കണ്ണൂർ സിപിഎമ്മിൽ പി. ജയരാജന്റെ ദ ഗ്ലോറിയസ് കം ബാക്ക്; ‘അവഗണനയിൽ’ നിന്ന് ശക്തനായി സെക്രട്ടേറിയറ്റിലേക്ക്

ദ ഗ്ലോറിയസ് കംബാക്ക്.... കണ്ണൂരിലെ തലമുതിർന്ന കമ്യൂണിസ്റ്റ് നേതാവ് പി. ജയരാജൻ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാകുന്നതിനെ ഇങ്ങനെ വിശേഷിപ്പിക്കുന്നതിൽ ഒട്ടുംതെറ്റുണ്ടാകില്ല. കോഴിക്കോട്ട് നടന്ന സിപിഎമ്മിന്റെ ത്രിദിന വിപുലീകൃത സംസ്ഥാന കമ്മിറ്റിയാണ് പി. ജയരാജൻ, വി. ശിവൻകുട്ടി, എം.ബി. രാജേഷ് എന്നിവരെ ഉൾപ്പെടുത്തി സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിച്ചത്.
കണ്ണൂരിൽനിന്നുള്ളവരും സമകാലീനരും അല്ലാത്തവരുമായ പല നേതാക്കളും സംസ്ഥാന സെക്രട്ടേറിയറ്റിൽ എത്തിയപ്പോഴും പി. ജയരാജന് അവിടം അപ്രാപ്യമായ നിലയായിരുന്നു കഴിഞ്ഞ സംസ്ഥാന സമ്മേളനം വരെയും. 2025-ൽ കൊല്ലത്ത് നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിൽ പി. ജയരാജൻ സെക്രട്ടേറിയറ്റിലേക്ക് പരിഗണിക്കപ്പെടാതെ വന്നതോടെ ഇനിയൊരിക്കലും അദ്ദേഹത്തിന് പാർട്ടിയുടെ ആ ഘടകത്തിൽ എത്തിച്ചേരാനാകില്ല എന്നായിരുന്നു കരുതിയിരുന്നത്. കാരണം, സിപിഎമ്മിൽ നേതൃപദവികൾക്ക് നിശ്ചയിച്ചിരിക്കുന്ന പ്രായപരിധി 75 വയസ്സാണ്. കഴിഞ്ഞ സംസ്ഥാന സമ്മേളനകാലത്ത് 72 വയസ്സായിരുന്നു ജയരാജന്റെ പ്രായം. അടുത്ത സംസ്ഥാനസമ്മേളനകാലം ആകുമ്പോഴേക്കും അദ്ദേഹം പ്രായപരിധി പിന്നിടും. അതിനാൽതന്നെ സെക്രട്ടേറിയറ്റിൽ എത്താനാകില്ലെന്നാണ് കരുതിപ്പോന്നത്. എന്നാൽ ഏകദേശം ഒരുകൊല്ലത്തിനിപ്പുറം ചേർന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിലൂടെ ജയരാജൻ സെക്രട്ടേറിയറ്റ് അംഗമായിരിക്കുകയാണ്.
2010 മുതൽ 2019 വരെ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു ജയരാജൻ. 2019-ൽ വടകര പാർലമെന്റ് മണ്ഡലത്തിൽനിന്ന് മത്സരിക്കുന്നതിന് മുന്നോടിയായാണ് സ്ഥാനത്തുനിന്ന് മാറിയത്. വടകര മണ്ഡലത്തിൽ പരാജയപ്പെട്ടെങ്കിലും ജയരാജൻ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങിവന്നില്ല. പിന്നീടിങ്ങോട്ടുള്ള ഏഴുകൊല്ലത്തിനിടെ പാർട്ടിയുടെ മറ്റൊരു ചുമതലകളും ജയരാജൻ വഹിച്ചിരുന്നില്ല. 2021-ൽ ഖാദി ബോർഡ് ചെയർമാൻസ്ഥാനത്തെത്തി.
കണ്ണൂരിലെ പാർട്ടിയുടെ അനിഷേധ്യനായ നേതാക്കളിലൊരാളാണ് ജയരാജൻ എന്നത് തർക്കമില്ലാത്ത സംഗതിയാണ്. അതുകൊണ്ടുതന്നെ പാർട്ടിയുൾപ്പെട്ട പല രാഷ്ട്രീയസംഘർഷങ്ങളിലും വിവാദങ്ങളിലും ജയരാജന്റെ പേരുമുണ്ടായിരുന്നു. കണ്ണൂർ ജില്ലാ സെക്രട്ടറി ആയിരിക്കേ അദ്ദേഹത്തെ പുകഴ്ത്തി പുറത്തിറങ്ങിയ ഗാനം വ്യക്തിപൂജാവിവാദത്തിന് വഴിതെളിച്ചു. അതിനെതിരേ അന്ന് വിമർശനം ഉയർത്തിയവരിൽ ചിലരുടെ പേരുകൾ പിൽക്കാലത്ത് വാഴ്ത്തുപാട്ടുകളിൽ ഇടംപിടിച്ചെങ്കിലും അതൊന്നും വിമർശനത്തിന് വിധേയമായില്ലെന്നത് മറ്റൊരു കൗതുകം. സിപിഎമ്മിന്റെ സൈബർ പോരാളികളുടെയും പ്രിയപ്പെട്ട നേതാവാണ് ജയരാജൻ. അദ്ദേഹത്തെ പ്രശംസിച്ചുകൊണ്ടുള്ള നിരവധി ഫെയ്‌സ്ബുക്ക് പേജുകൾ നിലവിലുണ്ടായിരുന്നു.
1972-ലാണ് ജയരാജൻ സിപിഎം അംഗമാകുന്നത്. പത്തുകൊല്ലം കൂത്തുപറമ്പ് ഏരിയാ സെക്രട്ടറിയായിരുന്നു. പിന്നീട് കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിലെത്തി. 1998-ൽ സംസ്ഥാന സമിതി അംഗവുമായി. 2010 ഡിസംബറിലാണ് കണ്ണൂർ ജില്ലാ സെക്രട്ടറിയായത്. 2019-വരെ സ്ഥാനത്ത് തുടർന്നു. 2001-ൽ കൂത്തുപറമ്പ് മണ്ഡലത്തിൽനിന്ന് നിയമസഭയിലെത്തി. എന്നാൽ ഈ തിരഞ്ഞെടുപ്പ് സുപ്രീം കോടതി റദ്ദാക്കിയതോടെ 2005-ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വീണ്ടും ജനവിധി തേടുകയും മത്സരിച്ച് ജയിക്കുകയും ചെയ്തു. 2006-ലും ഇതേ മണ്ഡലത്തിൽനിന്ന് ജയിച്ചു. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽനിന്ന് മത്സരിച്ചെങ്കിലും തോറ്റു, കോൺഗ്രസിന്റെ കെ. മുരളീധരനോടായിരുന്നു പരാജയപ്പെട്ടത്.
Content Highlights: P. Jayarajan, a senior communist leader from Kannur, has been inducted into the CPM state secretariat after being previously overlooked due to age restrictions, marking a significant comeback in the party's leadership structure.