പിറന്നുവീഴുംമുമ്പേ മരിച്ചെന്ന് വിധിയെഴുതി ഡോക്ടർമാർ; നഴ്സിന്റെ ജാഗ്രതയിൽ കുരുന്നിന് പുനർജന്മം

ഇരവിപേരൂര്‍: പിറന്നുവീഴുംമുമ്പേ മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ പിഞ്ചുശരീരത്തില്‍ ജീവന്റെ തുടിപ്പ് തിരിച്ചറിഞ്ഞ് രക്ഷിച്ച നഴ്‌സ് തോട്ടപ്പുഴ തൈപ്പറമ്പില്‍ കെ.എം. ഗീതയ്ക്ക് ജന്മനാടിന്റെ ആദരം. മലപ്പുറം തിരൂര്‍ തലക്കടത്തൂര്‍ സ്വകാര്യ ആശുപത്രിയിലാണ്, പിറന്നുവീണപ്പോള്‍ മരിച്ചെന്നുറപ്പിച്ച കുഞ്ഞിന് പുനര്‍ജന്മം കിട്ടിയത്. സെപ്റ്റംബര്‍ അഞ്ചിനാണ് സംഭവം. നേരത്തെ നടത്തിയ പരിശോധനയ്ക്കുശേഷം, കുഞ്ഞിന് ജീവനില്ലെന്ന സങ്കടവാര്‍ത്ത കുടുംബത്തെ ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.
പ്രസവതീയതി ആകുന്നതിന് മുന്നേ രക്തസ്രാവം ഉണ്ടായി. വിദഗ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ സാധാരണ പ്രസവം സാധ്യമാക്കി. കഴുത്തില്‍ പൊക്കിള്‍കൊടി ചുറ്റിയനിലയിലായിരുന്നു കുഞ്ഞ്. ജീവനില്ലെന്ന് നേരത്തെ ഡോക്ടര്‍ അറിയിച്ചിരുന്നതിനാല്‍ കുഞ്ഞിനെ പൊതിഞ്ഞുനല്‍കുന്നതിനായി ഗീതയ്ക്ക് കൈമാറി. ഇതിനിടയില്‍ കുഞ്ഞിന്റെ പൊക്കിള്‍ക്കൊടിയില്‍ ജീവന്റെ തുടിപ്പ് അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഗീത സിപിആര്‍ നല്‍കി. പലവിധ ശ്രമങ്ങള്‍ക്കൊടുവില്‍ കുഞ്ഞ് ശ്വാസമെടുത്തു. ഒന്നരമണിക്കൂറോളം തുടര്‍ന്ന ശ്രമങ്ങള്‍ക്ക് ഒടുവില്‍ കുഞ്ഞ് സാധാരണ നിലയിലായി. ഗീത ശ്രദ്ധിച്ചില്ലായിരുന്നെങ്കില്‍ കുരുന്നിന് ജീവന്‍ കൈവിട്ടുപോകുമായിരുന്നു. തോമസ് ജോണ്‍ ആണ് ഗീതയുടെ ഭര്‍ത്താവ്.
Content Highlights: A nurse in Kerala, India, saved a newborn baby declared dead by doctors after noticing a pulse