ഗോപന്‍സ്വാമിയുടെ സംസ്‌കാര ചടങ്ങുകള്‍ വീണ്ടും നടത്തി; നേതൃത്വം നല്‍കിയത് സന്യാസിമാര്‍

നെയ്യാറ്റിന്‍കര: തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ ഗോപന്‍സ്വാമിയുടെ സംസ്‌കാര ചടങ്ങുകള്‍ ആചാരപ്രകാരം വീണ്ടും നടത്തി. ചെങ്കല്‍ മഠാധിപതി മഹേശ്വരാനന്ദ സരസ്വതിയുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം വെള്ളിയാഴ്ച വൈകുന്നേരം മൂന്നുമണിയോടെ വീട്ടുവളപ്പില്‍ എത്തിച്ചു. നാമജപ ഘോഷയാത്രയോടെയാണ് മൃതദേഹം ഇവിടേക്ക് കൊണ്ടുവന്നത്. തുടര്‍ന്നായിരുന്നു ചടങ്ങുകള്‍.
കൂടുതല്‍ വിപുലമായ ക്രമീകരണങ്ങളോടെ ആയിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്. തമിഴ്‌നാട്ടില്‍ നിന്ന് എത്തിയ സന്യാസിമാരുടെ സംഘമാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. വി.എസ്.ഡി.പി., വിശ്വഹിന്ദു പരിക്ഷത് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് ആശുപത്രിയില്‍ നിന്ന് മൃതദേഹം ഏറ്റുവാങ്ങിയതും വീട്ടിലെ മറ്റു ചടങ്ങുകള്‍ നടന്നതും.
ഗോപൻസ്വാമിയുടെ പോസ്റ്റുമോര്‍ട്ടത്തില്‍ കാര്യമായ പരിക്കുകളോ ദേഹത്ത് ക്ഷതങ്ങളോ കണ്ടെത്തിയിട്ടില്ല. ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചതിന്റെ റിപ്പോര്‍ട്ട് അടുത്ത ദിവസങ്ങളില്‍ പുറത്തുവരും. ഈ റിപ്പോര്‍ട്ട് ലഭിച്ച ശേഷം സംഭവത്തില്‍ തുടര്‍നടപടികളുമായി മുന്നോട്ട് നീങ്ങാനാണ് നെയ്യാറ്റിന്‍കര പോലീസിന്റെ തീരുമാനം. കേവലം ഒരു പരാതിക്കപ്പുറത്തേക്ക് കേസ് കൊണ്ടുപോകണമെങ്കില്‍ ശാസ്ത്രീയമായ തെളിവുകള്‍ ആവശ്യമാണ്.
ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം ലഭിച്ചതിന് ശേഷം മാത്രമേ ഇത് സാധ്യമാവുകയുള്ളൂ. മരണം സംഭവിച്ചത് എങ്ങനെയാണ് എന്നത് സംബന്ധിച്ച കൃത്യമായ സ്ഥിരീകരണത്തിലേക്ക് എത്താനും ഈ പരിശോധനയിലൂടെ മാത്രമേ സാധിക്കൂ. നിലവില്‍ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട് എന്നതുകൊണ്ടുതന്നെ മക്കളേയും മറ്റ് കുടുംബാംഗങ്ങളേയും വീണ്ടും ചോദ്യം ചെയ്‌തേക്കും.
Content Highlights: neyyattinkara gopan swami body burried