എം.വി ഗോവിന്ദനും സി.പി.എമ്മും കേരളത്തിന്റെ പൊതുബോധ്യത്തെ വെല്ലുവിളിക്കുന്നു - പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നിലപാട് സര്‍ക്കാരും പാര്‍ട്ടിയും വേട്ടക്കാര്‍ക്കൊപ്പമാണെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. പി.പി ദിവ്യ രഹസ്യങ്ങള്‍ വെളിപ്പെടുത്തുമോയെന്ന ഭയവും വെപ്രാളവുമാണ് എം.വി ഗോവിന്ദനെന്നും അതുകൊണ്ടാണ് നവീന്‍ ബാബുവിന്റെ വീട്ടിലെത്തി കുടുംബത്തിനൊപ്പമാണെന്ന് പറഞ്ഞതിനു പിന്നാലെ ജയിലില്‍ നിന്നും ഇറങ്ങിയ പി.പി ദിവ്യയെ സ്വീകരിക്കാന്‍ എം.വി ഗോവിന്ദന് സ്വന്തം ഭാര്യയെ അയച്ചതെന്നും എന്തൊരു കാപട്യമാണിതെന്നും വി.ഡി സതീശന് ആരോപിച്ചു. സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കുമ്പോഴും സി.പി.എം നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്ന് ഇപ്പോഴും ആവര്‍ത്തിക്കുന്ന എം.വി ഗോവിന്ദനും സി.പി.എമ്മും കേരളത്തിന്റെ പൊതുബോധ്യത്തെയാണ് വെല്ലുവിളിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
''പ്രത്യേക അന്വേഷണ സംഘത്തില്‍ വിശ്വാസമില്ല.നവീന്‍ ബാബുവിനെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാകാമെന്ന സംശയവുമാണ് അദ്ദേഹത്തിന്റെ ഭാര്യ ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്. കുടുംബാംഗങ്ങള്‍ എത്തുന്നതിന് മുന്‍പ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയതും ദുരൂഹമാണ്. നവീന്‍ ബാബു അഴിമതിക്കാരനാണെന്നു വരുത്തിത്തീര്‍ത്ത് കുറ്റക്കാരെ രക്ഷിക്കാനാണ് പ്രത്യേക അന്വേഷണ സംഘവും ശ്രമിക്കുന്നത്. ഈ സാഹചര്യത്തില്‍ സത്യം പുറത്തുകൊണ്ടുവരാന്‍ സി.ബി.ഐ അന്വേഷണം നടത്തിയേ മതിയാകൂ.''-വി.ഡി സതീശന് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
നവീന്‍ ബാബു അഴിമതിക്കാരനാണെന്നു വരുത്തിത്തീര്‍ക്കാന്‍ വ്യാജരേഖ ഉണ്ടാക്കിയതു സംബന്ധിച്ച് അന്വേഷിക്കാത്തതില്‍ രാഷ്ട്രീയ ഇടപെടലുണ്ട്. പ്രശാന്തനെ സി.പി.എം സംരക്ഷിക്കുന്നത് ബിനാമി കഥകള്‍ പുറത്തു വരാതിരിക്കാനാണ്. പ്രശാന്തന് ആരുടെ ബിനാമിയാണെന്നതു പുറത്തുവന്നാല്‍ മുഖംമൂടികള്‍ അഴിഞ്ഞു വീഴും. അതുകൊണ്ടാണ് സി.പി.എം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കുന്നത്- പ്രതിപക്ഷ നേതാവ് വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.
Content Highlights: naveen babu suicide vd satheesan alleges mv govindan and cpm challenges kerela public sense