പദ്മശ്രീ പുരസ്കാര ജേതാവ് മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു

കോട്ടയം: പദ്മശ്രീ പുരസ്കാര ജേതാവും നോക്കുവിദ്യ പാവകളി കലാകാരിയുമായ മോനിപ്പള്ളി മൂഴിക്കൽ പങ്കജാക്ഷി (91) അന്തരിച്ചു. എട്ടാംവയസ്സുമുതൽ നോക്കുവിദ്യ പാവകളി കലാരംഗത്തുള്ള പങ്കജാക്ഷിക്ക്, 2020-ലാണ് പദ്മ പുരസ്കാരം ലഭിച്ചത്. ശാരീരിക പ്രയാസം കാരണം ഡൽഹിയിലെത്തി പുരസ്കാരം സ്വീകരിക്കാനായില്ല. തുടർന്ന് കളക്ടർ വീട്ടിലെത്തി സമ്മാനിക്കുകയായിരുന്നു.
ഫോക്ലോർ പുരസ്കാരമുൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങളും പദ്മശ്രീക്ക് മുൻപ് പങ്കജാക്ഷിയെ തേടിയെത്തിയിട്ടുണ്ട്. ഫ്രാൻസിൽ നടന്ന കാർണിവലിലുൾപ്പെടെ വിദേശരാജ്യങ്ങളിൽ നോക്കുവിദ്യ പാവകളി ഇവർ അവതരിപ്പിച്ചിട്ടുണ്ട്. യൗവ്വനത്തിലേ പാവകളിയിൽ പ്രാഗത്ഭ്യംതെളിയിച്ച വ്യക്തിയാണ് പങ്കജാക്ഷി. പാരമ്പര്യ കലയായ നോക്കുവിദ്യ പാവകളിയിലെ അവസാന കണ്ണിയായിരുന്നു അവർ.