ഉഡുപ്പിയില്‍ വൈദ്യുതി നിലച്ചപ്പോള്‍ ഇരുട്ടിലായത് വടക്കന്‍ കേരളം; ലോഡ് ഷെഡ്ഡിങ്

കണ്ണൂര്‍: ഉഡുപ്പിയില്‍ വൈദ്യുതി നിലച്ചപ്പോള്‍ ഇരുട്ടിലായത് വടക്കന്‍ കേരളം. ഉഡുപ്പി ജനറേറ്റിങ് സ്റ്റേഷനിലെ ഒരു ട്രാന്‍സ്ഫോര്‍മര്‍ തകരാറിലായതിനെ തുടര്‍ന്നാണ് മഞ്ചേശ്വരം, കുബനൂര്‍, വിദ്യാനനഗര്‍, മുള്ളേരിയ ഉള്‍പ്പെടെ എട്ട് സബ് സ്റ്റേഷനുകളില്‍ രാത്രി വൈദ്യുതി മുടങ്ങിയത്. പകരം വൈദ്യുതി എത്തിക്കാന്‍ കേരളത്തിന്റെ ലൈന്‍ ശേഷികുറവായതിനാല്‍ ഏഴാംതീയതി മുതല്‍ അപ്രതീക്ഷിത ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തി. ഇത് 16 വരെ തുടരും.
കര്‍ണാടക പവര്‍ ട്രാന്‍സ്മിഷന്‍ കോര്‍പ്പറേഷന്‍ (കെ.പി.ടി.സി.എല്‍.) ഈ ദിവസങ്ങളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് പ്രതിസന്ധിക്ക് കാരണം. കൊനാജെ-മഞ്ചേശ്വരം ലൈനിലൂടെ ഇപ്പോള്‍ ലഭിക്കുന്നത് 15 മെഗാവാട്ട് മാത്രം. 40 മെഗാവാട്ടാണ് നേരത്തെ ലഭിച്ചിരുന്നത്. കുബനൂര്‍, മഞ്ചേശ്വരം 110 കെ.വി. സബ് സ്റ്റേഷനുകളിലേക്ക് വൈദ്യുതി എത്തുന്നത് കര്‍ണാടക കൊനാജെ സബ്സ്റ്റേഷനില്‍നിന്നാണ്. ഇതോടെ വൈദ്യുതി വകുപ്പ് കടുത്ത ലോഡ് ഷെഡ്ഡിങ്ങിന് നിര്‍ബന്ധിതരായി.
കാഞ്ഞിരോട് 220 കെ.വി. സബ്സ്റ്റേഷനില്‍നിന്ന് മൈലാട്ടി വഴി വൈദ്യുതി എത്തിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പ്രസരണ ലൈനിന് ലോഡ് താങ്ങാന്‍ ശേഷിയില്ല. ഇതിന് പരിഹാരമായ മൈലാട്ടി-വിദ്യാനഗര്‍ 12 കിലോമീറ്റര്‍ മള്‍ട്ടി ടവര്‍ മള്‍ട്ടി വോള്‍ട്ടേജ് പദ്ധതി ഇഴയുകയാണ്. 2019-ല്‍ തുടങ്ങിയ പ്രവൃത്തി ആകെ മൂന്ന് കിലോമീറ്റര്‍വരെ മാത്രമെ പൂര്‍ത്തിയായുള്ളൂ. ടെന്‍ഡര്‍ തുകയുമായി ബന്ധപ്പെട്ടുള്ള കരാറുകാരുടെ പ്രശ്‌നമാണ് പ്രധാന തടസ്സം.
രണ്ട് വന്‍ പദ്ധതികള്‍ ഇഴയുന്നു
ഉത്തരമലബാറിലേക്ക് നിലവില്‍ വൈദ്യുതി എത്തുന്നത് അരീക്കോട്-കാഞ്ഞിരോട്-മൈലാട്ടി 220 കെ.വി. ലൈന്‍ ശൃംഘലവഴിയാണ്. ഇതിന് ബദല്‍ ലൈനില്ല. തകരാര്‍ വന്നാല്‍ ഉത്തരമലബാര്‍ ഇരുട്ടിലാകും. കഴിഞ്ഞയാഴ്ച അരീക്കോട്ടുനിന്ന് കാഞ്ഞിരോട്ടേക്കുള്ള ഓര്‍ക്കാട്ടേരി ഇരട്ട സര്‍ക്യൂട്ട് ലൈനില്‍ തകരാര്‍ വന്നു. കണ്ണൂര്‍-കാസര്‍കോട് ജില്ലകളില്‍ രാത്രി പലതവണയായി വൈദ്യുതി മുടങ്ങി.
ഇതിന് പരിഹാരമാണ് ഉഡുപ്പി-കരിന്തളം, കരിന്തളം-വയനാട് 400 കെ.വി. ലൈന്‍ പദ്ധതികള്‍. ഉഡുപ്പി ലൈന്‍, കരിന്തളം സബ് സ്റ്റേഷനില്‍ എത്തിയാല്‍ അവിടെനിന്ന് 400 കെ.വി. ലൈന്‍ വയനാടുവഴി മൈസൂര്‍-അരീക്കോടേക്ക് എത്തും. അരീക്കോട്, മൈസൂര്‍ ലൈനില്‍ തടസ്സംവന്നാല്‍ ഉഡുപ്പിയില്‍നിന്ന് വൈദ്യുതി എത്തിക്കാം.
കേന്ദ്ര ഊര്‍ജ്ജ വകുപ്പിന്റെ പദ്ധതിയാണിത്. എന്നാല്‍ നഷ്ടപരിഹാര പാക്കേജില്‍ ഉടക്കി രണ്ട് പദ്ധതികളും ഇപ്പോള്‍ മുടങ്ങി. ഈ ലൈന്‍ പൂര്‍ത്തിയായാല്‍ ഗ്രിഡില്‍ കേരളം മുഴുവനും വൈദ്യുതി എത്തും. കേരളത്തിന്റെ തെക്കുനിന്ന് അരീക്കോട് വരെ വൈദ്യുത ഇടനാഴി എത്തിക്കഴിഞ്ഞു.
കരിന്തളം 400 കെ.വി. സബ്സ്റ്റേഷന്‍-മാനന്തവാടി പയ്യമ്പള്ളി ലൈന്‍ ദൈര്‍ഘ്യം 125 കിലോമീറ്റര്‍ ആണ്. 400 കെ.വി. പ്രസരണ ശേഷിയുള്ള 360 ടവറുകളില്‍ 64 എണ്ണം മാത്രം പൂര്‍ത്തിയായി. 639 കോടി രൂപയാണ് ചെലവ്. കെ.എസ്.ഇ.ബി. ട്രാന്‍സ്ഗ്രിഡ് ആണ് മേല്‍നോട്ടം. എല്‍ ആന്‍ഡ് ടി കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡിനാണ് നിര്‍മാണച്ചുമതല. ഉഡുപ്പി-കരിന്തളം 400 കെ.വി. ലൈന്‍ പൂര്‍ത്തിയായാല്‍ 2000 മെഗാവാട്ട് കേരളത്തിലെത്തും. 115 കിലോമീറ്ററാണ് ദൈര്‍ഘ്യം. പദ്ധതി പാതിവഴിയിലാണ്. ഉഡുപ്പി-കാസര്‍കോട് ട്രാന്‍സ്മിഷന്‍ ലിമിറ്റഡ് കമ്പനിക്കാണ് (യു.കെ.ടി.എല്‍.) ചുമതല.
Content Highlights: Power outage hits North Kerala due to transformer failure in Udupi.