മാസ്കും തൊപ്പിയും ടീഷർട്ടും ധരിച്ച് ലോ ഫ്ലോർ ബസിൽ യാത്ര; നിഖിലിനെ പിടികൂടുന്ന ദൃശ്യം പുറത്ത്

കോട്ടയം: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ ഒളിവിലായിരുന്ന നിഖിൽ തോമസിനെ കോട്ടയത്ത് കെ.എസ്.ആർ.ടി.സി ബസിൽനിന്ന് പിടികൂടുന്ന ദൃശ്യം മാതൃഭൂമി ന്യൂസ് പുറത്തുവിട്ടു. കഴിഞ്ഞ ദിവസം രാത്രി അതിനാടകീയമായിട്ടായിരുന്നു നിഖിൽ തോമസിനെ പിടികൂടിയത്.
രാത്രി എട്ട് മണിയോടെയാണ് എം.സി. റോഡിൽ പോലീസ് പരിശോധന ആരംഭിച്ചത്. നിഖിൽ എ.സി. ലോ ഫ്ലോർ ബസിൽ തിരുവനന്തപുരം ഭാഗത്തേക്ക് യാത്രചെയ്യുന്നതായി ഡി.വൈ.എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തിരുവല്ല, അടൂർ, കോട്ടയം എന്നിവിടങ്ങളിലായിരുന്നു പരിശോധന. പരിശോധന ആറ് മണിക്കൂറോളം പിന്നിട്ടിട്ടും നിഖിലിനെ കണ്ടെത്താൻ സാധിച്ചില്ല. ഇതേത്തുടർന്ന് പരിശോധന അവസാനിപ്പിക്കാൻ ഒരുങ്ങവെയായിരുന്നു നിഖിൽ പിടിയിലാകുന്നത്. കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസിൽ നിന്നായിരുന്നു നിഖിലിനെ പിടികൂടിയത്.
ടീ ഷർട്ടും തൊപ്പിയും മാസ്കും ധരിച്ച് ബസിൽ തലതാഴ്ത്തിയിരിക്കുന്ന നിലയിലായിരുന്നു നിഖിൽ തോമസ് ബസിലുണ്ടായിരുന്നത്. തുടർന്ന് നിഖിലിനെ പിടികൂടി കായംകുളത്ത് എത്തിക്കുകയായിരുന്നു. എസ്എഫ്ഐ ഭാരവാഹികളായ നിഖിലിന്റെ സുഹൃത്തുക്കളെ പോലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തിൽ പോലീസിന് ചില വിവരങ്ങൾ ലഭിച്ചിരുന്നുവെന്നാണ് സൂചന.
Content Highlights: nikhil thomas sfi leader travel in ksrtc bus video