രാഹുലിനോട് രാജി ആവശ്യപ്പെട്ടിട്ടില്ല; ഇതുവരെ ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ല - ദീപാ ദാസ് മുന്‍ഷി

ദീപ ദാസ് മുന്‍ഷി മാധ്യമങ്ങളോട് പ്രതികരിക്കുന്നു
ദീപ ദാസ് മുന്‍ഷി മാധ്യമങ്ങളോട് പ്രതികരിക്കുന്നു

തൃശ്ശൂര്‍: രാഹുല്‍ മാങ്കൂട്ടത്തിലിനോട് ഹൈക്കമാന്‍ഡ് രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും യൂത്ത് കോണ്‍ഗ്രസ് സ്ഥാനം രാഹുല്‍ രാജി വെച്ചൊഴിയുകയായിരുന്നുവെന്നും എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഇതുവരെ ഒരു സ്ത്രീയില്‍ നിന്നോ ഏതെങ്കിലും കുടുംബത്തില്‍ നിന്നോ പാര്‍ട്ടി നേതൃത്വത്തിന് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും രാഹുലിനെതിരെ ഇതുവരെ പോലീസിലും പരാതി ലഭിച്ചിട്ടില്ലെന്നും ദീപാ ദാസ് മുന്‍ഷി പറഞ്ഞു. പാര്‍ട്ടിയുടെ ഭാഗത്തുനിന്നും ഇതുവരെ നേതൃത്വത്തിന് പരാതി ലഭിച്ചിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തൃശ്ശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അവര്‍. 

ദീപാ ദാസ് മുന്‍ഷിയുടെ പ്രതികരണം 

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഇതുവരെ ഒരു സ്ത്രീയില്‍ നിന്നോ ഏതെങ്കിലും കുടുംബത്തില്‍ നിന്നോ പാര്‍ട്ടി നേതൃത്വത്തിന് ഒരു പരാതിയും ലഭിച്ചിട്ടില്ല. രാഹുലിനെതിരെ ഇതുവരെ പോലീസിലും പരാതി ലഭിച്ചിട്ടില്ല. പാര്‍ട്ടിയുടെ ഭാഗത്തുനിന്നും ഇതുവരെ നേതൃത്വത്തിന് അത്തരത്തിലൊരു പരാതി ലഭിച്ചിട്ടില്ല. വിവിധ മാധ്യമങ്ങളില്‍നിന്നാണ് രാഹുലിനെതിരെ പരാതിയുയര്‍ന്നതായി അറിഞ്ഞത്. രാഹുല്‍ വളരെ വ്യക്തമായി തന്റെ ഭാഗം അറിയിച്ചുകഴിഞ്ഞു. മാത്രമല്ല യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് അദ്ദേഹം രാജിവെക്കുകയും ചെയ്തു. രാഹുലിനെതിരെയുള്ള പരാതിയില്‍ അന്വേഷണത്തിനായി പാര്‍ട്ടി ഒരു സമിതിയെ നിയോഗിച്ചതായുള്ള ഒരു മാധ്യമറിപ്പോര്‍ട്ട് കണ്ടു. രാഹുലിനെ സംബന്ധിച്ച് ഒരാളും പരാതിയുമായി പാര്‍ട്ടി നേതൃത്വത്തെ സമീപിക്കാത്ത് സ്ഥിതിയ്ക്ക് എങ്ങനെയാണ് ഏതെങ്കിലും നടപടി സ്വീകരിക്കാന്‍ സാധിക്കുക. 

ഇതൊരു നിയമയുദ്ധമല്ല, ഇത് നിയമപരമായുള്ള പരാതിയല്ല. ഇത് സദാചാരപരമായ ഒരു വിഷയമാണ്. കോണ്‍ഗ്രസ് എപ്പോഴും സന്‍മാര്‍ഗത്തിന് പ്രാധാന്യം നല്‍കാറുണ്ട്. അതുതന്നെയാണ് ഈ വിഷയത്തിലും പാര്‍ട്ടി മുഖവിലയ്‌ക്കെടുത്തത്. സ്ഥാനമൊഴിയണമെന്ന കാര്യം തീരുമാനിച്ചു അത് അദ്ദേഹം പ്രാവര്‍ത്തികമാക്കുകയും ചെയ്തു. സമാനമായ നടപടി മറ്റു രാഷ്ട്രീയകക്ഷികളും നടപ്പാക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. രാഹുലിനെ നീക്കിയതല്ല, രാഹുല്‍ രാജി വെച്ചതാണ്. കെപിസിസി പ്രസിഡന്റിനോട് ഇന്നും ഇക്കാര്യം സംസാരിച്ചിരുന്നു. ഞങ്ങള്‍ക്ക് ഒരു പരാതിയും ലഭിച്ചിട്ടില്ല, പോലീസ് സ്റ്റേഷനിലും രാഹുലിനെതിരെ ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടില്ല. 

ട്രാന്‍സ്‌ജെന്‍ഡറില്‍ നിന്ന് തനിക്ക്  രാഹുലിനെതിരെ പരാതിയും ലഭിച്ചിട്ടില്ലെന്ന് അതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ദീപാ ദാസ് മുന്‍ഷി മറുപടി നല്‍കി. ഔദ്യോഗികമായി ഒരു പരാതിയും പാര്‍ട്ടിയ്ക്ക് ലഭിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. മുകേഷ് എംഎല്‍സ്ഥാനം രാജി വെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നില്ലേ എന്ന ചോദ്യത്തിന് അദ്ദേഹം ഇപ്പോഴും പാര്‍ട്ടിയിലുണ്ടല്ലോ ഇപ്പോഴും എംഎല്‍എയാണല്ലോ എന്നായിരുന്നു അവരുടെ പ്രതികരണം. രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് എതിര്‍കക്ഷികള്‍ ആവശ്യപ്പെടുന്നുണ്ടെങ്കില്‍ ആദ്യം അവരുടെ പാര്‍ട്ടിപ്രശ്‌നങ്ങള്‍ പരിഹരിക്കട്ടെയെന്നും അതിനുശേഷം കോണ്‍ഗ്രസിന്റെ കാര്യം അന്വേഷിച്ചാല്‍ മതിയെന്നും ദീപ ദാസ് മുന്‍ഷി പറഞ്ഞു. 

Content Highlights: AICC Gen. Secy. Deepa Dasmunsi clarifies no complaint received against Rahul Mankootam