സഖാവ് കെ.കെ. രാഗേഷ് പാർട്ടിയുടെ പ്രതിനിധിയാണ്, പ്രതീകമാണ്; പിന്തുണയുമായി പി. ജയരാജൻ

#സ്വന്തം ലേഖകൻ
കെ.കെ. രാഗേഷ് | ചിത്രം: ലതീഷ് പൂവത്തൂർ, മാതൃഭൂമി | പി. ജയരാജൻ | ചിത്രം: രാമനാഥ പൈ, മാതൃഭൂമി
കെ.കെ. രാഗേഷ് | ചിത്രം: ലതീഷ് പൂവത്തൂർ, മാതൃഭൂമി | പി. ജയരാജൻ | ചിത്രം: രാമനാഥ പൈ, മാതൃഭൂമി

കണ്ണൂർ: വിവാദങ്ങൾ കത്തിനിൽക്കെ, സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന് പിന്തുണയുമായി മുതിർന്ന നേതാവ് പി. ജയരാജൻ. രാഗേഷിനെതിരായ പ്രചാരണം വസ്തുതാ വിരുദ്ധവും ആസൂത്രിത രാഷ്ട്രീയ നീക്കവുമാണെന്ന് ജയരാജൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ഒരു വ്യക്തിയെ ലക്ഷ്യമിടുന്നതുപോലെ തോന്നിപ്പിക്കുന്ന ഈ പ്രചാരണത്തിന്റെ യഥാർഥ ലക്ഷ്യം സിപിഎമ്മിനെയും ഇടതുപക്ഷ പ്രസ്ഥാനത്തെയും ദുർബലപ്പെടുത്തുക എന്നതാണെന്ന് അദ്ദേഹം ആരോപിച്ചു.

കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം ഏകകണ്ഠമായാണ് രാഗേഷിനെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. പാർട്ടിയുടെ പ്രവർത്തനം ഒരു വ്യക്തിയുടേതല്ല. കൂട്ടായ നേതൃത്വത്തിന്റെയും ആയിരക്കണക്കിന് സഖാക്കളുടെ സമർപ്പണത്തിന്റെയും ഫലമാണ്. രാഗേഷ് പാർട്ടിയുടെ പ്രതിനിധിയും പ്രതീകവുമാണെന്നും ജയരാജൻ അഭിപ്രായപ്പെട്ടു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി സഖാവ് കെ.കെ. രാഗേഷിനെതിരെ വലതുപക്ഷ മാധ്യമങ്ങൾ അഴിച്ചുവിടുന്ന കുപ്രചാരണം വസ്തുതാവിരുദ്ധവും ആസൂത്രിത രാഷ്ട്രീയ നീക്കവുമാണ്. ഒരു വ്യക്തിയെ ലക്ഷ്യമിടുന്നതുപോലെ തോന്നിപ്പിക്കുന്ന ഈ പ്രചാരണത്തിന്റെ യഥാർത്ഥ ലക്ഷ്യം സിപിഐഎമ്മിനെയും ഇടതുപക്ഷ പ്രസ്ഥാനത്തെയും ദുർബലപ്പെടുത്തുക എന്നതാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കളും പ്രവർത്തകരും വിമർശനത്തിന് അതീതരല്ല. എന്നാൽ വിമർശനവും കെട്ടിച്ചമച്ച നുണപ്രചാരണവും രണ്ടാണ്.

കേരളത്തിലെ എൽഡിഎഫിന് തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയെ തുടർന്ന് ഇടതുപക്ഷത്തിനെതിരെയും പ്രത്യേകിച്ച് സിപിഐഎമ്മിനെതിരെയും സംഘടിതമായ അപവാദ പ്രചാരണമാണ് ഒരു വിഭാഗം മാധ്യമങ്ങളും വലതുപക്ഷ രാഷ്ട്രീയ കേന്ദ്രങ്ങളും നടത്തുന്നത്. കോർപ്പറേറ്റ് ധനമൂലധന ശക്തികളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന കോൺഗ്രസിനെയും ബിജെപിയെയും വെള്ളപൂശുകയും അതേസമയം ഇടതുപക്ഷത്തെ തുടർച്ചയായി താറടിക്കുകയും ചെയ്യുന്ന ഈ രാഷ്ട്രീയ അജണ്ട ഇത് ആദ്യമായി അല്ല കേരളത്തിൽ ദൃശ്യമാകുന്നത്.

സിപിഐഎമ്മിന്റെ കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം ഏകകണ്ഠമായാണ് സഖാവ് കെ.കെ. രാഗേഷിനെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. വിദ്യാഭ്യാസകാലത്ത് ഒരു പെയിന്റിങ് തൊഴിലാളിയായി ജോലി ചെയ്തു കൊണ്ട് ജീവിതം ആരംഭിച്ച അദ്ദേഹം വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായി വളർന്ന നേതാവാണ്. പാർട്ടി അംഗം, ജില്ലാ കമ്മിറ്റി അംഗം, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പാർട്ടി ഏൽപ്പിച്ച എല്ലാ ഉത്തരവാദിത്വങ്ങളും വിജയകരമായി നിർവഹിച്ച ശേഷമാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തെത്തിയത്.

