തരൂരുമായി കൂടിക്കാഴ്ച നടത്തി ദിയ; പാലായുടെ വികസനത്തിനുള്ള നിർദേശങ്ങൾ പങ്കുവെച്ച് എംപി

#ന്യൂസ് ഡെസ്ക്

പാലാ: ശശി തരൂർ എംപിയുമായി കൂടിക്കാഴ്ച നടത്തി പാലാ നഗരസഭാധ്യക്ഷ ദിയ ബിനു പുളിക്കകണ്ടം. നഗരഭരണ നിർവഹണവുമായി ബന്ധപ്പെട്ട് തരൂരിന്റെ ഉപദേശങ്ങളും നിർദേശങ്ങളും തേടിയായിരുന്നു കൂടിക്കാഴ്ച. നഗരത്തിന്റെയും നഗരസഭയുടെയും വികസന കുതിപ്പിന് അന്താരാഷ്ട്ര സഹകരണം അടക്കമുള്ള സാധ്യതകൾ തേടേണ്ടത് എങ്ങനെയെന്നും ദിയയ്ക്ക് തരൂർ നിർദ്ദേശം നൽകി. ഇക്കാര്യത്തിൽ തന്നാലാവും വിധമുള്ള എല്ലാ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു.

വികസ്വര രാജ്യങ്ങളിലെ പട്ടണങ്ങളെ സിസ്റ്റർ സിറ്റികൾ ആക്കുന്ന യൂറോപ്യൻ വൻകിട നഗരങ്ങളുടെ സേവനപദ്ധതികൾ പാലായുടെ വളർച്ചയ്ക്ക് എപ്രകാരം ഉപയോഗപ്പെടുത്തുവാൻ സാധിക്കും എന്നതിനെക്കുറിച്ച് പഠിച്ചുവരികയാണെന്നും ഇക്കാര്യത്തിൽ തരൂരിനെപ്പോലെ അന്താരാഷ്ട്ര സമൂഹത്തിന്‍റെ അംഗീകാരമുള്ളവരുടെ സഹകരണം നിർണായകമാണെന്നും ദിയ ബിനു പറഞ്ഞു. ഭരണനിർവഹണത്തെക്കുറിച്ചും രാഷ്ട്രീയത്തിനതീതമായ വികസന മോഡലിനെക്കുറിച്ചും തരൂരിൽനിന്ന് വിലയേറിയ നിർദേശങ്ങൾ ലഭിച്ചതായും അവർ അറിയിച്ചു.

ശശി തരൂർ തന്റെ റോൾ മോഡലാണെന്ന് ദിയ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ശശി തരൂർ ഇക്കാര്യം ചൂണ്ടിക്കാട്ടി പങ്കുവെച്ച ട്വീറ്റും വൈറലായിരുന്നു. പിന്നീട് തരൂർ അഭിനന്ദിക്കാനായി വിളിച്ചപ്പോൾ ദിയ മുന്നോട്ടുവെച്ച അഭ്യർത്ഥന സ്വീകരിച്ചാണ് അദ്ദേഹം കൂടിക്കാഴ്ചയ്ക്കെത്തിയത്.

Content Highlights: Pala Chairperson Diya Binu met with MP Shashi Tharoor to discuss urban governance. The meeting focused on international cooperation and development strategies for Pala.