സമുദ്രപഠനത്തിന് ലോകത്തുനിന്ന് ആകെ പത്തുപേർ, ഇന്ത്യയിൽനിന്ന് ഒരേയൊരു ഹൃദ്യ

പട്ടാമ്പി : സമുദ്രവിജ്ഞാനീയത്തിൽ ജർമനിയിൽ നടക്കുന്ന പഠനപരിപാടിയിൽ പങ്കെടുക്കാൻ പട്ടാമ്പിക്കാരിക്ക് അവസരം. ആഗോളതലത്തിൽ തിരഞ്ഞെടുക്കപ്പെട്ട പത്തുപേരിൽ ഒരാളാണ് പട്ടാമ്പി ആമയൂരിലെ കെ. ഹൃദ്യ. ഇന്ത്യയിൽനിന്നുള്ള ഒരേയൊരാളും.
ജപ്പാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന നിപ്പോൺ ഫൗണ്ടേഷന്റെ പോഗോ സെന്റർ ഓഫ് എക്സലൻസ് നടത്തുന്ന 2022-ലെ സമുദ്രവിജ്ഞാനപഠന-ഗവേഷണ പ്രോഗ്രാമിലേക്കാണ് ആമയൂർ കോലാത്തൊടി കൃഷ്ണകുമാർ-ജോളി ദമ്പതിമാരുടെ മകൾ ഹൃദ്യയ്ക്ക് അവസരം ലഭിച്ചത്.
ഹൃദ്യയ്ക്ക് സമുദ്രവിജ്ഞാനഗവേഷണരംഗത്തെ വിവിധ തലങ്ങളിൽ പരിശീലനം പൂർത്തിയാക്കാൻ പത്തു മാസത്തെ പ്രോഗ്രാമിലൂടെ കഴിയും. ഇതുമായി ബന്ധപ്പെട്ട് വിവിധ പ്രോജക്ടുകളുടെ ഭാഗമാകാനും അവസരം ലഭിക്കും. വിവിധ രാജ്യങ്ങളിൽനിന്ന് ലഭിക്കുന്ന അപേക്ഷകളിൽനിന്ന് അഭിമുഖം വഴിയാണ് ഹൃദ്യയെ തിരഞ്ഞെടുത്തത്. കൊച്ചിയിലെ കുഫോസിൽനിന്ന് മറൈൻ കെമിസ്ട്രിയിൽ മൂന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയതാണ് ഹൃദ്യ.
യാത്രാടിക്കറ്റ് അടക്കം എല്ലാ ചെലവുകളും ഉൾപ്പെടുന്ന സ്കോളർഷിപ്പോടെയാണ് ഹൃദ്യ പ്രോഗ്രാമിൽ ചേരുന്നത്. 2022 ഫെബ്രുവരി പകുതിക്കുശേഷം ജർമനിയിലേക്ക് തിരിക്കും.
Content Highlights: