ബഡ്‌സ് സ്‌കൂളിന് ഹെഡ്‌ഗേവാറിന്റെ പേരുതന്നെയിടുമെന്ന് പാലക്കാട് നഗരസഭ

ഇ. കൃഷ്ണദാസ്
ഇ. കൃഷ്ണദാസ്

പാലക്കാട്; പാലക്കാട് നഗരസഭയുടെ കീഴിലുള്ള ബഡ്സ് സ്കൂളിന് ഹെഡ്ഗേവാറിന്റെ പേരുമായി തന്നെ മുന്നോട്ടുപോകുമെന്ന് ന​ഗരസഭാ വൈസ് ചെയർപേഴ്സൺ ഇ. കൃഷ്ണദാസ്. തർക്കം പേരിനെച്ചൊല്ലി മാത്രമല്ലെന്നും അങ്ങനെയായിരുന്നെങ്കിൽ എന്തിനാണ് ഉദ്ഘാടനച്ചടങ്ങ് അലങ്കോലപ്പെടുത്തിയതെന്ന് കൃഷ്ണദാസ് ചോദിച്ചു. കോണ്‍ഗ്രസ് ഇത്രകാലം ഭരിച്ചിട്ട് ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി എന്തുചെയ്തുവെന്ന് പറയാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

'ഡോ.ഹെഡ്‌ഗേവാറിന്റെ പേരിനെച്ചൊല്ലിയാണ് തര്‍ക്കമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഹെഡ്‌ഗേവാറിന്റെ പേരിനെ ചൊല്ലിയായിരുന്നു തര്‍ക്കമെങ്കില്‍ കൗണ്‍സിലില്‍ ഇത് വരുന്ന സമയത്ത് ചര്‍ച്ചയ്ക്ക് ധാരാളം സാധ്യതയുണ്ടായിരുന്നു. പേരിനെ സംബന്ധിച്ച് മാത്രമായിരുന്നെങ്കില്‍ എന്തിനാണ് ഉദ്ഘാടനച്ചടങ്ങ് അലങ്കോലപ്പെടുത്തിയത്? ഇല്ലാത്ത കഥകള്‍ പറഞ്ഞ് അവിടെ ലഹളയ്ക്ക് വരാനുണ്ടായ സാഹചര്യമെന്തായിരുന്നു?'-ഇ. കൃഷ്ണദാസ് ചോദിച്ചു.

'ഇവിടെ വികസനം നടക്കാന്‍ പാടില്ല എന്നതാണ് കോണ്‍ഗ്രസിന്റെ നയം. കോണ്‍ഗ്രസ് ഇത്രകാലം ഭരിച്ചിട്ട് ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി എന്തുചെയ്തുവെന്ന് പറയാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന് ആടിനെ പട്ടിയാക്കുന്ന മിടുക്കുണ്ട്. ജില്ലാ അധ്യക്ഷന്റെ ക്ലിപ്പ് ഞാന്‍ വളരെ വ്യക്തമായിട്ട് കേട്ടതാണ്. അദ്ദേഹം ഒരിക്കലും കാലുവെട്ടുമെന്ന് പറഞ്ഞിട്ടില്ല. പക്ഷേ രാഹുല്‍ അതിനെ കാലുവെട്ടുമെന്നാക്കി. ഇത്തരം മുടന്തന്‍ ന്യായങ്ങളുമായി വന്നാല്‍ അത് കാര്യമാക്കുന്നില്ലെന്നും തങ്ങളുടെ പ്രവര്‍ത്തനവുമായി മുന്നോട്ടുപോകുമെന്നും' കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.

ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയുടെ കീഴിലുള്ള ബഡ്സ് സ്കൂളിന് ഹെഡ്ഗേവാറിന്റെ പേര് നൽകിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ബഡ്സ് സ്കൂളിന്റെ തറക്കല്ലിടൽ ചടങ്ങിനിടെയായായിരുന്നു പ്രതിഷേധം. നിരവധി രാഷ്ട്രീയക്കാർക്ക് പ്രചോദനമായ വ്യക്തി എന്ന നിലയിലാണ് ഹെഡ്​ഗേവാറിന്റെ പേരിട്ടതെന്നാണ് ഭരണസമിതി അംഗങ്ങൾ വ്യക്തമാക്കിയിരുന്നത്.

Content Highlights: palakkad buds school hedgewar name controversy