മറച്ചുവെക്കാനൊന്നുമില്ല, എല്ലാം പൊതുരേഖകൾ; വരുമാനം മറച്ചുവെച്ചുവെന്ന ആരോപണം തള്ളി റിയാസ്

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് സത്യവാങ്മൂലവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിലും കോടതി നോട്ടീസിലും പ്രതികരണവുമായി പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ. തന്റെ സത്യവാങ്മൂലത്തിൽ ഒരു വിവരവും മറച്ചുവെച്ചിട്ടില്ലെന്നും എല്ലാം ആർക്കും പരിശോധിക്കാവുന്ന പൊതുരേഖകളാണെന്നും അദ്ദേഹം വ്യക്തമാക്കി. കോടതി നോട്ടീസ് അയക്കുന്നത് സ്വാഭാവികമായ നടപടി മാത്രമാണെന്നും നോട്ടീസ് ലഭിക്കുന്ന മുറയ്ക്ക് നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
നാമനിർദേശ പത്രികയിൽ വിവരങ്ങൾ മറച്ചുവെച്ചു എന്ന് കാണിച്ച് സമർപ്പിക്കപ്പെട്ട സ്വകാര്യ പരാതി 2026 മെയ് 16-ന് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി തള്ളിയതായിരുന്നു എന്ന് മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി. അക്കാലത്ത് മാധ്യമങ്ങൾ ഇതൊരു വാർത്തയാക്കിയില്ല. പരാതി തള്ളിയതിനെ തുടർന്ന് ഹർജിക്കാരൻ തിരുവനന്തപുരം സെഷൻസ് കോടതിയിൽ റിവിഷൻ ഹർജി നൽകിയെന്നാണ് മനസ്സിലാക്കുന്നത്. ഇങ്ങനെ ആരെങ്കിലും കോടതിയെ സമീപിക്കുമ്പോൾ എതിർകക്ഷിക്ക് നോട്ടീസ് അയക്കുന്നത് തികച്ചും സ്വാഭാവികമായ നടപടിക്രമം മാത്രമാണെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വിശദീകരിച്ചു.
കോടതിയുടെ സ്വാഭാവിക നടപടിയെ 'നേരിട്ട് ഹാജരാകണം' എന്ന രീതിയിൽ ബ്രേക്കിങ് ന്യൂസ് നൽകിയും ഫോട്ടോ സഹിതം ഓൺലൈൻ കാർഡുകൾ പ്രചരിപ്പിച്ചും ചിലർ വ്യക്തിഹത്യ ചെയ്യാൻ ശ്രമിക്കുകയാണെന്ന് എം.എൽ.എ. ആരോപിച്ചു. ഇത്തരം കള്ളപ്പരാതികളെയും വ്യാജവാർത്തകളെയും നിയമപരമായിത്തന്നെ നേരിടും. സെഷൻസ് കോടതി നോട്ടീസ് അയക്കാൻ നിർദേശിച്ചതായി വാർത്തകളിലൂടെയാണ് അറിഞ്ഞതെന്നും എന്നാൽ ഇതുവരെ അത്തരമൊരു നോട്ടീസ് തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. നോട്ടീസ് ലഭിക്കുന്ന മുറയ്ക്ക് അഭിഭാഷകൻ വഴി കോടതിയിൽ ഹാജരാകുന്ന സാധാരണ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബേപ്പൂർ മണ്ഡലത്തിലെ നാമനിർദേശപത്രികയിൽ വരുമാനവിവരങ്ങൾ മറച്ചുവെച്ചു എന്നാണ് ആരോപണം. മുഹമ്മദ് റിയാസിന്റെ ഭാര്യ വീണാ ടിക്ക് ഏതെങ്കിലും കമ്പനികളുമായി കരാറോ ബിസിനസ് ബന്ധങ്ങളോ ഉണ്ടോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകിയില്ലെന്നാണ് നെയ്യാറ്റിൻകര നാഗരാജ് നൽകിയ പരാതിയിൽ പറയുന്നത്. നികുതിയടച്ചതും സി.എം.ആർ.എല്ലിൽ നിന്ന് കൈപ്പറ്റിയതുമായ 1.72 കോടി രൂപയുടെ വരുമാന വിവരങ്ങൾ വീണയുടെ വരുമാനത്തിൽ കാണിച്ചില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു.
ഈ വിഷയത്തിൽ മുഹമ്മദ് റിയാസിനെതിരെ ക്രിമിനൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് നാഗരാജ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി കേസ് എടുക്കാൻ തയ്യാറായിരുന്നില്ല. ഇതിനെതിരെ ജില്ലാ കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് മുഹമ്മദ് റിയാസിനും വീണയ്ക്കും നോട്ടീസ് അയക്കാനും, അവരുടെ ഭാഗം നേരിട്ടെത്തി വിശദീകരിക്കാനും ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എ. നസീറ നിർദ്ദേശിച്ചത്.
Content Highlights: MLA PA Mohamed Riyas has clarified that no information was hidden in his election affidavit and dismissed the allegations and court notice controversy as baseless, stating he will take legal action against fake news.