മണ്ണെടുപ്പ് മണ്ണിന്റെ ഘടന അനുസരിച്ചല്ല, കുത്തനെ വെട്ടി അരിയുന്നത് അശാസ്ത്രീയം; ദേശീയപാത അതോറിറ്റിക്കെതിരെ റിപ്പോർട്ട്

അടിമാലി: കൊച്ചി-ധനുഷ്കോടി ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മണ്ണിടിച്ച് നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ വിദഗ്ധസംഘം പരിശോധിച്ചു. കഴിഞ്ഞദിവസം ദേശീയപാതയോരത്തെ മലയിടിഞ്ഞ് അടിമാലി ലക്ഷംവീട് നഗറിലേക്ക് വീണ് ഒരാൾ മരിച്ച സാഹചര്യത്തിലാണ് പരിശോധന. മണ്ണിടിച്ചിലിൽ മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ഒൻപത് വീടുകൾ തകരുകയും ചെയ്തിരുന്നു. നേര്യമംഗലം മുതൽ മൂന്നാർ വരെയുള്ള ഭാഗമാണ് തിങ്കളാഴ്ച പരിശോധിച്ചത്.
പല മേഖലയിലും മണ്ണിന്റെ ഘടന വ്യത്യസ്തമാണ്. ചിലയിടത്ത് ഉറപ്പള്ള മണ്ണാണ്. മറ്റ് ചിലയിടങ്ങളിൽ അയഞ്ഞ മണ്ണാണ്. മണ്ണിന് മുകളിൽ പാറക്കല്ലുകൾ ഇരിക്കുന്ന സ്ഥലങ്ങളുണ്ട്. ഇവിടെയെല്ലാം ഒരേ രീതിയിലാണ് ദേശീയപാതാ അതോരിറ്റി നിർമാണം നടത്തുന്നതെന്ന് വിദഗ്ധസംഘം കണ്ടെത്തി. മണ്ണിന്റെ ഘടന അനുസരിച്ചുള്ള മണ്ണെടുപ്പല്ല നടക്കുന്നത്. ദേശീയപാത ആദ്യം നിർമിച്ച സമയത്ത് റോഡിന് വീതികൂട്ടാൻ മണ്ണിടിച്ചത് ചെരിച്ചായിരുന്നു. ഇപ്പോൾ യന്ത്രസഹായത്തോടെ കുത്തനെ വെട്ടി അരിയുകയാണ്. ഇത് അശാസ്ത്രീയമാണെന്നും മണ്ണിടിച്ചിലിന് കാരണമാകുമെന്നും സംഘാംഗങ്ങൾ പറയുന്നു.
ഈ വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള റിപ്പോർട്ട് അടുത്തദിവസം സംഘം ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് കൈമാറും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവും ഇനി ദേശീയപാതയിലെ മണ്ണെടുക്കൽ നടക്കുക. മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട കാരണങ്ങൾ പഠിച്ച് രണ്ടുദിവസത്തിനകം പ്രാഥമിക റിപ്പോർട്ടും നാലുദിവസത്തിനകം പൂർണറിപ്പോർട്ടും കളക്ടർക്ക് നൽകും.
കഴിഞ്ഞദിവസം മന്ത്രി റോഷി അഗസ്റ്റിനാണ് വിദഗ്ധസംഘം എത്തുന്ന വിവരം അറിയിച്ചത്. ഹസാർഡ് അനലിസ്റ്റ് രാജീവ്, ജില്ലാ ജിയോളജിസ്റ്റ് അജീബ്, സോയിൽ കൺസർവേഷൻ ഓഫീസർ ആഷ, അതിരൂപ് (ഗ്രൗണ്ട് വാട്ടർ) ലതാ മങ്കേഴ്സ് (എക്സിക്യൂട്ടീവ് എൻജിനീയർ പിഡബ്ലുഡി, എൻഎച്ച്), പ്രദീപ് (എക്സിക്യൂട്ടീവ് എൻജിനിയർ, എൻഎച്ച്എഐ) അനീഷ് എം. അലി (ഹൈഡ്രോ ജിയോളജിസ്റ്റ്, ഗ്രൗണ്ട് വാട്ടർ), ദേവികുളം തഹസിൽദാർ കെ.എം.ജയൻ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
പോലീസ് കേസെടുത്തു
മലയിയിടിഞ്ഞ് തകർന്ന വീടിനുള്ളിൽ കുടുങ്ങി, ലക്ഷംവീട് നഗറിലെ നെടുമ്പള്ളിക്കുടി വീട്ടിൽ ബിജു മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് അടിമാലി പോലീസ് കേസെടുത്തു. പ്രകൃതിദുരന്തം കാരണമുണ്ടാകുന്ന മരണം എന്നരീതിയിലാണ് കേസ്.
Content Highlights: Expert report slams National Highways Authority for unscientific soil excavation on Kochi-Dhanushkodi highway, citing flawed methods leading to deadly landslides and property damage.