ബ്രൂവറിയുമായി സർക്കാർ മുന്നോട്ട്, തീരുമാനം LDF യോഗത്തിൽ

തിരുവനന്തപുരം: പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറി നിർമാണവുമായി മുന്നോട്ടുപോകാൻ സർക്കാർ തീരുമാനം. ഇടതുമുന്നണി യോഗത്തിലാണ് തീരുമാനമുണ്ടായത്. ആക്ഷേപങ്ങളൊഴിവാക്കി മുന്നോട്ടുപോകണമെന്നും യോഗത്തിൽ തീരുമാനിച്ചു. സി.പി.ഐയുടേയും ആർ.ജെ.ഡിയുടേയും എതിർപ്പ് മറികടന്നാണ് ബ്രൂവറിയില്‍ മുന്നോട്ടുപോകാൻ സർക്കാർ തീരുമാനിച്ചത്.
സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ആർ.ജെ.ഡി സെക്രട്ടറി ജനറൽ വർഗീസ് ജോർജ് എന്നിവർ ബ്രൂവറി വിഷയത്തിൽ പാർട്ടിയുടെ എതിർപ്പ് അറിയിച്ചിരുന്നു. കുടിവെള്ള പ്രശ്നം ഉണ്ടാകില്ലെന്നും സർക്കാരിന്റെ അഭിമാന പദ്ധതിയാണിതെന്നുമാണ് സി.പി.എം സ്വീകരിച്ച നിലപാട്. കിഫ്ബി ടോളുമായി ബന്ധപ്പെട്ട് ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ലെന്നും യോഗത്തിൽ തീരുമാനിച്ചു.
സാധാരണഗതിയിൽ ഒന്നര മണിക്കൂറോളമെടുത്ത് തീരേണ്ട ഇടതുയോഗം മൂന്ന് മണിക്കൂർ നീണ്ടു. സ്വകാര്യ സർവകലാശാല ഉൾപ്പെടെയുള്ള വിഷയങ്ങളും ചർച്ച ചെയ്തു.
Content Highlights: Government moves ahead with brewery, decision taken at LDF meeting