൂസ് ഡെസ്ക്
കല്ലേക്കാട് അപകടത്തിന്റെ സി.സി.ടി.വി. ദൃശ്യം
കല്ലേക്കാട് അപകടത്തിന്റെ സി.സി.ടി.വി. ദൃശ്യം

പാലക്കാട്: കാറിടിച്ചതിനെത്തുടർന്ന് റോഡിൽ തെറിച്ചുവീണ ബൈക്ക് യാത്രികൻ എതിരെ വന്ന ബസ്സിനടിയിൽപ്പെട്ട് മരിച്ച സംഭവത്തിൽ കാറോടിച്ചയാൾ അറസ്റ്റിൽ. പറളി എടത്തറ പാളയം സ്വദേശി വിനോദ് കുമാറാണ് (35) അറസ്റ്റിലായത്. ഇയാൾ കാറോടിച്ചത് മദ്യപിച്ചാണെന്ന് പരിശോധനയിൽ കണ്ടെത്തിയതായി പാലക്കാട് ടൗൺ നോർത്ത് പോലീസ് പറഞ്ഞു. മനഃപൂർവമായ നരഹത്യാക്കുറ്റം ചുമത്തിയാണ് ഇയാൾക്കെതിരേ കേസെടുത്തിട്ടുള്ളത്.

കല്ലേക്കാട് ജങ്ഷനിൽ ഞായറാഴ്ച വൈകീട്ട് 6.57-നാണ് അപകടമുണ്ടായത്. ബൈക്ക് യാത്രികനായ കല്പാത്തി കുന്നംപുറം സ്വദേശി കെ. ഫൈസൽ റഹ്‌മാനാണ് (38) മരിച്ചത്. മകനുമൊത്ത് ഒറ്റപ്പാലം വരിക്കാശ്ശേരി മന കണ്ട് വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. കാറിടിച്ച് തെറിച്ചുവീണ ഫൈസൽ റഹ്‌മാൻ എതിരേ വന്ന സ്വകാര്യബസ്സിന് അടിയിൽപ്പെടുകയായിരുന്നു. ഫൈസൽ റഹ്‌മാന്റെ മകൻ മുഹമ്മദ് ഫിറോസ് (16) പരിക്കുകളോടെ രക്ഷപ്പെട്ടു.

ബാറിൽനിന്ന് മദ്യപിച്ച് വീട്ടിലേക്ക് കാറിൽ മടങ്ങുകയായിരുന്നു വിനോദ് കുമാറെന്ന് പോലീസ് പറഞ്ഞു. കാറിൽ മറ്റൊരാൾകൂടിയുണ്ടായിരുന്നു. ദിശ തെറ്റിച്ചുപോയാണ് ബൈക്കിൽ ഇടിച്ചതെന്നും കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തതായും പോലീസ് പറഞ്ഞു.

മരിച്ച കെ. ഫൈസൽ റഹ്‌മാന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി സംസ്‌കരിച്ചു. മുഹമ്മദ് ഫിറോസിന്റെ പരിക്ക് സാരമുള്ളതാണെന്ന് പോലീസ് അറിയിച്ചു.

Content Highlights: Drunk driver arrested in Palakkad after hitting a biker, causing fatal accident. Son injured. Click for details.