സിപിഐഎമ്മിന്റെ പ്രവർത്തനം വ്യക്തികേന്ദ്രീകൃതമല്ല; കൂട്ടായ നേതൃത്വത്തിന്റെ അടിസ്ഥാനത്തിലാണ്. പ്രവർത്തനത്തിലെ പോരായ്മകളും വിമർശനങ്ങളും വിലയിരുത്തലുകളും പാർട്ടിക്കകത്ത് ജനാധിപത്യപരമായി ചർച്ച ചെയ്ത് തിരുത്തുന്ന പാരമ്പര്യമാണ് പാർട്ടിക്കുള്ളത്. കണ്ണൂർ ജില്ലയിലെ പാർട്ടിയുടെ പ്രവർത്തനവും ഒരു വ്യക്തിയുടേതല്ല, കൂട്ടായ നേതൃത്വത്തിന്റെയും ആയിരക്കണക്കിന് സഖാക്കളുടെ സമർപ്പണത്തിന്റെയും ഫലമാണ്.

അതിനാൽ ഒരാളെ മാത്രം നിരന്തരം ലക്ഷ്യമിട്ട് നടത്തുന്ന വ്യക്തിഹത്യാപ്രചാരണത്തിന്റെ പിന്നിലെ യഥാർത്ഥ ലക്ഷ്യം പാർട്ടിയെ ആക്രമിക്കുകയും ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയുമാണെന്ന് തിരിച്ചറിയണം. ഈ സംഘടിത നുണപ്രചാരണങ്ങളെ ശക്തമായി ചെറുത്തുതോൽപ്പിക്കാൻ ഇടതുപക്ഷത്തെ സ്‌നേഹിക്കുന്ന എല്ലാ ജനാധിപത്യ വിശ്വാസികളും ഒരുമിച്ച് മുന്നോട്ടുവരേണ്ടത് ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ അനിവാര്യമാണ്.

സഖാവ് രാഗേഷ് ഈ പാർട്ടിയുടെ പ്രതിനിധിയാണ്; പ്രതീകമാണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ട് സഖാവിനെതിരെ നടക്കുന്ന ഹീനമായ കടന്നാക്രമണങ്ങളെ പ്രതിരോധിക്കാനും തുറന്നുകാട്ടാനും പാർട്ടിയെ സ്‌നേഹിക്കുന്ന മുഴുവൻ സഖാക്കളും സുഹൃത്തുക്കളും തയ്യാറാകണമെന്ന് അഭ്യർഥിക്കുന്നു. 

അതേസമയം, കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ. രാഗേഷിനെ നിയമിച്ചതിനെതിരെ ജനറൽ സെക്രട്ടറി എം.എ. ബേബിക്ക് പരാതി ലഭിച്ചെന്ന വിവരം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിലെ ഒരു വിഭാഗം നേതാക്കളാണ് പരാതിക്ക് പിന്നിലെന്നായിരുന്നു വിവരം. ജില്ലാ കമ്മിറ്റിയിൽ ഒരിക്കലും അംഗമാകാത്ത രാഗേഷിനെ നിയമിച്ചത് ചട്ട വിരുദ്ധമായിട്ടാണെന്നും പരാതിയിൽ പറയുന്നു. എന്നാൽ, രാഗേഷിന് എതിരായി പരാതി ലഭിച്ചിട്ടില്ലെന്നാണ് എം.എ. ബേബിയുടെ പ്രതികരണം.

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന രാഗേഷിനെ പിന്നീട് ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തപ്പോൾ മുതൽ പാർട്ടിക്കുള്ളിൽ അഭിപ്രായവ്യത്യസങ്ങൾ ഉണ്ടായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ, പാർട്ടി കോട്ടകളായ തളിപ്പറമ്പിലേയും പയ്യന്നൂരിലേയും കനത്ത പരാജയത്തോടെ രാഗേഷിനെതിരെ വിമർശനം ശക്തമായി. പയ്യന്നൂരിലെ ഡിവൈഎഫ്‌ഐ നേതാവ് സി.വി. ധനരാജിന്റെ രക്തസാക്ഷിദിനത്തിൽ സാമൂഹികമാധ്യമങ്ങളിൽ രാഗേഷ് പങ്കുവെച്ച പോസ്റ്റുകളിൽ രൂക്ഷ വിമർശനവും സൈബർ ആക്രമണവും നടന്നു.

നേരത്തേ കൂട്ടത്തോടെ പിന്തുണയുമായി എത്താറുണ്ടായിരുന്ന പാർട്ടിയുടെ സൈബർപോരാളികളെ അതേ അളവിൽ കാണാനില്ലെന്നതും ശ്രദ്ധേയമായി. വിഴിഞ്ഞം ഓഹരി കൈമാറ്റം സംബന്ധിച്ച് രാഗേഷിന്റെ പ്രതികരണങ്ങൾ പി.കെ. ശ്രീമതി, കെ.കെ. ശൈലജ, ഇ.പി. ജയരാജൻ തുടങ്ങി കണ്ണൂരിൽ നിന്നുള്ള നേതാക്കൾ തന്നെ തള്ളിയിരുന്നു. എല്ലാരീതിയിലും പാർട്ടിക്കുള്ളിലും പ്രവർത്തകർക്കിടയിലും വിമർശനങ്ങൾ നേരിടുമ്പോഴാണ് രാഗേഷിന് പിന്തുണയുമായി പി. ജയരാജൻ എത്തുന്നത് എന്നതാണ് ശ്രദ്ധേയം.

Content Highlights: P. Jayarajan publicly defends K.K. Ragesh against media criticism. Jayarajan labels the campaign against Ragesh as an orchestrated political move by right-wing forces. CPM Kannur district committee maintains the appointment was collective and democratic. Internal disputes regarding Ragesh's appointment and performance persist within the party.