തോട്ടം തൊഴിലാളിയില്‍ നിന്ന് മന്ത്രിസ്ഥാനത്തേക്ക്; മാനന്തവാടിയുടെ കേളുവേട്ടന് മന്ത്രിയാകുമ്പോള്‍

സൗമ്യന്‍. രാഷ്ട്രീയത്തിനതീതമായി ആര്‍ക്കും എപ്പോഴും സ്വീകാര്യന്‍. ബഹളങ്ങളില്ലാതെ മണ്ഡലവികസനം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനം. ഏറ്റവും താഴേക്കിടയില്‍ നിന്ന് ഘട്ടം ഘട്ടമായി വളര്‍ന്ന രാഷ്ട്രീയ പാരമ്പര്യം. ഒ.ആര് കേളുവെന്ന ജനപ്രതിനിധിയെ വയനാട്ടിലെ പിന്നാക്ക മണ്ഡലങ്ങളിലൊന്നായ മാനന്തവാടി ചേര്ത്തിപിടിച്ചത് ഇതൊക്കെ കൊണ്ടാണ്. ഇപ്പോള്‍ വയനാട് ജില്ലയുടെ ചരിത്രത്തിലെ ആദ്യത്തെ സി.പി.എം മന്ത്രിയായി ഒ.ആര് കേളു മാറുമ്പോള്‍ ജില്ലയുടെയും പ്രതീക്ഷകള്‍ കുന്നോളമാണ്.
മന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് പി.കെ ജയലക്ഷ്മിയെ അട്ടിമറിച്ച് നിയമസഭയിലെത്തിയ കേളു എം.എല്‍.എ പദവിയില്‍ ഇത് രണ്ടാം തവണയാണ്. മാനന്തവാടി പട്ടികജാതി സംവരണസീറ്റില്‍ സി.പി.എം സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുമ്പോള്‍ പതിറ്റാണ്ടുകള്‍ നീണ്ട പൊതുപ്രവര്‍ത്തന പാരമ്പര്യമായിരുന്നു അദ്ദേഹത്തിന് കരുത്തായത്. മൂന്ന് തവണ തിരുനെല്ലി പഞ്ചായത്തിലേക്ക് വിജയിച്ച അദ്ദേഹം പത്ത് വര്‍ഷത്തോളം പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ഒരു തവണ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലേക്കും വിജയിച്ചു.
1970ല്‍ ഓലഞ്ചേരി പുത്തന്‍മിറ്റം രാമന്-അമ്മു ദമ്പതികളുടെ മകനായി കാട്ടിക്കുളം മുള്ളന്‍കൊല്ലിയിലാണ് ഒ.ആര്. കേളുവിന്റെ ജനനം. ദരിദ്ര പശ്ചാത്തലത്തില്‍ ജനിച്ചുവളര്‍ന്ന അദ്ദേഹത്തിന്റെ വിദ്യാഭ്യാസം കാട്ടിക്കുളം ഗവണ്മെന്റ് ഹൈസ്കൂളിലായിരുന്നു. പഠനകാലത്ത് അവധി ദിവസങ്ങളില്‍ മാനന്തവാടി പഴശ്ശി പാര്‍ക്കിലെ നിര്‍മ്മാണ തൊഴിലാളിയായി ജോലി ചെയ്തു. 1985 മുതല്‍ പനവല്ലിയിലെ സ്വകാര്യ തോട്ടങ്ങളില്‍ കൂലിപ്പണിക്കാരനായി. പയ്യമ്പള്ളി മൊടാംമറ്റം എസ്റ്റേറ്റിലും മരക്കൂപ്പിലും മാനന്തവാടി പഴശ്ശി പാര്‍ക്കിലും കൂലിതൊഴിലാളിയായി പണിയെടുത്തു. പിന്നീട് കുടകിലെ തോട്ടങ്ങളിലും കൂലിപ്പണി ചെയ്ത് ഉപജീവനമാര്‍ഗം കണ്ടെത്തി. 1999 മുതല്‍ തൃശിലേരി പവര്‍ലൂമില്‍ ദിവസവേതനക്കാരനുമായിരുന്നു. ഇപ്പോഴും വാഴയും കപ്പയും നെല്ലും വിളയിക്കുന്ന പശുവിനെയും കോഴിയേയും വളര്‍ത്തുന്ന കര്‍ഷകനാണ്. ഭാര്യ ശാന്ത വീട്ടമ്മയാണ്. മക്കളായ മിഥുന ബേഗൂര്‍ റേഞ്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസറും ഭാവന വിദ്യാര്‍ഥിനിയുമാണ്.
1998ല്‍ നായനാര്‍ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ ജനകീയാസൂത്രണം നടപ്പിലാക്കിയപ്പോള്‍ അയല്‍ക്കൂട്ടം കണ്‍വീനറായാണ് കേളു പൊതുരംഗത്തേക്ക് എത്തുന്നത്. 2000ല്‍ തിരുനെല്ലി ഗ്രാമപഞ്ചായത്ത് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടു. 2005ലാണ് പഞ്ചായത്ത് പ്രസിഡന്റാവുന്നത്. 2010ല്‍ വീണ്ടും പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലയളവില്‍ ആദിവാസി വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും പഠന നിലവാരം ഉയര്‍ത്തുന്നതിനും ആരംഭിച്ച പഠനവീട് എന്ന പദ്ധതി ഏറെ പ്രശംസ പിടിച്ചുപറ്റി. 2015ല്‍ തിരുനെല്ലി ബ്ലോക്ക് ഡിവിഷനില്‍ നിന്ന് വലിയ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു.
