അമിതകൂലി നല്‍കിയില്ല; വ്യാപാര സ്ഥാപനത്തിലെ തൊഴിലാളികള്‍ക്ക് ഐഎന്‍ടിയുസിയുടെ മര്‍ദനം

സംഭവത്തിന്റെ സിസിടിവി ദൃശ്യത്തില്‍ നിന്ന്
സംഭവത്തിന്റെ സിസിടിവി ദൃശ്യത്തില്‍ നിന്ന്

അടിമാലി: ഇടുക്കി അടിമാലിയില്‍ അമിതകൂലി നല്‍കാത്തതിന് വ്യാപാരസ്ഥാപനത്തിലെ തൊഴിലാളികള്‍ക്ക് മര്‍ദനം. ജോയി എന്റര്‍പ്രൈസസ് എന്ന വ്യാപാര സ്ഥാപനത്തിലെ തൊഴിലാളികള്‍ക്കാണ് ഐ.എന്‍.ടി.യു.സി. യൂണിയനിലെ ചുമട്ടു തൊഴിലാളികളുടെ മര്‍ദനമേറ്റത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.

സ്ഥാപനത്തിന്റെ നിര്‍മാണ ആവശ്യങ്ങള്‍ക്കായി എത്തിച്ച ഗ്ലാസുകള്‍ ഇറക്കുന്നതിനേച്ചൊല്ലിയായിരുന്നു തര്‍ക്കം. ഗ്ലാസ് ഇറക്കുന്നതിനായി ഐ.എന്‍.ടി.യു.സി യൂണിയനില്‍പ്പെട്ട തൊഴിലാളികള്‍ എത്തിയിരുന്നു. ഇവര്‍ അമിതകൂലി ആവശ്യപ്പെട്ടുവെന്നാണ് പരാതി. അഞ്ച് ഗ്ലാസുകള്‍ ഇറക്കാന്‍ 5,000 രൂപയാണ് തൊഴിലാളികള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് നല്‍കാന്‍ കഴിയില്ലെന്നും പരമാവധി 1,500 രൂപയേ നല്‍കാന്‍ സാധിക്കൂ എന്നും വ്യാപാരി അറിയിച്ചു. 

ചുമട്ട് തൊഴിലാളികള്‍ ഇതിന് വഴങ്ങാന്‍ തയ്യാറായില്ല. തുടര്‍ന്ന് തൊഴിലാളികള്‍ മടങ്ങിയതോടെ വ്യാപാരി സ്വന്തം തൊഴിലാളികളെ ഉപയോഗിച്ച് ഗ്ലാസുകള്‍ ഇറക്കുകയായിരുന്നു. രണ്ട് ഗ്ലാസ് ഇറക്കിയതോടെ ഐ.എന്‍.ടി.യു.സി തൊഴിലാളികള്‍ മടങ്ങിയെത്തുകയും ഇതര സംസസ്ഥാനക്കാരായ തൊഴിലാളികളെ മര്‍ദിക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച വ്യാപാരിയുടെ ഭാര്യ ഉള്‍പ്പെടെയുള്ള സ്ത്രീകളെ ഇവര്‍ അസഭ്യം പറഞ്ഞതായും പരാതിയുണ്ട്. 

തുടര്‍ന്ന് വ്യാപാരി പോലീസില്‍ പരാതി നല്‍കി. ആറ് പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവരെ അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. ഇവര്‍ക്കെതിരേ നിസാര വകുപ്പുകളാണ് ചുമത്തിയിരുക്കുന്നതെന്നാണ് ആരോപണം.
 

Content Highlights: Other state employees of business firms are beaten up by INTUC workers for not paying excessive wage