ഫുൾടാങ്ക് പെട്രോളടിച്ചു, രണ്ട് കന്നാസിലും വാങ്ങി, ആളിക്കത്തി കാർ; മൃതദേഹം കണ്ടത് തീയണച്ചപ്പോൾ

#ന്യൂസ് ഡെസ്ക്
ധോണി അരിമണി എസ്റ്റേറ്റിനുസമീപം കത്തിനശിച്ച കാറിനുസമീപത്ത് നാട്ടുകാരും പോലീസും
ധോണി അരിമണി എസ്റ്റേറ്റിനുസമീപം കത്തിനശിച്ച കാറിനുസമീപത്ത് നാട്ടുകാരും പോലീസും

പാലക്കാട്: ധോണിയിൽനിന്ന് പൊരിയാനിയിലേക്ക് പോകുന്ന പാതയിൽ കണ്ണംതോട് നീർച്ചാലിനുസമീപം പാലത്തിനോടുചേർന്ന് നിർത്തിയിട്ട കാർ ആളിക്കത്തുന്നത് വ്യാഴാഴ്ച ഉച്ചയ്ക്ക് 3.30-ഓടെ നാട്ടുകാരാണ് ആദ്യം കണ്ടത്. ഇരുവശവും പാടശേഖരമുള്ള, അടുത്തൊന്നും ആൾത്താമസമില്ലാത്ത പ്രദേശമാണിത്.

നാട്ടുകാർ ഉടൻ പോലീസിൽ വിവരമറിയിച്ചു. തുടർന്ന്, ഹേമാംബികനഗർ പോലീസ് അറിയിച്ചതനുസരിച്ച് പാലക്കാട് അഗ്നിരക്ഷാസേന എത്തുമ്പോൾ കാർ കത്തിത്തീരാറായിരുന്നു. സീനിയർ ഫയർ ഓഫീസർ അൻവറിന്റെ നേതൃത്വത്തിൽ തീയണച്ചപ്പോഴാണ് കാറിനുള്ളിൽ കത്തിയനിലയിൽ ആളെ കണ്ടത്.

ധോണി അരിമണി എസ്റ്റേറ്റിനുസമീപം കാറിന്‌ തീപിടിച്ചപ്പോൾ

ഉച്ചയ്ക്കുശേഷം മൂന്നോടെ പോൾജോസഫ് പന്നിയംപാടത്തെ പെട്രോൾപമ്പിൽനിന്ന് കാറിൽ ഇന്ധനമടിക്കുന്നത് കണ്ടവരുണ്ട്. ടാങ്ക് മുഴുവനായി പെട്രോൾ അടിച്ചെന്നും ഇതിനുപുറമേ രണ്ട് കന്നാസിലും ഇന്ധനം വാങ്ങിയെന്നും വിവരമുണ്ട്. പോൾജോസഫ് ഇടയ്ക്ക് ധോണിയിലെ ഒരു സ്ഥാപനത്തിൽ പോകാറുണ്ടായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. ഇവിടെനിന്ന് വരുന്ന വഴിയായിരിക്കാം സംഭവമെന്നാണ് നിഗമനം. ആളിക്കത്തിയ കാറിൽനിന്ന് തീപടർന്ന് സമീപത്തെ പാലമരത്തിന്റെയും തെങ്ങുകളുടെയും ഭാഗങ്ങളും കത്തിയ നിലയിലാണ്.

Content Highlights: Horrific incident in Palakkad as a car engulfed in flames after being fully fueled. An unidentified body was discovered once the fire was extinguished. Local residents witnessed the event.