വയനാട്ടിലെ സി.പി.എമ്മിന്റെ ചെങ്കോട്ടയായി തിരുനെല്ലിയെ മാറ്റുന്നതില്‍ കേളു എന്ന നേതാവിന്റെ പങ്ക് വലുതാണ്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മന്ത്രിയായിരുന്ന പി.കെ. ജയലക്ഷ്മിയെ തോല്പിച്ച് മാനന്തവാടി നിയോജക മണ്ഡലം എം.എല്‍.എയായി. സി.പി.എം വയനാട് ജില്ല കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചു വരവേയാണ് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാനന്തവാടിയില്‍നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. ബത്തേരിയും കല്‍പ്പറ്റയും കൈവിട്ടപ്പോഴും മാനന്തവാടിയില്‍ സി.പി.എമ്മിന് ജയിക്കാനായാത് കേളു എന്ന ജനപ്രതിനിധിയുടെ ജനകീയതകൊണ്ട് മാത്രമാണ്.
ആദ്യ തിരഞ്ഞെടുപ്പില്‍ 1307 വോട്ടിനാണ് ജയലക്ഷ്മിയെ തോല്പിച്ചതെങ്കില് രണ്ടാമത് ജലയക്ഷ്മിയുമായുള്ള മത്സരത്തില്‍ ഒ.ആര്. കേളുവിന്റെ ഭൂരിപക്ഷം 9282 ആയി ഉയര്‍ന്നു. മാനന്തവാടി മണ്ഡലത്തിലുടനീളം നടപ്പാക്കിയ വികസനപദ്ധതികള്‍ തന്നെയാണ് ജനപ്രതിനിധിയെന്ന നിലയില്‍ ഒ.ആര്.. കേളുവിന്റെ ശക്തി. 2021ല്‍ തിരഞ്ഞെടുപ്പില്‍ ഓരോ കവലയിലും നടപ്പാക്കിയ വികസന പദ്ധതികള്‍ ഉയര്‍ത്തിയായിരുന്നു പ്രചാരണം. വിദ്യാഭ്യാസ മുന്നേറ്റം ലക്ഷ്യമാക്കി 'ഉജ്ജ്വലം' സമഗ്ര വിദ്യാഭ്യാസ പരിപാടി നടപ്പാക്കി. പട്ടികവര്‍ഗ വഭാഗങ്ങള്‍ കൂടുതലായും തിങ്ങിപ്പാര്‍ക്കുന്ന തിരുനെല്ലി മേഖലയില്‍ സമഗ്രശിക്ഷാ കേരള നടപ്പാക്കിയ സേവാസ് പദ്ധതിയും ഏറെ വിജയം കണ്ടു. ജില്ലയിലെ ഏക 'സേവാസ്' ഗ്രാമപ്പഞ്ചായത്തായി തിരഞ്ഞെടുത്തത് തിരുനെല്ലിയെയാണ്.
പാര്‍ട്ടിയുടെ ആദിവാസി വിഭാഗം പോഷക സംഘടനയായ ആദിവാസി ക്ഷേമ സമിതിയുടെ സംസ്ഥാന പ്രസിഡന്റായ കേളു നിലവില്‍ സി.പി.എം സംസ്ഥാന സമിതി അംഗം കൂടിയാണ്. പട്ടികജാതി-പട്ടികവര്‍ഗ പിന്നാക്ക ക്ഷേമം സംബന്ധിച്ച നിയമസഭ സമിതിയുടെ ചെയര്‍മാനും കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂനിവേഴ്സിറ്റിയുടെ ബോര്‍ഡ് ഓഫ് മാനേജ്മെന്റ് അംഗവുമാണ്.
മാനന്തവാടിക്കാരുടെ കേളുവേട്ടന് മന്ത്രിയാകുമ്പോള്‍ ജീവല്‍പ്രശ്നങ്ങളുടെ ദുരിതക്കയത്തിലാണ് വയനാട് ജില്ലയുള്ളത്. ചുരം കയറിയിറങ്ങി അയല്‍നാടുകളില്‍ അഭയം തേടിയാണ് ഇന്നുമീ നാട് അവരുടെ പ്രതിസന്ധികള്‍ക്ക് പ്രതിവിധി തേടുന്നത്. വന്യമൃഗങ്ങളുമായുള്ള സംഘര്‍ഷവും കാര്‍ഷിക പ്രതിസന്ധികളും വികസനരാഹിത്യവും പറഞ്ഞുമടുത്ത പരാതികളാണ് വയനാടിന്. ജീവിതം അല്ലെങ്കില്‍ മരണം എന്ന രീതിയില്‍ കഴുത്തിന് മുകളിലുള്ള വാളായി നില്ക്കുന്ന വന്യജീവി സംഘര്‍ഷങ്ങള്‍, എന്നും കുരുക്കിലകപ്പെട്ടുകിടക്കുന്ന ചുരത്തിനൊരു ബദല്‍പ്പാത, അടിയന്തര ചികിത്സാ സൗകര്യങ്ങള്‍, കാര്‍ഷികമേഖലയിലെ പ്രശ്നങ്ങള്‍ക്ക് ശാശ്വതപരിഹാരം അങ്ങനെ വയനാട്ടിലെ പുതിയ മന്ത്രി പരിഗണിക്കേണ്ട വിഷയങ്ങള്‍ നിരവധിയാണ്.
Content Highlights: or kelu mananthavadi mla to be minister