പാലായിൽ ദിയ പുറത്ത്; LDF അവിശ്വാസപ്രമേയം പാസായി, അനുകൂലിച്ച് കോൺഗ്രസ് അംഗങ്ങളും

പാലാ: യു.ഡി.എഫ്. ഭരണത്തിലുള്ള പാലാ നഗരസഭയുടെ അധ്യക്ഷ ദിയ ബിനുവിനെതിരേ പ്രതിപക്ഷമായ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. വിപ്പ് ലംഘിച്ച് യോഗത്തിനെത്തിയ കോൺഗ്രസ് കൗൺസിലർമാരും വിമതയായി വിജയിച്ച മായാ രാഹുലും എൽഡിഎഫ് അവിശ്വാസത്തെ പിന്തുണച്ചു.
ലിസി കുട്ടി മാത്യു, ബിജു മാത്യൂസ്, ടോണി തൈപ്പറമ്പിൽ, രജിത പ്രകാശ്,എന്നിവരാണ് വിപ്പ് ലംഘിച്ച് യോഗത്തിനെത്തിയത്. റിയ ചീരാംകുഴി, സെബാസ്റ്റ്യൻ പനക്കൽ എന്നീ കോൺഗ്രസ് അംഗങ്ങൾ ഹാജരായില്ല. കേരള കോൺഗ്രസിൻ്റെ മൂന്ന് അംഗങ്ങളായ സോണിയ ചിറ്റേട്ട്, ബിജു വരിക്കാനി, സിജി ടോണി എന്നിവരും മാണി.സി. കാപ്പന്‍റെ പാർട്ടിയായ കെ.ഡി.പിയിലെ പ്രിൻസി സണ്ണിയും ഹാജരായിരുന്നില്ല.
നഗരസഭാധ്യക്ഷ ദിയാ ബിനു ഉൾപ്പെടുന്ന സ്വതന്ത്ര കൂട്ടായ്മയോട് കോൺഗ്രസ് കൗൺസിലർമാരും സ്വതന്ത്ര അംഗമായ ഉപാധ്യക്ഷ മായാ രാഹുലും ഇടഞ്ഞതോടെയാണ് പാലാ നഗരസഭയിൽ ഭരണപക്ഷത്ത് വിള്ളലുണ്ടായത്. ഈ രാഷ്ട്രീയ സാഹചര്യം തങ്ങൾക്കനുകൂലമാക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഇടതുപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
പാലാ നഗരസഭയിൽ 26 അംഗങ്ങളാണുള്ളത്. 14 പേരുടെ പിന്തുണയാണ് അവിശ്വാസം പാസ്സാകാൻ വേണ്ടത്. എൽഡിഎഫിന് 12 അംഗങ്ങളുണ്ട്. യുഡിഎഫിന് നിലവിൽ 14 അംഗങ്ങളുടെ പിന്തുണയുണ്ട്. കോൺഗ്രസ്- 6 കേരളാ കോൺഗ്രസ്- 3 സ്വതന്ത്ര മുന്നണി- 3 കെ.ഡി.പി.- 1, സ്വതന്ത്രയായി വിജയിച്ച മായാ രാഹുലിൻ്റെ പിന്തുണയും കൂടി ഉൾപ്പെടുന്നതാണ് 14.
Content Highlights: Pala Municipality Chairperson Diya Binu loses power as the no-confidence motion passes with 17 votes.