മത്സ്യത്തൊഴിലാളികളെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ മുഖ്യമന്ത്രി മാപ്പ് പറയണം- മുഹമ്മദ് റിയാസ്

#ന്യൂസ് ഡെസ്ക്
മുഹമ്മദ് റിയാസ് | ചിത്രം: കെ.കെ. സന്തോഷ്, മാതൃഭൂമി
മുഹമ്മദ് റിയാസ് | ചിത്രം: കെ.കെ. സന്തോഷ്, മാതൃഭൂമി

കോവളം: കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനുപകരം മത്സ്യത്തൊഴിലാളികളെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയ മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റംഗം പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. വിഴിഞ്ഞത്തുനിന്ന് കടലിൽ കാണാതായ പുല്ലുവിള സ്വദേശി ജോൺ മത്യാസിൻ്റെ കുടുംബാംഗങ്ങളെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ കാര്യക്ഷമമല്ലെന്ന പരാതി ശക്തമാണ്. സംഭവം നടന്ന് പത്തുദിവസം കഴിഞ്ഞിട്ടും സ്ഥലത്തെത്താത്ത ഫിഷറീസ് മന്ത്രിയും അപക്വ പ്രസ്താവന നടത്തുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും സമൂഹത്തോടുള്ള വെല്ലുവിളി അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.എസ്. ഹരികുമാർ, പി.കെ.എസ് സംസ്ഥാന പ്രസിഡൻ്റ് വണ്ടിത്തടം മധു, സിപിഎം ജില്ലാ കമ്മിറ്റി അംഗം വി. അനൂപ്, കോവളം ഏരിയ സെക്രട്ടറി എസ്. അജിത്ത്, ഏരിയ കമ്മിറ്റി അംഗങ്ങളായ ജി. അനിൽകുമാർ, കെ. മധു എന്നിവർ ഒപ്പമുണ്ടായിരുന്നു.

Content Highlights: PA Mohamed Riyas visited the family of missing fisherman John Mathias from Pulluvila near Vizhinjam., Criticized the Chief Minister's statements regarding the missing fishermen as insulting., Highlighted the inefficiency of the ongoing search operations after ten days., Demanded an end to irresponsible remarks from the Chief Minister and the Fisheries Minister.