വൈദികൻ അതിക്രമത്തിനു മുതിരരുത്; മാനന്തവാടി രൂപതയുടെ ഉത്തരവ് വിവാദത്തിൽ

ആലപ്പുഴ: മാനന്തവാടി രൂപതയിലെ വൈദികർക്കു നൽകിയ സ്ഥലംമാറ്റ ഉത്തരവിലെ (പത്തേന്തി) പരാമർശം വിവാദത്തിൽ. സ്ത്രീകൾക്കും പ്രായപൂർത്തിയാകാത്തവർക്കും ദുർബലർക്കുമെതിരേ ഒരുതരത്തിലുള്ള അതിക്രമവും വൈദികന്റെ ഭാഗത്തുനിന്നോ ഇടവക ജനത്തിന്റെ, പ്രത്യേകിച്ച് ഇടവക ശുശ്രൂഷകരുടെ ഭാഗത്തുനിന്നോ ഉണ്ടാകുന്നില്ലെന്ന് വൈദികൻ ഉറപ്പാക്കണമെന്നുള്ള നിർദേശമാണ് വിവാദമായത്.
വൈദികരെ പ്രതിനിധാനംചെയ്ത് ഒരാൾ, ഉത്തരവിറക്കിയ മെത്രാൻ ജോസ് പൊരുന്നേടത്തിനു അതൃപ്തിയറിയിച്ച് കത്തുനൽകിയിരുന്നു. അതിൽ പറയുന്ന ചില ആരോപണങ്ങൾ ഇവയാണ്: വൈദികൻ സ്വയം സൂക്ഷിക്കണമെന്നു പറയുന്നത് ശരിതന്നെ. പക്ഷേ, പള്ളിക്കു വെളിയിൽ ഇടവകക്കാരോ ജീവനക്കാരോ ലൈംഗികാതിക്രമം നടത്തില്ലെന്ന് വൈദികന് എങ്ങനെ ഉറപ്പിക്കാനാകും? അതു പോലീസിന്റെ ചുമതലയാണ്.
വൈദികന്റെ ഭാഗത്തുനിന്ന് അതിക്രമം ഉണ്ടാകരുതെന്നു പറയുമ്പോൾ വിശ്വാസികൾ അദ്ദേഹത്തിന്റെ സദാചാരത്തെക്കുറിച്ച് തെറ്റായ നിഗമനത്തിലെത്തും. മെത്രാൻ വൈദികനെ കാണുന്നത് എങ്ങനെയാണെന്ന സംശയവുമുയരും. ഈ ഉത്തരവ് പള്ളിയിൽ വായിക്കുന്ന വൈദികന്റെ ആത്മാഭിമാനത്തിനു മുറിവേൽക്കുമെന്നും ഒരുവിഭാഗം പറയുന്നു.
89 വൈദികർക്കാണ് സ്ഥലംമാറ്റം നൽകിയത്. ചിലരൊക്കെ വിവാദ ഭാഗം വിട്ടുകളഞ്ഞാണ് പള്ളികളിൽ വായിച്ചത്.
തുടർവർഷങ്ങളിൽ ഇതു മാതൃകയാകും
റോമും സി.ബി.സി.ഐ.യും സിനഡും പുറപ്പെടുവിച്ചിട്ടുള്ള പൊതുനിർദേശങ്ങൾ ഉൾക്കൊണ്ടാണ് ഉത്തരവ് തയ്യാറാക്കിയതെന്ന് രൂപതാ പി.ആർ.ഒ. ഫാ. ജോസ് കൊച്ചറയ്ക്കൽ പറഞ്ഞു. ആദ്യമായതിനാലാണ് എതിർപ്പുയരുന്നത്. വരുംവർഷങ്ങളിൽ മറ്റു രൂപതകളും ഇതു മാതൃകയാക്കും. ഇത്തരം നിയമങ്ങൾ പഠിപ്പിക്കുന്ന കോഴ്‌സ് പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നേടിയാലേ വിദേശരാജ്യങ്ങളിൽ ഇടവകകളിൽ പ്രാക്ടീസ് ചെയ്യാനാകൂ. ഇവിടെ രൂപത മാതൃക കാണിക്കുകയാണു ചെയ്തത് -അദ്ദേഹം പറഞ്ഞു.
Content Highlight: Order of the Diocese of Mananthavady
Content Highlights: